Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്തിൽ സ്വപ്നയാത്ര; എന്നാൽ 30 പേരെ ഇറക്കാതെ ആ തീവണ്ടി ചതിച്ചു

old1

ജീവിതത്തിൽ ഇതുവരെയും സ്വപ്‌നം മാത്രമായിരുന്ന യാത്ര പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് പറപ്പൂരിലെ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയിലെ 100 വയോധികർ. ഇത്തവണ തിരുവനന്തപുരത്തേക്കു വിമാനത്തിലായിരുന്നു വിനോദയാത്ര. ആകാശയാത്ര എല്ലാവർക്കും വിസ്മയമായി. സൊസൈറ്റി‍ എല്ലാ വർഷവും ലോക വയോജന ദിനത്തിൽ സൗജന്യ വിനോദയാത്ര പതിവാണ്. 

ജില്ലയിലെ സർക്കാർ വയോജനമന്ദിരം ഉൾപ്പെടെ വിവിധ അനാഥാലയങ്ങളിൽ നിന്ന് 65 മുതൽ 100 വരെ വയസ്സുള്ളവരാണ് പങ്കെടുത്തത്.  മെഡിക്കൽ സംഘവും ഇവരോടൊപ്പം യാത്രചെയ്തിരുന്നു. തിങ്കൾ രാവിലെ തൃശൂർ ലൂർദ്ദ് കത്തീഡ്രലിൽ  അനിൽ അക്കര എംഎൽഎയുടെ സാന്നിധ്യത്തിൽ രക്ഷാധികാരി ഫാ.ജോർജ് അക്കര ഫ്ലാഗ് ഓഫ് ചെയ്തു. 

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, വി.എസ്.അച്യുതാനന്ദൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ സംഘം കണ്ടു. കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ പ്രസിഡന്റ് സി.ടി.ചേറു മുഖ്യമന്ത്രി മുമ്പാകെ വിശദീകരിച്ചു. സെക്രട്ടറി പി.ഒ. സെബാസ്റ്റ്യൻ അംഗങ്ങളെ പരിചയപ്പെടുത്തി. 

വൈസ് പ്രസിഡന്റ് സി.ബി.മുകുന്ദൻ, ട്രഷറർ എ.കെ.അറുമുഖൻ എന്നിവർ വയോധികരുടെ അനുഭവങ്ങൾ പങ്കുവച്ചു.  100 വയസ്സുള്ള അടിമയെ  മുഖ്യമന്ത്രി പൊന്നാടയണിയിച്ചു. നിയമസഭാമന്ദിരം, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ശംഖുമുഖം, വെട്ടുകാട് പള്ളി എന്നിവ സന്ദർശിച്ച് വൈകിട്ട് 5.30ന് ട്രെയിനിൽ മടങ്ങി. 

old2

ഇങ്ങനെ ചതിക്കാമോ റെയിൽവേ !
തിരുവനന്തപുരം– ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസിലാണ് മടങ്ങിയത്. ചിലർക്ക് തൃശൂരിൽ ട്രെയിനിൽ നിന്ന് ഇറങ്ങാൻ കഴിഞ്ഞില്ല.  60 പേരിൽ 30 പേർ ഇറങ്ങിയപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിടുകയായിരുന്നു. ഇറങ്ങാൻ കഴിയാതിരുന്നവർ ആശങ്കയിലായി. ചിലർ ഓടിത്തുടങ്ങിയ ട്രെയിനിൽനിന്ന് ഇറങ്ങാൻ തുനിഞ്ഞെങ്കിലും മറ്റുള്ളവർ തടഞ്ഞ് അപകടം ഒഴിവാക്കി. പൂങ്കുന്നത്താണ് ബാക്കിയുള്ളവർ ഇറങ്ങിയത്. യാത്രക്കാർ ഇറങ്ങും മുൻപ് ട്രെയി‍ൻ വിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേക്കു പരാതി നൽകാനുള്ള ഒരുക്കത്തിലാണ് സൊസൈറ്റി ഭാരവാഹികൾ.