Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സ്മോൾ’ ആകാം, ഹൃദയത്തിന് നല്ലതാണ്...!!

beverage-glass

ചോക്കലേറ്റ് കഴിച്ചാൽ ബുദ്ധി കൂടും, കാപ്പി കുടിച്ചാൽ കാൻസർ വരില്ല തുടങ്ങിയ വിവരങ്ങളുമായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഓരോ ദിവസവുമെത്തുന്ന പഠന റിപ്പോർട്ടുകൾക്ക് കയ്യും കണക്കുമില്ല. ‘ഇതൊക്കെ സത്യമാണോ’ എന്ന ആശ്ചര്യത്തോടെയേ അത്തരം റിപ്പോർട്ടുകളെ നമുക്ക് സമീപിക്കാനുമാകൂ. അത്തരമൊരു പഠന റിപ്പോർട്ട് കഴിഞ്ഞ ദിവസം നോർവെയിൽ നിന്നു വന്നിരിക്കുന്നു. ചെറിയ തോതിലുള്ള മദ്യപാനം ഹൃദയാരോഗ്യത്തിനു നല്ലതാണെന്നാണ് നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (എൻടിഎൻയു) ഗവേഷണ റിപ്പോർട്ടിലുള്ളത്.

മദ്യമോ വൈനോ ബിയറോ കുറഞ്ഞ അളവിൽ ഇടയ്ക്ക് കഴിക്കുന്നവർക്ക് ഇതെല്ലാം വളരെ അപൂർവമായി ഉപയോഗിക്കുന്നവരോ ഒരിക്കലും ഉപയോഗിക്കാത്തവരോ ആയുള്ളവരുമായി തട്ടിച്ചു നോക്കുമ്പോൾ ഹൃദയാഘാതം വരാനുള്ള സാധ്യത കുറവാണെന്നും റിപ്പോർട്ടിലുണ്ട്. എന്നുവച്ച് മുഴുക്കുടിയനാകരുത്, ആഴ്ചയിൽ വളരെ കുറഞ്ഞ അളവിൽ മൂന്നു മുതൽ അഞ്ചു വരെ ‘ഡ്രിങ്ക്’ കഴിക്കുകയാണെങ്കിൽ ഹൃദയത്തിനു നല്ലതാണെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. ഇത്തരക്കാർക്ക് ഒട്ടും മദ്യപിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ഹൃദയരോഗ സാധ്യത 33% കുറവായിരിക്കും. ഹൃദ്രോഗങ്ങളെപ്പറ്റിയും ഹൃദയാഘാതത്തെപ്പറ്റിയും നടത്തിയ രണ്ട് വ്യത്യസ്ത പഠനഫലത്തിൽ നിന്നാണ് ഈ കണ്ടെത്തൽ. അതായത് ഹൃദയത്തിൽ നിന്ന് രക്തം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ‘പമ്പ്’ ചെയ്യാനാകാത്ത അവസ്ഥയെയും ഹൃദയത്തിലേക്ക് രക്തം എത്തുന്നതിനു തടസ്സം നേരിടുന്നതിനെയുമായിരുന്നു വിശകലനം ചെയ്തത്. ഇവ രണ്ടുമായി മദ്യപാനം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു പരിശോധിച്ചു.

1995-97 സമയത്ത് രാജ്യത്ത് നടത്തിയ ഒരു ആരോഗ്യപഠനത്തിൽ ഹൃദയത്തിന് തകരാറൊന്നുമില്ലെന്നു കണ്ടെത്തിയ 60,665 പേരെയാണ് എൻടിഎൻയു ഗവേഷണത്തിനായി തിരഞ്ഞെടുത്തത്. 1998 മുതൽ 2008 വരെയായിരുന്നു എൻടിഎൻയുവിന്റെ പഠനം. അക്കാലത്ത് 1588 പേർക്ക് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടായി. അതായത് ഹൃദയത്തിൽ നിന്ന് രക്തം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കാര്യക്ഷമമായി ‘പമ്പ്’ ചെയ്യാനാകാത്ത അവസ്ഥ. ഇവരിൽ ഒരിക്കലും മദ്യപിക്കാത്തവർക്കും മുഴുക്കുടിയന്മാർക്കുമായിരുന്നു ഏറെയും ഈ പ്രശ്നമുണ്ടായതെന്നാണു കണ്ടെത്തൽ. മിതമായ അളവിൽ മദ്യപിക്കുന്നവർക്കാകട്ടെ ഇതുസംബന്ധിച്ച പ്രശ്നം വളരെ കുറവും. ഹൃദയാഘാതം സംബന്ധിച്ച പഠനത്തിന് 58,827 പേരെയാണ് ഉൾപ്പെടുത്തിയത്. അവർ എപ്പോഴെല്ലാം, എത്രമാത്രം മദ്യപിക്കുന്നെന്നും പരിശോധിച്ചു. ഇവരിലും ഒട്ടും മദ്യപിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ തോതിൽ മദ്യപിക്കുന്നവർക്ക് ഹൃദയാഘാതം റിപ്പോർട്ട് ചെയ്തത് കുറവായിരുന്നു. പഠന റിപ്പോർട്ടുകൾ ഇന്റർനാഷനൽ ജേണൽ ഓഫ് കാർഡിയോളജി, ജേണൽ ഓഫ് ഇന്റേണൽ മെഡിസിൻ എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇത്തരത്തിൽ മിതമായ ആൽക്കഹോളിന് കൊളസ്‌ട്രോളിനെ കുറയ്‌ക്കാൻ കഴിയുമെന്ന് പാശ്‌ചാത്യ പഠനങ്ങൾ നേരത്തെയും തെളിയിച്ചിട്ടുണ്ടെന്നത് സത്യം. എന്നാൽ ആൽക്കഹോളിൽ ഉള്ള ആന്റി ഓക്‌സിഡന്റ്‌സ് പച്ചക്കറികളിൽ നിന്നും നമുക്ക് ലഭിക്കുന്നുണ്ട്. അതിനാൽത്തന്നെ, മാംസാഹാരങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന പാശ്‌ചാത്യർ അവരുടെ ജീവിത ശൈലി അടിസ്‌ഥാനമാക്കി നടത്തുന്ന പഠനങ്ങൾ കേരളത്തിൽ പൂർണമായി ശരിയാകില്ലെന്നാണ് ഡോക്ടർമാരുടെ പക്ഷം. മദ്യം നല്ലതാണെന്ന് അവർ പറഞ്ഞാലും അതേപടി നമ്മൾ വിശ്വസിക്കേണ്ടതില്ലെന്നു ചുരുക്കം. പുരുഷന്മാർ രണ്ടു ഗ്ലാസ് വീഞ്ഞും സ്‌ത്രീകൾ ഒരു ഗ്ലാസ് വീഞ്ഞും സ്‌ഥിരമായി ഉപയോഗിച്ചാൽ ഹൃദയാഘാതം വരാൻ സാധ്യത കുറയുമെന്നും നേരത്തെ പഠനറിപ്പോർട്ട് വന്നിട്ടുണ്ട്. എന്നിരുന്നാലും മുഴുക്കുടിയന്മാരുടെ ഹൃദയത്തിന്റെ കൊടുംശത്രുവാണ് മദ്യം എന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ല. അത് രക്തസമ്മർദം കൂട്ടുന്നു. ഹൃദയത്തിന്റെ പേസ്‌മേക്കർ സംവിധാനത്തിന്റെ പ്രവർത്തനം തകരാറിലാക്കുന്നതോടെ ഹൃദയസ്‌പന്ദനവും താളം തെറ്റും. ഹൃദയപേശികളെ ദുർബലമായി പ്രവർത്തനക്ഷമത കാലക്രമേണ നശിക്കുന്നതാണ് മറ്റൊരു പ്രശ്നം. കൃത്യമായിപ്പറഞ്ഞാൽ മദ്യം സംബന്ധിച്ച ഒരു റിപ്പോർട്ടും കണ്ണുംപൂട്ടി വിഴുങ്ങരുതെന്നർഥം. രോഗിയുടെ സ്‌ഥിതി അറിഞ്ഞാൽ മാത്രമേ ഒരു പെഗ്ഗ് എങ്കിലും കഴിക്കാൻ പറ്റുമോയെന്ന് പറയാൻ കഴിയൂവെന്നും മെ‍ഡിക്കൽ വിദഗ്ധരുടെ പക്ഷം.

Your Rating: