ചങ്കാണ് കിഡ്നി

എന്തൊക്കെ വിഷാംശങ്ങളാണ് ഓരോ ദിവസവും നമ്മൾ അകത്താക്കുന്നത്... ഭക്ഷണത്തിലൂടെ, വെള്ളത്തിലൂടെ, വായുവിലൂടെ... അതിൽ ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന മാലിന്യങ്ങൾ അരിച്ചു മാറ്റുന്ന അരിപ്പ ശരീരത്തിലുണ്ട്. ആ അരിപ്പയെ ഓർമിക്കുന്ന ദിവസമാണ് മാർച്ചിലെ രണ്ടാമത്തെ വ്യാഴം. അതായത് വൃക്ക ദിനം. ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് കിഡ്നി ഫൗണ്ടേഷൻസും ഇന്റർനാഷനൽ സൊസൈറ്റി ഓഫ് നെഫ്രോളജിയും കൂടിയാണ് നമ്മുടെ ശരീരത്തിലെ ഈ ശുദ്ധീകരണശാലയ്ക്ക് ഒരു ദിനം കൽപ്പിച്ചു കൊടുതത്ത്. വിശ്രമില്ലാതെ പണിയെടുക്കുന്ന ആ പോരാളികൾക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട്, അവയുടെ ആരോഗ്യം ക്ഷയിപ്പിക്കുന്ന നടപടികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുമെന്നു നമുക്കു പ്രതിജ്ഞയെടുക്കാം.

ചൂടുകാലം വൃക്കകൾക്ക് അത്യധ്വാനത്തിന്റെ നാളുകളാണ്. കൊടും ചൂടിൽ ആവശ്യത്തിനു വെള്ളം കുടിക്കാതെ നമ്മൾ അവയുടെ അധ്വാനം കൂട്ടരുത്, അവയെ തളർത്തരുത്. രക്തത്തെ ശുദ്ധീകരിക്കുന്ന വൃക്കകൾക്ക് ഉണ്ടാകുന്ന ചെറിയ ക്ഷീണം പോലും ശരീരത്തെ നന്നായി ബാധിക്കും. ഹ്രസ്വകാലാടിസ്ഥാനത്തിലാണെങ്കിലും ദീർഘകാലത്തേക്കാണെങ്കിലും അവ ദോഷം ചെയ്യും. കിഡ്നി സ്റ്റോൺ ആണ് ഇന്ന് ഏറ്റവും പ്രശ്നമുണ്ടാക്കുന്നതും വ്യാപകമായി കണ്ടുവരുന്നതും. ചൂടുകാലത്ത് കിഡ്നി സ്റ്റോണിന്റെ കാഠിന്യം ഇരട്ടിക്കുമെന്ന് ആശുപത്രിയിലെത്തുന്നവരുടെ കണക്കുകൾ പറയുന്നു. നന്നായി വെള്ളം കുടിച്ചാൽ തന്നെ വൃക്കയുടെ ആരോഗ്യം ഒരു പരിധിവരെ സംരക്ഷിക്കാം. അധികമാകുന്ന ജലം അവ നീക്കം ചെയ്യുകയും ശരീരത്തിലെ ജലത്തിന്റെ അളവ് സന്തുലനാവസ്ഥയിൽ നിലനിർത്തുകയും ചെയ്യും.

ഒന്നു മനസ്സുവച്ചാൽ നമുക്ക് വൃക്കയെ സഹായിക്കാം. താഴെ പറയുന്ന കാര്യങ്ങളിൽ അൽപം ശ്രദ്ധകൊടുത്താൽ മതിയാകും.

∙ഒന്നാമതും രണ്ടാമതും മൂന്നാമതും പറയാനുള്ളത്– ധാരാളം വെള്ളം കുടിക്കുക. 120–140 മിനിറ്റ് കൂടുമ്പോൾ മൂത്രമൊഴിക്കണമെന്നു തോന്നുന്നില്ലെങ്കിൽ ആവശ്യത്തിനു വെള്ളം കുടിക്കുന്നില്ലെന്നാണു വിദഗ്ധാഭിപ്രായം. നാരങ്ങാവെള്ളം, സംഭാരം, തുളസിയില, രാമച്ചം, കരിങ്ങാലി ഇവയൊക്കെ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. പക്ഷേ ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുന്നത് അത്ര നല്ലതല്ലെന്നാണു പറയുന്നത്. ഉപ്പ് ദാഹം കൂട്ടുമത്രെ. ഉപ്പുതിന്നവൻ വെള്ളം കുടിക്കും എന്നാണല്ലോ. ഉപ്പിന്റെ അമിതമായ ഉപയോഗം കിഡ്നി സ്റ്റോൺ സാധ്യത വർധിപ്പിക്കും.

∙കണ്ടതെല്ലാം വാരിവലിച്ചു കഴിക്കാതെ, ആരോഗ്യകരമായ ഭക്ഷണശീലം മുറുകെപ്പിടിക്കുക. രക്തത്തിലെ ഗ്ലൂക്കോസ് കൂട്ടുന്ന ആഹാരങ്ങൾക്കു പിന്നാലെ പോകരുത്. കാർബണേറ്റഡ് ഡ്രിങ്കുകൾ, കോളകൾ, ഓക്സലേറ്റ് സാന്നിധ്യം അധികമുള്ള പാനീയങ്ങൾ ഇവയൊക്കെ ഒഴിവാക്കാം.

∙പ്രോട്ടീന്റെ അളവ് വളരെയേറെ കൂടിയ ഭക്ഷണം ഈ ചൂടുകാലത്ത് ഉപേക്ഷിക്കുന്നതാണു നല്ലത്. ദഹനപ്രക്രിയയിൽ ഉപോൽപന്നമായി യൂറിക് ആസിഡ് ഉണ്ടാകുമെന്നതാണ് ഒരു പ്രത്യാഘാതം. അതിന്റെ ഫലമായി കിഡ്നി സ്റ്റോൺ സാധ്യത കൂടും.

∙ നിരന്തരം ചായയോ കാപ്പിയോ കുടിക്കുന്നതും പ്രശ്നം തന്നെ. സംഗതി വെള്ളമൊക്കെയാണ്. പക്ഷേ, കാപ്പിയിലെ കഫീൻ നിർജലീകരണം ത്വരിതപ്പെടുത്തുമെന്നു കണ്ടെത്തിയിട്ടുണ്ട്. നിർജലീകരണം വൃക്കയുടെ ശരിയായ പ്രവർത്തനത്തെ ബാധിക്കും.

∙ ഏത് അസുഖത്തിനായാലും ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ കഴിക്കരുത്. സ്വന്തമായി വാങ്ങിക്കഴിക്കുന്ന വേദനാസംഹാരികളിലെയും ആന്റിബയോട്ടിക്കുകളിലെയും ഘടകങ്ങൾ വൃക്കകളുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കും.