ഉറങ്ങിയാൽ ഓർക്കുമോ?

എന്തൊരു മറവി എന്ന പരിഭവം പറച്ചിലുകാരാണോ നിങ്ങൾ? ഇന്നലെ പരിചയപ്പെട്ട ആളിന്റെ മുഖവും പേരും ഓർത്തെടുക്കാൻ പ്രയാസപ്പെടാറുണ്ടോ? എങ്കിൽ ആ മറവിയെ മറികടക്കാൻ ഇതാ ഒരു വഴി. രാത്രി എട്ട് മണിക്കൂർ സുഖ നിദ്ര ശീലിച്ചു നോക്കൂ, പിന്നെ മറവിയെ പഴിക്കേണ്ടി വരില്ലെന്നാണ് ഗവേഷകരുടെ സാക്ഷ്യം.

ഒരു രാത്രി മുഴുവൻ സുഖമായി ഉറങ്ങാനുള്ള അവസരം കൊടുത്ത ശേഷം തൊട്ടടുത്ത ദിവസം ഒരു പേരു പറഞ്ഞപ്പോൾ തന്നെ ആ മുഖം കൃത്യമായി ഓർത്തെടുക്കാനും അവരെക്കുറിച്ച് ആത്മവിശ്വാസത്തോടെ പറയാനും സാധിച്ചതായി പഠനത്തിന് നേതൃത്വം നൽകിയ ബിർഹാം ആൻഡ് വിമൺസ് ഹോസ്പിറ്റലിലെ അസോഷ്യേറ്റ് ന്യൂറോ സയന്റിസ്റ്റ് ജീൻ എഫ് ഡുഫി പറയുന്നു.

സുഖനിദ്ര ലഭിച്ച ശേഷം പഠിക്കുന്ന കാര്യങ്ങൾ കൃത്യമായി ഓർമയിലുണ്ടാകുമത്രേ. പ്രായം കൂടുന്നതിനുനുസരിച്ചാണ് കൂടുതൽ പേരിലും ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇതാണ് പ്രായമായവരിൽ ഓർമക്കുറവിനു കാരണമെന്നും ഇവർ വാദിക്കുന്നു. ന്യൂറോബയോളജി ഓഫ് ലേണിങ് ആൻഡ് മെമ്മറി എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.