വിഷാദം നടത്തത്തെ ബാധിക്കുമ്പോൾ!

അമിതമായ വിഷാദവും ആശങ്കയും നിറഞ്ഞ മനസ്സാണോ നിങ്ങളുടേത്? എങ്കിൽ നിങ്ങളുടെ നടത്തത്തിന് കാലക്രമേണ ഇടതുവശത്തേക്ക് ഒരു ചെറിയ ചായ്‍വുണ്ടാകുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. അമിതമായ ഉൽക്കണ്ഠയും ആശങ്കയുമുള്ളവരുടെ തലച്ചോറിന്റെ വലതുഭാഗമായിരിക്കും കൂടുതൽ സജീവമായിരിക്കുക. തലച്ചോറിന്റെ വലതുഭാഗം സജീവമായിരിക്കുന്നതുകൊണ്ടാണ് നടത്തത്തിൽ ഇവർക്ക് ഇടതുവശത്തേക്ക് ചായവുണ്ടാകുന്നത്.

യൂണിവേഴ്സിറ്റി ഓഫ് കെന്റിലെ സ്കൂൾ ഓഫ് സൈക്കോളജിയിൽ നടന്ന പഠനങ്ങളിൽ നിന്നാണ് ഈ നിഗമനം. പഠനത്തിന്റെ ഭാഗമായി വിവിധ മാനസികാവസ്ഥയുള്ള പല വ്യക്തികളെ കണ്ണുകെട്ടി ഒരേ നേർരേഖയിൽ നടക്കാൻ ആവശ്യപ്പെട്ടു. അമിതമായ ആശങ്കയും വിഷാദവും അനുഭവിക്കുന്ന വ്യക്തികൾ കണ്ണുകെട്ടിനടത്തത്തിൽ ഇടതുവശത്തേക്ക് അവരറിയാതെതന്നെ വഴിമാറുന്നതായി ഗവേഷകരുടെ ശ്രദ്ധയിൽ പെട്ടു.

ഇത്തരക്കാരുടെ തലച്ചോറിന്റെ വലതുഭാഗത്താണ് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ആന്തരിക പ്രവർത്തനങ്ങൾ നടക്കുന്നത്. അതുകൊണ്ടാണ് നടത്തത്തിൽ അബോധപൂർവം ഇടതുവശത്തേക്കുള്ള ചായ്‌വുണ്ടാകുന്നതെന്നാണ് ഗവേഷകരുടെ അവകാശവാദം. അമിതമായ ഉൽക്കണ്ഠ മറ്റു പെരുമാറ്റ രീതികളെ എങ്ങനെ സ്വാധീനിക്കും എന്നതു സംബന്ധിച്ച പഠനങ്ങൾ തുടരുകയാണ്.