സ്ട്രോക്ക് എങ്ങനെ ചികിത്സിക്കാം?

സ്ട്രോക്ക് ഏറെ വ്യാപകമായി കണ്ടു വരുന്ന കാലമാണിത്. എന്നാൽ ചില മുൻകരുതലുകളെടുത്താൽ സ്ട്രോക്കിനെ ഒരു പരിധി വരെ അകറ്റി നിർത്താം. സ്ട്രോക്കിനെക്കുറിച്ചും ചികിത്സ, പ്രതിരോധമാർഗങ്ങള്‍ എന്നിവയെക്കുറിച്ചും വിശദമായി അറിയാം.

∙ എന്താണ് സ്ട്രോക്ക്? സ്ട്രോക്കിലേക്കു നയിക്കാവുന്ന ജീവിതശൈലീ കാരണങ്ങൾ ഏതെല്ലാം? ഏത് പ്രായക്കാരിലാണിതു കൂടുതൽ?

രക്തചംക്രമണത്തിനാവശ്യമായ രക്തക്കുഴലുകൾക്കുണ്ടാകുന്ന രോഗങ്ങളുടെ ഫലമായി തലച്ചോറിന്റെ പ്രത്യേകഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ക്ഷതങ്ങളാണ് സ്ട്രോക്ക് എന്നറിയപ്പെടുന്നത്. ഇതിന്റെ ലക്ഷണങ്ങൾ പലതരത്തിലാണ്. ശരീരത്തിന്റെ ഒരു വശത്തു മരവിപ്പ് ഉണ്ടാവുക, നടക്കുമ്പോൾ ഇരുവശത്തേക്കും ചാഞ്ചാടി പോവുക, പെട്ടെന്നു കോങ്കണ്ണ് പ്രത്യക്ഷപ്പെടുക. മറ്റുള്ളവർ സംസാരിക്കുന്നത് മനസ്സിലാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങി വിവിധ രോഗലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. സ്ട്രോക്ക് പ്രധാനമായും രണ്ടു തരത്തിലാണ്. തലച്ചോറിലേക്ക് രക്തം കൊണ്ടുപോകുന്ന ആർട്ടറികൾ എന്നറിയപ്പെടുന്ന രക്തക്കുഴലുകൾക്ക് തടസ്സം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന സ്ട്രോക്ക്, ഇത് ഇസ്കീമിക് സ്ട്രോക്ക് എന്നറിയപ്പെടുന്നു. മൊത്തത്തില്‍ സംഭവിക്കുന്ന സ്ട്രോക്കുകളിൽ 80 ശതമാനത്തോളം ഇസ്കീമിക് ആയി കണക്കാക്കപ്പെടുന്നു. രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം മൂലമുണ്ടാകുന്ന സ്ട്രോക്കിനെ ഹെമറാജിക് സ്ട്രോക്ക് എന്ന് പറയുന്നു. 20 ശതമാനത്തോളം സ്ട്രോക്കുകൾ ഹെമറാജിക് സ്ട്രോക്ക് ആണ്. മേൽപറഞ്ഞ രണ്ടു സ്ട്രോക്കുകളും ആർട്ടറികൾ എന്നറിയപ്പെടുന്ന രക്തക്കുഴലുകളുമായി ബന്ധപ്പെട്ടതാണ്. അതേ സമയം വെയിനുകൾ എന്നറിയപ്പെടുന്ന അശുദ്ധരക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകൾക്ക് അടവു സംഭവിച്ചും സ്ട്രോക്ക് ഉണ്ടാകാറുണ്ട്. ഇതിനെ വീനസ് ത്രോംബോസിസ് എന്നു പറയുന്നു. സാധാരണ കാണുന്ന സ്ട്രോക്കിൽ നിന്നും വ്യത്യസ്തമാണ് വീനസ് ത്രോംബോസീസ്.

ജീവിതശൈലി സംബന്ധമായ പല അവസ്ഥകളും സ്ട്രോക്കിലേക്കു നയിക്കുന്നു. അമിതവണ്ണം, വ്യായാമം ഇല്ലാത്ത അവസ്ഥ. അനാരോഗ്യകര ഭക്ഷണരീതി ഇവയൊക്കെ സ്ട്രോക്കിലേക്ക് നയിക്കും. അമിതവണ്ണം, രക്തസമ്മർദം കൂടിനിൽക്കാനും കൊളസ്ട്രോളിന്റെ അളവു ക്രമാതീതമായി കൂടാനും പ്രമേഹരോഗികൾക്ക് രക്തത്തിൽ പഞ്ചസാരയുടെ അളവു ക്രമാതീതമായി കൂടാനും കാരണമാകുന്നു. കുടവയറ് ചാടുന്ന തരത്തിലുള്ള അമിതവണ്ണം സ്ട്രോക്കിലേക്ക് നയിക്കാൻ സാധ്യത കൂട്ടുന്നു. ഭക്ഷണത്തിൽ അമിത അളവിൽ കൊഴുപ്പ് ഉണ്ടായിരിക്കുന്നത് അപകടകരമാണ്. രക്തസമ്മര്‍ദം കൂടാനും കൊളസ്ട്രോളിന്റെ അളവു കൂടാനും പ്രമേഹരോഗികളിൽ പഞ്ചസാരയുടെ അളവു കൂട്ടാനും വ്യായാമമില്ലാത്ത അവസ്ഥ കാരണമാകുന്നു. ഇതൊക്കെയാണ് സ്ട്രോക്കിലേക്ക് നയിക്കുന്ന കാരണങ്ങള്‍. ആഹാരത്തിൽ ഉപ്പിന്റെ അളവ് അമിതമായി കൂടിയിരിക്കുന്നത് രക്തസമ്മർദം കൂടുവാനും അതുവഴി സ്ട്രോക്ക് ഉണ്ടാകാനും കാര‍‌‌ണമാകുന്നു. അമിത മദ്യപാനവും ‌സ്ട്രോക്കിനൊരു ‌കാരണമാണ്. ‌പ്രായമായവരിൽ സ്വാഭാവികമായി തന്നെ സ്ട്രോക്കിനുള്ള സാധ്യതയും കൂടുന്നു. സ്ട്രോക്ക് വന്നതിൽ മൂന്നിൽ രണ്ടും അറുപത്തഞ്ചോ അതിനു മുകളിലോ പ്രായമായവരാണെന്നാണ് കണ്ടുവരുന്നത്.

∙ എന്തൊക്കെ രോഗാവസ്ഥകൾ സ്ട്രോക്കിലേക്കു നയിക്കും?

അനേകം രോഗാവസ്ഥകൾ സ്ട്രോക്കിലേക്ക് നയിക്കാറുണ്ട്. എന്നാൽ ഏറ്റവും പ്രധാനം ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, പ്രമേഹം, പുകവലി, മദ്യപാനം, ഉയർന്ന കോളസ്ട്രോളിന്റെ അളവ്, രക്തക്കുഴലുകളുടെ ചുരുക്കം എന്നിവയാണ് ഇവയിൽ ഒരുപക്ഷേ, ഏറ്റവും പ്രധാനപ്പെട്ടത് ഉയർന്ന രക്തസമ്മർദം തന്നെയാണ്. രക്തസമ്മർദ അളവ് കൂടുന്നതനുസരിച്ച് സ്ട്രോക്ക് സാധ്യതയും കൂടുന്നു. വർഷങ്ങളോളം ഉയർന്നു നിൽക്കുന്ന രക്തസമ്മർദം ക്രമേണ രക്തക്കുഴലുകളുടെ ഉൾഭാഗം ദ്രവിപ്പിച്ച് കുഴൽ അടയ്ക്കുന്നതിലേക്ക് നയിക്കുന്നു. മരുന്നു കഴിച്ചു രക്തസമ്മർദം കുറയ്ക്കുന്നതുവഴി സ്ട്രോക്കിനുള്ള സാധ്യതയും കുറയുന്നു. വലിയ പഠനങ്ങൾ കാണിക്കുന്നത് രക്തസമ്മർദം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ അത്തരം വ്യക്തികളിൽ സ്ട്രോക്ക് സാധ്യത വളരെ കുറവാണെന്നാണ്. പ്രമേഹം സ്ട്രോക്കിലേക്ക് നയിക്കാവുന്ന ഒരു രോഗമാണ്. സ്ട്രോക്ക് വന്നതില്‍ ഒരു പത്തു ശതമാനം രോഗികള്‍ക്ക് പ്രമേഹം ഉള്ളതായി കണക്കാക്കപ്പെടുന്നു. ഏട്രിയൽ ഫിബ്രിലേഷൻ എന്നറിയപ്പെടുന്ന രോഗം, ഹൃദയാഘാതം, ഹൃദയം വേണ്ടതുപോലെ പ്രവർത്തിക്കാന്‍ കഴിവില്ലാതെയിരിക്കുന്ന അവസ്ഥ തുടങ്ങിയവ സ്ട്രോക്കിലേക്ക് നയിക്കാവുന്ന ഹൃദ്രോഗങ്ങളാണ്. രക്തത്തിലെ കൊളസ്ട്രോൾ നില അമിതമായി വർധിച്ചിരിക്കുന്നത് സ്ട്രോക്കിലേക്ക് നയിക്കുന്നു. എച്ച് ഡി എൽ എന്ന കോളസ്ട്രോളിന്റെ അളവു വർധിച്ചിരിക്കുന്നത് സ്ട്രോക്ക് വരുന്നതു തടയുന്നു.

അതേ സമയം മറ്റു മൂന്നു തരം കൊളസ്ട്രോളുകളും വർധിക്കുന്നത് സ്ട്രോക്കിനുള്ള സാധ്യത കൂട്ടുന്നു. തലച്ചോറിലേക്ക് രക്തം എത്തുന്നത് കഴുത്തുവഴി പോകുന്ന നാലു പ്രധാന രക്തക്കുഴലുകളിലൂടെയാണ്. പ്രായത്തിന്റെ ഫലമായും കൊളസ്ട്രോൾ അടിഞ്ഞും വന്ന മാറ്റങ്ങൾ കാരണം ചിലപ്പോൾ ഇവയിൽ ഒന്നോ അതിലധികമോ രക്തക്കുഴലുകളുടെ അകംഭാഗം ചുരുങ്ങിപോകുകയോ അടഞ്ഞുപോകുകയോ ചെയ്യുന്നു. ഇത്തരത്തിൽ രക്തക്കുഴലിന്റെ അകംഭാഗം ചുരുങ്ങുകയോ അടയുകയോ ചെയ്യുന്നതും സ്ട്രോക്കിനു കാരണമാകുന്നു.

സ്ട്രോക്കുമായി ബന്ധപ്പെട്ടു നമ്മുടെ നിയന്ത്രണത്തിലല്ലാത്ത റിസ്ക് ഫാക്റ്റുകൾ ഏതെല്ലാം?

സ്ട്രോക്കിലേക്ക് നയിക്കുന്നതും എന്നാൽ നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്തതുമായ അവസ്ഥകളാണ് പ്രായം, ലിംഗം, ജനിതകമായ ചില മാറ്റങ്ങൾ തുടങ്ങിയവ. പ്രായം കൂടുന്നതനുസരിച്ചാണു സ്ട്രോക്ക് വരാനുള്ള സാധ്യതയും കൂടു‌‍‌ന്നത്. പുരുഷന്മാരിൽ സ്ത്രീകളെ അപേക്ഷിച്ചു സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ ജനിതകവൈകല്യങ്ങൾ സ്ട്രോക്ക് വരാനുള്ള സാധ്യത കൂട്ടുന്നു. എന്നാൽ ഇത്തരം തകരാറുകളെ നമുക്കു മാറ്റാനാവുന്നതല്ല.

സ്ട്രോക്ക് സൂചകങ്ങളെ പെട്ടെന്നു തിരിച്ചറിയാന്‍ സഹായിക്കുന്ന ഫാസ്റ്റ് രീതി വിശദമാക്കുക?

സാധാരണക്കാർക്ക് വളരെ പെട്ടെന്നു തിരിച്ചറിയാന്‍ ഉപകരിക്കുന്ന ഒരു ‌പ്രയോഗമാണ് Fast. ഇത് ഇംഗ്ലീഷ് ഭാഷയിലുള്ള F-A-S-T എന്ന അക്ഷരങ്ങള്‍ ചേർത്താണ് ഉണ്ടായിരിക്കുത്. F എന്ന അക്ഷരം സൂചിപ്പിക്കുന്നതു മുഖത്തെ പേശികൾ ചലിപ്പിക്കുക അല്ലെങ്കിൽ മുഖത്തെ പേശികള്‍ക്ക് വരുന്ന ബലക്കുറവ്, ചുണ്ട് ഒരു വശത്തേക്ക് കോടിപ്പോകുകയാണെങ്കിൽ അതു സ്ട്രോക്കിന്റെ ആരംഭമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. Aഎന്നാൽ Arm. അതായത് കൈക്കു ശക്തി കുറവുണ്ടോന്ന് സൂചിപ്പിക്കുന്ന വാക്കാണ് A. രണ്ടു കൈയും ഉയർത്തിപ്പിടിക്കാൻ കഴിയുമോ എന്നു നോക്കണം. ബലക്കുറവ് ഉണ്ടെങ്കിൽ ഒരു കൈ ഉയർത്താൻ ബുദ്ധിമുട്ടുണ്ടാകുകയോ അല്ലെങ്കിൽ ഉയർത്തിയ കൈ താഴെ വീണു പോകുകയോ ചെയ്യും. S എന്നു പറയുന്നത് Speech. അതായത് സംസാരിക്കാന്‍ ‌എന്തെങ്കിലും പ്രയാസമുണ്ടോ എന്നാണ് ഉദ്ദേശിക്കുന്നത്. സംസാരിക്കുമ്പോൾ നാക്കു കുഴഞ്ഞു പോകുക അല്ലെങ്കിൽ വേണ്ട രീതിയിൽ ഉച്ചരിക്കാൻ പറ്റാതെ വരിക ‌അല്ലെങ്കിൽ മറ്റുള്ളവർ പറയുന്നതു മനസ്സിലാക്കാൻ പറ്റാതെ വരിക ‌ഇതൊക്കെയും സ്ട്രോക്കിന്റെ ആരംഭലക്ഷണത്തിൽ ഉണ്ടാകുന്ന രോഗലക്ഷണമാണ്. T ‌എന്ന ‌അക്ഷരം കൊണ്ട് ഉദ്ദേശിക്കുന്നത് Time to call. അതായത് മേൽപറഞ്ഞ ‌രോഗലക്ഷണങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ആംബുലൻസ് വിളിക്കുക. എന്നുള്ളതാണ്. അല്ലെങ്കിൽ അത്യാഹിത വിഭാഗത്തെ നമ്പർ വിളിക്കുക എന്നുള്ളതാണ്. ഈ FAST എന്ന പദം പാശ്ചാത്യ രാജ്യങ്ങളിൽ വളരെ ‌പ്രസിദ്ധമായിട്ടുള്ളതാണ്. സാധാരണക്കാർക്കു പോലും എപ്പോൾ ഈ ‌സ്ട്രോക്ക് സംശയിക്കണം, ഉണ്ടോ ഇല്ലയോ എന്നു സ്ഥിരീകരിക്കണം. സ്ഥിരീകരിച്ചാൽ ‌എന്തുചെയ്യണം തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ ഈ FAST എന്നുള്ള ഒരു വാക്കിൽ ഉൾപ്പെട്ടിരിക്കുന്നു.

സ്ട്രോക്ക് ചികിത്സയിൽ ഗോൾഡൻ അവർ കൺസെപ്റ്റ് വിശദമാക്കാമോ?

സ്ടോക്ക് ചികിത്സയിൽ സമയം വളരെ പ്രധാനമാണ്. സ്ട്രോക്കിന് ഇന്നു നിലവിലുള്ള ഫലപ്രദമായ‌ ‌ചികിത്സകൾ എല്ലാം തന്നെ ആദ്യ മണിക്കൂറുകളിലാണ് ഫലപ്രദമായി നിർവഹിക്കാൻ പറ്റുക. ഇസ്ക്കീമിക് സ്ട്രോക്ക് ആണല്ലോ ഏറ്റവും സാധാരണയായി കണ്ടുവരുന്നത്. ഇതിന് ഏറ്റവും ഫലപ്രദമായിട്ടുള്ളതു ത്രോംബോളിസിസ് എന്ന ചികിത്സയാണ്. തലച്ചോറിനുള്ളിൽ രക്തക്കുഴലിനുള്ളിൽ രക്തം കട്ടപിടിക്കുന്നതു മൂലമാണ് ‌ഇസ്കീമിക് സ്ട്രോക്ക് ഉണ്ടാവുക. ഇതിനെ അലിയിച്ചു കളയാനുള്ള മരുന്നിനെ ‌രക്തധമനിയിലേക്ക് കുത്തിവച്ച് അലിയിച്ചുകളയുന്ന ചികിത്സാരീതിയാണ് ‌ത്രോം ബോലൈസിസ്. ഈ ‌ചികിത്സ ഫലപ്രദമായി ചെയ്യാൻ സാധിക്കുന്നതു സ്ട്രോക്ക് വന്ന് ആദ്യത്തെ നാലര ‌മണിക്കൂറിനുള്ളിലാണ്. ഇതാണു ഗോൾഡൻ അവർ (സുവര്‍ണ ‌മണിക്കൂറുകൾ) ‌എന്നു പറയുന്നത്. നാലര മണിക്കൂറിനുള്ളിൽ രോഗി ആശുപത്രിയിൽ ‌എത്തുകയും അത്യാവശ്യത്തിന് ഉള്ള പരിശോധന ചെയ്യുകയും സ്ട്രോക്ക് ആണെന്നു ‌തിരിച്ചറിയുകയും ചെയ്താൽ നല്ല രീതിയിൽ രോഗം തടയാൻ സാധിക്കുന്നു. ഒപ്പം തന്നെ രോഗി‌ക്ക് ആരോഗ്യം ‌തിരിച്ചുകിട്ടാനും ‌സാധ്യതയുണ്ട്. ഐ. വി. ‌ത്രോംബോലൈസിസ് എന്ന ചികിത്സാ രീതിക്ക് നാലരമണിക്കൂറിനുള്ളിൽ ‌രോഗി എത്തേണ്ടതായിട്ടുണ്ട്. എന്നാൽ അല്പം വൈകിയാലും ആദ്യത്തെ 24 ‌മണിക്കൂറിനുള്ളിൽ ചെയ്യാൻ സാധിക്കുന്ന മറ്റു പല സങ്കീർണ ചികിത്സാ രീതികളും ഉണ്ട്. അതുകൊണ്ടു സ്ട്രോക്ക് വന്നാൽ എത്രയും പെട്ടെന്നു രോഗിയെ ‌ആശുപത്രിയിലെത്തിക്കുക എന്നതു വളരെ പ്രധാനമാണ്. ഇതാണ് ഗോൾഡൻ അവർ എന്നുള്ള സങ്കല്പം.

സ്ട്രോക്കിന്റെ ലക്ഷണങ്ങളോടു സാമ്യമുള്ള രോഗമാണ് ബെൽസ് പാൾസി. ഇതിന് സ്ട്രോക്കുമായി ബന്ധമുണ്ടോ?

മുഖത്തെ ഒരു ഭാഗത്തെ പേശികൾക്ക് ചലനശേഷി നഷ്ടപ്പെട്ട് ചുണ്ട് ഒരു ‌ഭാഗത്തേക്ക് കോടിപ്പോകുന്ന രോഗമാണ് ബെൽസ് പാൾസി. ഇതു ‌മുഖത്തിന്റെ ഒരു വശത്തെ മാത്രമേ ബാധിക്കാറുള്ളു. രോഗം ബാധിക്കപ്പെട്ട ഭാഗത്തേക്ക് ചുണ്ടുകൾ കോടി പോവുകയും ആ ഭാഗത്തെ കണ്ണ് അടയ്ക്കാൻ ബുദ്ധിമുട്ട് വരുകയും ‌ചെയ്യുകയെന്നതാണ് പ്രധാന ലക്ഷണം. മുഖത്തെ ഓരോ വശത്തെയും ‌പേശികളെ ചലിപ്പിക്കുന്ന സെവൻത് നെർവ് എന്ന ഞരമ്പിന്റെ പ്രവർത്തന അപാകത ‌കൊണ്ടാണ് ബെൽസ് പാൾസി പ്രത്യക്ഷപ്പെടുക. തലയോട്ടിക്ക് വെളിയിൽ ‌സംഭവിക്കുന്ന ഒരു രോഗമാണ് ബെൽസ് പാൾസി. അതുകൊണ്ടു സ്ട്രോക്കുമായി ബന്ധമൊന്നുമില്ല.

മിനി സ്ട്രോക്കുകൾ എങ്ങനെ തിരിച്ചറിയാം? അവ എത്രമാത്രം അപകടകരമാ‌ണ്?

മിനിസ്ട്രോക്കുകളുടെ രോഗലക്ഷണങ്ങൾ സാക്ഷാൽ സ്ട്രോക്കിനു സമാനമായിട്ടുള്ളതാണ്. എന്നാൽ മിനി സ്ട്രോക്കിന്റെ ലക്ഷണങ്ങൾക്കു താരമതമ്യേന തീവ്രത കുറവായിരിക്കും. അവ ഏതാനും മണിക്കൂറുകൾ മാത്രമേ ‌നിൽക്കൂ. പരമാവധി 24 മണിക്കൂർ മാത്രമേ മിനി സ്ട്രോക്കിന്റെ ലക്ഷണങ്ങൾ ‌ഉണ്ടായിരിക്കുകയുള്ളൂ. ചിലപ്പോഴൊക്കെ രോഗലക്ഷണങ്ങൾ ഇല്ലാതെയും ‌തലച്ചോറിനുള്ളിൽ സ്ട്രോക്ക് വരാറുണ്ട്. മറ്റ് എന്തെങ്കിലും ഒരു കാരണത്തിനായി സ്കാൻ ചെയ്യുമ്പോഴായിരിക്കും രോഗിക്ക് പണ്ടെപ്പോഴോ സ്ട്രോക്ക് ‌വന്നതായി ‌തിരിച്ചറിയാൻ സാധിക്കുക. മിനി സ്ട്രോക്കുകൾ ഒക്കെ തന്നെയും ‌പ്രഥമദൃഷ്ട്യാ അപകടകാരികൾ അല്ല. എന്നാലും വരാൻ പോകുന്ന വലിയ സ്ട്രോക്കിന്റെ ‌മുന്നോടിയാണ് മിനി സ്ട്രോക്കുകൾ. ഇതു വന്നു കഴിഞ്ഞാൽ നല്ലൊരു ‌ശതമാനം പേർക്കും അടുത്ത ദിവസങ്ങളിൽ വലിയ സ്ട്രോക്ക് വരാനുള്ള ‌സാധ്യത ‌ഉണ്ട്. അഞ്ചു ശതമാനം പേർക്ക് അടുത്ത രണ്ടു ദിവസത്തിനുള്ളിലും 25 ശതമാനം പേർക്ക് അടുത്ത മൂന്നു മാസത്തിനുള്ളിലും സ്ട്രോക്ക് വരാൻ സാധ്യതയുണ്ടെന്നാണ് ‌കണക്ക്. അതുകൊണ്ടു തന്നെ മിനി സ്ട്രോക്ക് വന്ന രോഗികളെ പരിശോധനകൾക്ക് വിധേയമാക്കുകയും സ്ട്രോക്കിലേക്ക് നയിക്കാവുന്ന സാഹചര്യങ്ങൾ ‌എന്തൊക്കെയാണെന്ന് കൃത്യമായി കണ്ടുപിടിക്കുകയും അതിനുള്ള ‌ചികിത്സ എടുപ്പിക്കുകയും ചെയ്യേണ്ടതാണ്. സ്ട്രോക്ക് വരുന്നു എന്ന് അറിയിക്കുന്ന ഒരു ‌സൂചനയാണ് മിനിസ്ട്രോക്ക്.

∙ സ്ട്രോക്ക് വരുമ്പോൾ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണം. ‌സാധാരണയായി ഒരു അടിയന്തരഘട്ടം വരുമ്പോൾ ഏറ്റവും അടുത്തുള്ള ‌ആശുപത്രിയിലേക്കു പോവുകയാണ് ചെയ്യുന്നത്. സ്ട്രോക്കിന്റെ കാര്യത്തിൽ ‌സ്ട്രോക്കിനു കൊടുക്കുന്ന ത്രോംബോളിസിസ് എന്ന ചികിത്സ ലഭ്യമാകുന്ന ‌സ്ഥലത്ത് പോയാലേ പ്രയോജനമുള്ളു. പ്രത്യേകിച്ചു സ്ട്രോക്ക് വന്ന ആദ്യത്തെ നാലര മണിക്കൂറിനുള്ളിൽ. സ്ട്രോക്കിനു ചികിത്സ ഉണ്ടെന്നു പേരുള്ള ‌ആശുപത്രി അല്ലെങ്കിൽ സാമാന്യം വലിയ ആശുപത്രികൾ, മെഡിക്കൽ കോളജ്, ജനറൽ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിൽ തന്നെ പോകണം.

∙ പെട്ടെന്നു ബിപി അഥവാ രക്തസമ്മർദം കൂടിയിട്ടല്ല സ്ട്രോക്ക് വരുന്നത്. അതുകൊണ്ടുതന്നെ സ്ട്രോക്ക് രോഗികുടെ രക്തസമ്മർദം ക്രമേണയാണ് ‌കുറയ്ക്കേണ്ടത്. ഉയർന്ന രക്തസമ്മർദം പെട്ടെന്നു കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഉയർന്ന രക്തസമ്മർദമായി രാവിലെ ആശുപത്രിയിൽ വന്നിട്ട് അതു വൈകിട്ടായിട്ടും കുറഞ്ഞിട്ടില്ല എന്ന ഒരു പരാതി കേൾക്കാറുണ്ട്. എന്നാൽ ചില ‌പ്രത്യേകതരം സ്ട്രോക്കുകളിൽ ഉണ്ടാകുന്ന ഉയർന്ന രക്തസമ്മർദം പെട്ടെന്നു തന്നെ കുറയ്ക്കാൻ ഡോക്ടർമാർ ശ്രമിക്കാറില്ല. ഉയർന്ന രക്തസമ്മർദം വളരെ ‌ഉയർന്നതാണെങ്കിൽ അതിനെ കുറയ്ക്കാൻ ശ്രമിക്കുന്നു. പക്ഷേ, അത് ‌സാധാരണ നിലയിലാക്കുന്നത് ചിലപ്പോൾ ഏതാനും ദിവസങ്ങൾ കൊണ്ടായിരിക്കും.

∙ ആദ്യ നാലര മണിക്കൂറിനുള്ളിൽ വീനസ് ത്രോംബോലൈസിസ് എന്ന വില കൂടിയ കുത്തിവയ്പ് കൊടുക്കാൻ സാധിക്കും. നാലര മണിക്കൂറിനു ശേഷമാണ് രോ‌ഗി ‌എത്തുന്നതെങ്കിൽ നല്ലൊരു ശതമാനം പേര്‍ക്കും കേവലം ആസ്പിരിൻ ‌എന്ന ഗുളിക മാത്രമേ ചികിത്സയ്ക്ക് ആവശ്യം വരാറുള്ളൂ. വീനസ് ത്രോംബോലൈസിസ് ‌എന്ന ചികിത്സയ്ക്ക് 40000 ത്തോളം രൂപ ചെലവുണ്ടെങ്കില്‍ ആസ്പിരിൻ എന്ന ഗുളികയ്ക്ക് ഒരു രൂപ അല്ലെങ്കിൽ രണ്ടു രൂപ വരെ ചെലവേയുള്ളൂ. പലപ്പോഴും ഒരു വശം തളര്‍ന്ന് എത്തിയ രോഗിയെ ഒരുപക്ഷേ പരിചരിക്കുന്നത് അത്യാഹിതവിഭാഗത്തിലോ, തീവ്രപരിചരണ വിഭാഗത്തിലോ ആയിരിക്കും. പക്ഷേ, അവർക്ക് നൽകുന്നത് ഈ കേവലം രണ്ടു രൂപയുടെ ഗുളികയായിരിക്കും. ഇതു മൂലം ചിലരെങ്കിലും വേണ്ട രീതിയിലുള്ള ചികിത്സ കിട്ടുന്നില്ല എന്നു സംശയിക്കാറുണ്ട്. പക്ഷേ, ആഗോളമായി അംഗീകരിക്കപ്പെട്ട രീതിയിൽ നാലരമണിക്കൂർ കഴിഞ്ഞെത്തുന്ന നല്ലൊരു ‌ശതമാനം പേർക്കും ഈ ആസ്പിരിൻ ഗുളിക മാത്രമേ സ്ട്രോക്ക് വരുമ്പോൾ ആവശ്യമായി വരാറുള്ളൂ.

∙ കണ്ണുമായി ബന്ധപ്പെട്ട ചില രോഗലക്ഷണങ്ങള്‍ സ്ട്രോക്കിന്റെ ഭാഗമായി ‌ഉണ്ടാകാം. ഒരു കണ്ണിനു മാത്രം ‌പെട്ടെന്നു വന്നിട്ടു പോകുന്ന അടവ് അഥവാ കാഴ്ചയില്ലായ്മ സ്ഥായിയായി നിൽക്കുന്ന ഒരു കണ്ണിനെ മാത്രം ബാധക്കുന്ന കാഴ്ചയില്ലായ്മ, ഒരു ഭാഗത്തേക്ക് നോക്കുമ്പോൾ വേണ്ട രീതിയിൽ കാണാൻ ബുദ്ധിമുട്ടായിരിക്കുക, ഈ അവസ്ഥകളൊക്കെ തന്നെയും കണ്ണിനു കാര്യമായിട്ട് ബാധിക്കുന്ന അവസ്ഥക‌ളാണ്. ഇതു കാഴ്ചയുമായി ബന്ധപ്പെട്ട അവസ്ഥകളാണ്. അതേസമയം കൺപോള ‌പെട്ടെന്ന് അടഞ്ഞു പോവുക, പെട്ടെന്നു കോങ്കണ്ണ് പ്രത്യക്ഷപ്പെടുക, വല്ലാത്ത ചാഞ്ചാട്ടം അനുഭവപ്പെടുക, രണ്ടായിട്ടു കാണുക തുടങ്ങിയ ലക്ഷണങ്ങളും ‌സ്ട്രോക്കിന്റെ ഭാഗമായി വരാവുന്നതാണ്.

ഡോ. റോബർട്ട് മാത്യു
ചീഫ് ന്യൂറോളജിസ്റ്റ്,
അനുഗ്രഹം ന്യൂറോ കെയർ,
പട്ടം, തിരുവനന്തപുരം