Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേടിക്കാതെ മരുന്നു കഴിക്കാം

medicine

വേലായുധന്‍പിള്ള സാര്‍ അല്പം ദേഷ്യത്തോടെയാണ് എന്നോട് ആ ചോദ്യം ചോദിച്ചത്. ‘ഡോക്ടർ ഇത്രയും മരുന്നുകൾ ഞാൻ കഴിക്കുന്നു വയർ നിറയാൻ ഇതുമതി. വേറെ ആഹാരം വല്ലതും ഞാൻ കഴിക്കേണ്ടതുണ്ടോ? നിസ്സഹായനായ ഒരു രോഗിയുടെ സംശയമാണിത്. 76–കാരനായ വേലായുധൻപിള്ള സാറിനെ ഇപ്പോള്‍ ചികിത്സിക്കുന്നത് അഞ്ചു ഡോക്ടര്‍മാരാണ്. 55–ാം വയസ്സിൽ പ്രമേഹത്തിനു മരുന്നു കഴിക്കാൻ തുടങ്ങിയതാണ്. . ബിപിക്കും കൊളസ്ട്രോളിനും കൂടാതെ പ്രമേഹ ചികിത്സയിൽ അശ്രദ്ധ കാണിച്ചതിനാൽ പ്രമേഹ സങ്കീർണതകൾക്കും കൂടി 20–30 ഔഷധങ്ങൾ കഴിക്കുന്നുണ്ട്. ഇതൊരു ശരാശരി മലയാളിയുടെ വാർദ്ധക്യത്തിന് ഉത്തമ ഉദാഹരണമാണ്.

വാർധക്യവും പോളിഫാർമസിയും

ഒരു രോഗിക്കു നാലോ അഞ്ചോ അതിലധികമോ മരുന്നുകൾ ഒരുമിച്ച് ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥയെയാണ് പോളിഫാർമസി എന്നുദ്ദേശിക്കുന്നത് ഇത്തരം വേളകളിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

വാർധക്യത്തിൽ സാധാരണ കാണുന്ന രോഗങ്ങളിൽ70% വരെ ഉള്ള അവസ്ഥകൾ 40 വയസ്സിനു മുമ്പേ കണ്ടെത്താൻ കഴിയും. അതിന് രാജ്യാന്തര ചികിത്സാ മാർഗനിർദേശങ്ങൾ പ്രകാരമുള്ള രീതികൾ സ്വീകരിച്ചാല്‍ വാർധക്യത്തിൽ ആ രോഗങ്ങൾ കാരണമുള്ള മറ്റു രോഗാവസ്ഥകളും ഔഷധങ്ങളും അവശതകളും ഒഴിവാക്കാൻ കഴിയും.

ഗവേഷണഫലങ്ങളൾ സൂചിപ്പിക്കുന്നത് 60 വയസ്സിനു ശേഷം നിരവധി ഔഷധങ്ങൾ ഒരുമിച്ചു കഴിക്കുന്ന പല രോഗികൾക്കും പ്രത്യക്ഷപ്പെടാറുള്ള പുതിയ രോഗലക്ഷണങ്ങളിൽ 40% ലേറെയും ഔഷധങ്ങളുടെ പാർശ്വഫലങ്ങൾ കാരണമുള്ളതോ അവ തമ്മിലുള്ള പ്രതിപ്രവർത്തനം കാരണമോ ആകാം എന്നതാണ്. 5–6 ഡോക്ടർമാർ ഒരു രോഗിയെ ചികിത്സിക്കേണ്ടതായി വരുമ്പോൾ ഒരു മരുന്ന് തന്നെ പലരിൽ നിന്നും ഒരു രോഗി സ്വീകരിക്കുന്നുണ്ടാകും. ഉദാ: ബിപിക്കും കൊളസ്ട്രോളിനും ഉള്ള ഔഷധം ഫിസിഷ്യനും പ്രമേഹം ചികിത്സിക്കുന്ന ഡോക്ടറും കാർഡിയോളജിസ്റ്റും ന്യൂറോളജിസ്റ്റും തന്നുവെന്നിരിക്കാം. ഇതെല്ലാം തിരിച്ചറിഞ്ഞ് മരുന്ന് കഴിക്കേണ്ടത് കുടുംബഡോക്ടറുടെയോ ഒരു ജീറിയാഡ്രിക് വിദഗ്ദന്റെയോ വിദഗ്ദ പരിശീലനം സിദ്ധിച്ച ഒരു ഫാർമസിസ്റ്റിന്റെയോ അറിവോടെ ആകണം.

ഒരുമിച്ചല്ല, ഇടവേളയെടുത്ത്

നിരവധി ഔഷധങ്ങൾ ഒരുമിച്ച് ഉപയോഗിക്കുമ്പോൾ8–10 ഗുളികകൾ ഒരുമിച്ച് ആഹാരത്തിനുശേഷം വായിലിട്ട് വെള്ളം കുടിക്കാതെ രണ്ടോ മൂന്നോ മാത്രം കഴിച്ചശേഷം അല്പം ഇടവേളയ്ക്കുശേഷം ബാക്കി ഔഷധങ്ങൾ ഉപയോഗിക്കാം. രണ്ടോ, മൂന്നോ, നാലോ ഔഷധങ്ങൾ ഒരുമിച്ചുള്ള ഗുളികകൾ ലഭ്യമാണ്. എന്നാൽ ഇത്തരം ഗുളികകളിൽ രോഗികൾക്ക് ആവശ്യമുള്ളതിനെക്കാൾ കൂടതൽ 1–2 ഔഷധങ്ങൾ ഉണ്ടാകാം. അതുകൊണ്ടു 2–3 ഔഷധങ്ങൾ ഒരുമിച്ചുള്ള ഗുളികകൾ ഉപയോഗിക്കാതെ എണ്ണം കൂടുതലാണെങ്കിൽ പോലും ആവശ്യമായ ആ ചെറിയ ഡോസ് മാത്രം ഉപയോഗിക്കുന്നതാകും അഭികാമ്യം.

വാർധക്യത്തിൽ ഔഷധങ്ങൾ ഉപയോഗിക്കുമ്പോൾ ഒരു ഔഷധത്തിന്റെ പാർശ്വഫലമായി മറ്റൊരു രോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് ഔഷധത്തിന്റെ പാർശ്വഫലമാണ് എന്നു തിരിച്ചറിയാന്‍ കഴിയാതെ വരുമ്പോൾ ആ പാർശ്വഫലത്തിനായി മറ്റൊരു ഔഷധം ഉപയോഗിക്കുന്നു. ആ ഔഷധവും മറ്റൊരു രോഗത്തിനോ രോഗലക്ഷണത്തിനോ കാരണമാകുമ്പോള്‍ അതു ചികിത്സിക്കാനായി പിന്നെ മറ്റൊരു മരുന്ന് ഉപയോഗിക്കുന്നു. ഗുണകരമായ ഫലങ്ങളുള്ള എല്ലാ ഔഷധങ്ങള്‍ക്കും പാർശ്വഫലമുണ്ട്. എന്നാല്‍ വാർധക്യത്തിൽ ഇവയെല്ലാം ദോഷം കുറച്ച് എങ്ങനെ ഉപയോഗിക്കാമെന്നതിന് ആധുനിക വൈദ്യശാസ്ത്രം നിർദേശങ്ങൾ നൽകുന്നുണ്ട്.

നമുക്ക് പ്രായമേറും തോറും വൃക്കയുടെയും കരളിന്റെയും പ്രവർത്തനത്തിനു വ്യതിയാനങ്ങൾ സംഭവിച്ചു കൊണ്ടിരിക്കും. ഇതു പ്രായം കാരണം സംഭവിക്കുന്നതാണ്. എന്നാൽ പ്രമേഹം, അമിതവണ്ണം, കാൻസര്‍, ഉയർന്ന രക്തസമ്മർദം ഇങ്ങനെയുള്ള രോഗങ്ങൾക്ക് ശരിയായ ചികിത്സ നാം സ്വീകരിക്കാത്തപക്ഷം ഈ രോഗങ്ങള്‍ കൊണ്ടുതന്നെ കരളിനും വൃക്കയ്ക്കും ദോഷങ്ങള്‍ വന്നുതുടങ്ങും. നാം കഴിക്കുന്ന ആഹാരവും ഔഷധങ്ങളും അത് ഉളവാക്കുന്ന പല രാസപ്രവർത്തനങ്ങളും കരളിന്റെയും വൃക്കയുടെയും പ്രവർത്തനത്തെ അനുകൂലമായും പ്രതികൂലമായും സ്വാധീനിച്ചു കൊണ്ടിരിക്കും. വാർധക്യത്തിൽ നാം ഉപയോഗിക്കുന്ന പല ഔഷധങ്ങളും കൂടുതല്‍ സമയം ശരീരത്തിനുള്ളില്‍ പ്രവർത്തിക്കുവാനുള്ള സാധ്യതയും ഏറെയാണ്.

മരുന്നു കഴിച്ചോ–സംശയം ഒഴിവാക്കാം

ഇതൊരു ഗുരുതര പ്രതിഭാസമാണ്. രാത്രി ഭക്ഷണത്തിനു ശേഷമുള്ള അഞ്ചു ഗുളികകൾ കഴിച്ച് പത്തു മിനിറ്റു കഴിയുമ്പോൾ പെട്ടെന്നൊരു സംശയം ഞാൻ ഈ മരുന്ന് കഴിച്ചോ ഇല്ലയോ? 3–4 ആവർത്തി അതു സ്വയം ചോദിക്കുന്നു. എന്നിട്ടു തീരുമാനിക്കുന്നു കഴിച്ചിട്ടില്ല എന്ന്. ആ അഞ്ച് ഔഷധങ്ങൾ ഒന്നുകൂടി കഴിക്കാൻ തീരുമാനിക്കുന്നു. ഇത് അത്യന്തം അപകടകരമായ അവസ്ഥയാണ്. ഇത് ഒഴിവാക്കുവാൻ അടുത്ത ആഴ്ച കഴിക്കാൻ ആവശ്യമുള്ള എല്ലാ ഔഷധങ്ങളും ഞായറാഴ്ച വൈകുന്നേരം തന്നെ പിൽ ബോക്സിൽ ആക്കുക എന്നുള്ളതാണ്. രാവിലെ കഴിക്കാനുള്ളവ, അങ്ങനെ അടുത്ത ഏഴു ദിവസങ്ങളിലുള്ളത് നാം പിൽ ബോക്സുകളിൽ ആക്കി വയ്ക്കുക. മറന്നു പോകുന്ന അവസ്ഥ അങ്ങനെ തരണം ചെയ്യുവാൻ സാധിക്കും.

അനാവശ്യ മരുന്നുകൾ തിരിച്ചറിയാം

പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നത് രോഗിക്ക് ഒരു സ്പെഷലിസ്റ്റ് ഡോക്ടർ മരുന്ന് എഴുതി കൊടുത്താൽ മറ്റൊരു ഡോക്ടർക്ക് അതു മാറ്റുവാൻ താൽപര്യമില്ല എന്നാണ്. എന്നാൽ രാജ്യാന്തര ചികിത്സാനിർദേശങ്ങൾ സൂചിപ്പിക്കുന്നത് വാർധക്യത്തിൽ അനാവശ്യമായ മരുന്നുകൾ ഒരാള്‍ ഉപയോഗിക്കുന്നുണ്ട് എന്നു കാണുകയാണെങ്കിൽ അതു നിർത്തലാക്കാനുള്ള അവകാശം കുടുംബഡോക്ടർക്കോ അല്ലെങ്കില്‍ ജീറിയാട്രിക് വിദഗ്ധനോ ഉണ്ട് എന്നാണ്. ഇതിന് മരുന്നുകളുടെ പാർശ്വഫലങ്ങളും നിരവധി മരുന്നുകൾ ഒരുമിച്ചു നൽകുമ്പോൾ പരസ്പരമുള്ള പ്രതി പ്രവർത്തനവും പരിശോധിക്കുവാൻ ഇന്റർനെറ്റിൽ ലഭ്യമായ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താം.

ആഹാരത്തിനു മുമ്പ് ഉപയോഗിക്കേണ്ട ഔഷധങ്ങൾ കൃത്യമായി ആഹാരത്തിന് എത്ര മിനിറ്റ് മുമ്പാണ് എന്നു രോഗികൾ ചോദിച്ചു മനസ്സിലാക്കണം. ഉദാഹരണത്തിനു ചില ഇൻസുലിനുകൾ അരമണിക്കൂറിനു മുമ്പും മറ്റു ചില ഇൻസുലിനുകൾ 15 മിനിറ്റു മുമ്പുമാണ്. ആഹാരശേഷം ഉപയോഗിക്കേണ്ട ഔഷധങ്ങളാണ് എങ്കിൽ അതും കൃത്യമായി ചോദിച്ചു മനസ്സിലാക്കുക.

സ്വയം മരുന്നു നിർത്തരുത്

തൊലിപ്പുറത്തു ചൊറിച്ചിലോ മലബന്ധമോ ഉണ്ടാകുമ്പോൾ അത് ഔഷധത്തിന്റെ പാർശ്വഫലം കാരണമല്ലേ എന്നു ചിന്തിക്കുന്ന രോഗികളുണ്ട്. പക്ഷേ എല്ലായ്പ്പോഴും അങ്ങനെയാകണമെന്നില്ല. അതുകൊണ്ടു പുതിയരോഗങ്ങൾ കണ്ടാലും സ്വയം ഔഷധങ്ങൾ നിർത്തലാക്കരുത്. ഔഷധങ്ങൾ പുനർക്രമീകരിക്കേണ്ടത് വൈദ്യശാസ്ത്രവിദഗ്ധന്റെ മേൽനോട്ടത്തിലായിരിക്കണം. രോഗികള്‍ മരുന്നു ക്രമീകരിക്കണം സ്വയം ചെയ്താൽ മരണത്തിനുവരെ കാരണമാകാം. നിരവധി ഔഷധങ്ങൾ വാർധക്യത്തിൽ ഒരുമിച്ചു വേണ്ടിവരും. അതിനെക്കുറിച്ചു ഭയപ്പാട് വേണ്ട.