Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയാഘാതത്തെക്കുറിച്ചുളള അഞ്ച് തെറ്റിദ്ധാരണകൾ

ഡോ. ദീപക് ഡേവിഡ്സൺ
heart-attack

ചെറിയൊരു നെഞ്ചു വേദന വരുമ്പോളാകും ‘നീയെന്റെ ചങ്കല്ലേ’ യെന്നു പലയാവർത്തി പറയുന്നവർ പോലും ഹൃദയാരോഗ്യത്തിന്റെ കാര്യം ഗൗരവമായി എടുക്കുന്നത്. തക്കസമയത്തു വൈദ്യസഹായം ലഭിച്ച് ജീവിതത്തിലേക്കു തിരിച്ചു വന്നാൽപ്പിന്നെ ഒരു ചിന്ത മനസ്സിൽ കയറിക്കൂടും - ഹൃദയാഘാതം തടയാൻ സാധിക്കുമോ ? ഇതു വായിക്കുമ്പോഴും ഇൗ ചിന്ത നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ കേട്ടോളൂ, ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് എൺപതു ശതമാനം ഹൃദയാഘാതവും തടയാവുന്നവയാണ് !

1. ഹൃദയാഘാതം തടയാൻ കഴിയുമോ?
രോഗികളിൽ ഭൂരിപക്ഷം പേരും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ഏതെങ്കിലുമൊരു ഘട്ടത്തിൽ അനുഭവിച്ചിട്ടുള്ളവരാകും. ഹൃദയാഘാതത്തിലേക്കു നയിക്കുന്ന അപായഘടകങ്ങൾ നേരത്തെ കണ്ടുപിടിച്ച് അവയെ നിയന്ത്രിച്ചാൽ ഹൃദയാഘാതത്തിനുളള സാധ്യത കുറയ്ക്കാം. താഴെപ്പറയുന്ന ഏഴു കാര്യങ്ങളാണ് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്.

∙ പ്രമേഹം (Diabetes)
∙ അമിത രക്തസമ്മർദം (Hypertension)
∙ അമിത കൊഴുപ്പ് (Dyslipidaemia)
∙ പുകവലി (Smoking)
∙ അമിതവണ്ണം (Obesity)
∙ മാനസികസമ്മർദം (Mental Stress)
∙ വ്യായാമമില്ലായ്മ (Physical Inactivity)

2. 'നന്നായി ജീവിച്ചാൽ' ഹൃദ്രോഗം വരില്ല
രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രണവിധേയമാണെങ്കിൽ ഹൃദയാഘാതം ഉണ്ടാവില്ലെന്നാണ് പലരും കരുതുന്നത്. പുകവലിക്കാതെ, നന്നായി വ്യായാമം ചെയ്യുന്ന ജീവിതരീതി പിൻതുടർന്നാൽ ഹൃദയം സുരക്ഷിതമെന്ന് കരുതുന്നവരാണ് പലരും. എന്നാൽ ഹൃദയാഘാതത്തിനു പിന്നിലെ പ്രധാനഘടകം പാരമ്പര്യ പ്രവണതകൾ ആയതിനാൽ അച്ഛനോ അമ്മയ്ക്കോ ഹൃദയാഘാതമുണ്ടായിട്ടുണ്ടെങ്കിൽ മക്കളും ഹൃദയാരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണം. അങ്ങനെയുളളവർ‌ക്ക് ചിട്ടയായ ജീവിതരീതിയിലൂടെയും അനുയോജ്യമായ വ്യായാമത്തിലൂടെയും ഹൃദയാഘാതസാധ്യത കുറയ്ക്കാനാവും..

3. അതിഭയങ്കരമായ വേദനയാണ് ലക്ഷണം
ഹൃദയാഘാതം വരുമ്പോൾ സിനിമകളിലും മറ്റും കാണുന്നതുപോലെ അതിഭയങ്കരമായ വേദനയുണ്ടാവുമെന്നാണ് മിക്കവരുടെയും ധാരണ. പക്ഷേ പലർക്കും നെഞ്ചിനകത്ത് അതുവരെയില്ലാത്ത അസ്വസ്ഥതയാണ് അനുഭവപ്പെടുന്നത്. വളരെക്കുറച്ചു പേർക്കേ അതികഠിനമായ വേദനയുണ്ടാകൂ. ചുരുക്കം ചിലരിൽ നിശബ്ദമായ ഹൃദയാഘാതമാണ് ഉണ്ടാവുന്നത്. പ്രമേഹ രോഗികളിലാണ് നിശബ്ദ ഹൃദയാഘാതം കൂടുതലായി കണ്ടുവരുന്നത്.

4. വേദന കൂടിയാൽ മാത്രം ആശുപത്രി
ഹൃദയാഘാതം മൂലമുള്ള മരണങ്ങളിൽ തൊണ്ണൂറു ശതമാനവും സംഭവിക്കുന്നത് ആദ്യ മണിക്കൂറിലാണ്. അതുകൊണ്ടുതന്നെ ഹൃദയാഘാതമുണ്ടായെന്നു തോന്നിയാൽ പെട്ടെന്നുതന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തണം. ഹൃദയത്തിന്റെ േപശികളിലേക്കു രക്തമെത്തിക്കുന്ന ധമനി അടഞ്ഞു പോകുമ്പോഴാണ് ഹൃദയാഘാതമുണ്ടാവുന്നത്. എത്രയും വേഗം രക്തയോട്ടം പുനഃസ്ഥാപിച്ചാൽ മാത്രമേ ഹൃദയപേശികളുടെ ആരോഗ്യം നിലനിർത്താനാവൂ. ഹൃദയാഘാതത്തിന്റെ ലക്ഷണമുണ്ടായി ആറു മണിക്കൂർ കഴിഞ്ഞ് ആശുപത്രിയിൽ എത്തുന്നവർക്ക് എത്ര നല്ല ചികിത്സ ലഭിച്ചാലും ഹൃദയപേശികൾ ഭേദമാക്കാനാവാത്ത വിധം തകരാറിലായിട്ടുണ്ടാവും. ഇത് അപകടമാണ്.

5. വേദന മാറിയാൽ മരുന്നിനോടു ഗുഡ് ബൈ
ഹൃദയാഘാതത്തിന്റെ മാത്രമല്ല മറ്റു പല രോഗങ്ങളുടെയും കാര്യത്തിൽ മലയാളിയുടെ മനോഭാവം ഇതാണ്. വിവിധ രോഗാവസ്ഥകളുടെ ചികിത്സാകാലാവധി തികച്ചും വിഭിന്നമാണ്. ഹൃദ്രോഗത്തിനുള്ള ഏതാണ്ടെല്ലാ മരുന്നുകളും ആജീവനാന്തം ഉപയോഗിക്കേണ്ടതാണ്. രക്തം കട്ട പിടിക്കാതിരിക്കാനുളള മരുന്നുകളും കൊളസ്ട്രോൾ കുറയ്ക്കാനുളള മരുന്നുകളും ദീർഘനാൾ തുടരേണ്ടതാണ്. കൊളസ്ട്രോൾ കുറയ്ക്കുന്ന സ്റ്റാറ്റിൻ ഗുളിക ഹൃദയധമനികളിൽ വീണ്ടും തടസ്സമുണ്ടാവാതിരിക്കാനുള്ളതാണ്. ആൻജിയോ പ്ലാസ്റ്റിയും ബൈപാസും കഴിഞ്ഞ വ്യക്തികളും മരുന്നു മുടക്കമില്ലാതെ കഴിക്കേണ്ടതാണ്. മരുന്നു കഴിക്കേണ്ടതിന്റെ കാലാവധി നിശ്ചയിക്കുന്നതു ഡോക്ടറാണ്. ഡോക്ടറെ പൂർണ വിശ്വാസത്തോടെ അനുസരിക്കുക.

ഡോ. ദീപക് ഡേവിഡ്സൺ
ചീഫ് ഇന്റർ വെൻഷണൽ കാർഡിയോളജിസ്റ്റ്
കാരിത്താസ് ഹോസ്പിറ്റൽ
കോട്ടയം