Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേദനകൾക്കിടയിലും ചിരിച്ചെത്തുന്ന മാലാഖ

nurses-day

"ഇതു നമ്മുടെ വിജയമ്മയുടെ മകളല്ലേ! കണ്ടിട്ടും എന്തേ അവൾ ഒന്നു ചിരിക്കുകയോ പരിചയം കാണിക്കുകയോ ചെയ്യാതെ പോകുന്നത്?" കഴിഞ്ഞ ദിവസം കോട്ടയത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പോയപ്പോൾ കേട്ട ഒരു അമ്മയും മകളും തമ്മിലുള്ള സംഭാഷണം ആണിത്.

നഴ്സുമാരുടെ ദിനം ആണല്ലോ വരുന്നത്. നേരിട്ടു ചെന്ന് നഴ്സുമാരുടെ ജോലിയെക്കുറിച്ചു ചോദിച്ചാൽ നല്ല കാര്യങ്ങൾ അല്ലാതെ ഭൂരിഭാഗം പേരും ദുരിതങ്ങളുടെ കെട്ടഴിക്കാൻ തയാറാകില്ല. പ്രത്യേകിച്ച് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ. അതുകൊണ്ടു തന്നെയാണ് കാര്യങ്ങൾ കണ്ട് മനസിലാക്കാമെന്നു കരുതിയത്. ചെന്നപാടേ കേട്ട ഒരു സംഭാഷണമാണ് മുകളിൽ കുറിച്ചത്. ഇതു കേട്ടപ്പോൾ ആകാംക്ഷ തോന്നി. മറ്റൊന്നും കൊണ്ടല്ല, മുകളിൽ പറഞ്ഞ അമ്മയും മകളും ആ നഴ്സിനെ വളരെ അടുത്തറിയാവുന്നവരാണെന്നത് വാക്കുകളിൽ സ്പഷ്ടമായിരുന്നു. മാത്രമല്ല, ആ മകൾ പറയുന്നുണ്ടായിരുന്നു, ഇടയ്ക്ക് ആവൾ എന്നെ കണ്ടപ്പോൾ കുഞ്ഞിന്റെ വിശേഷങ്ങൾ ഒക്കെ ചോദിച്ചതാണല്ലോ എന്നും. എന്നിട്ട് എന്താകും ഇപ്പോൾ കണ്ട ഭാവം നടിക്കാതെ പോയതിനു പിന്നിൽ. ഇവർ സംഭാഷണം തുടരുമ്പോൾ എന്റെ കണ്ണുകൾ ആ കുട്ടിയുടെ പിറകേയായിരുന്നു. നഴ്സിങ്ങിനു പഠിക്കുന്ന കുട്ടിയാണെന്നത് യൂണിഫോമിലും ഐഡന്റിറ്റി കാർഡിൽ നിന്നും വ്യക്തം.

പരിചയഭാവം കാണിക്കാത്തതിന്റെ കാരണം മനസിലാക്കാൻ അധികസമയം വേണ്ടി വന്നില്ല. ഇവരുടെ കണ്ണിൽ പെടില്ല എന്ന ഉറപ്പോടെ കുറച്ച് അകലേക്ക് മാറിയ ആ കുട്ടി തിരിഞ്ഞുനോക്കി. കുറച്ചു കൂടി മുന്നോട്ടു നീങ്ങിയപ്പോൾ അതേ വെള്ള വസ്ത്രധാരിയായ മറ്റൊരു കുട്ടിയോടു പറയുന്നത് കേൾക്കാമായിരുന്നു, ‘അവിടെ നിൽക്കുന്നവരെ എനിക്കു നന്നായി അറിയാം. അവർ എന്നെയും കണ്ടിരുന്നു. പക്ഷേ എന്തു ചെയ്യാനാ?’ രണ്ടു പേരുടെയും മുഖത്ത് നിസംഗഭാവം. പെട്ടെന്നു തന്നെ രണ്ടുപേരും ഇരുവരുടെയും വഴിക്കു പോകുകയും ചെയ്തു.

ആ കുട്ടിയുടെ പിറകേ ഞാനും പോയി. അതു ചെന്നു നിന്നത് ഒരു ഡോക്ടറുടെ കാബിനു മുന്നിൽ, അടച്ചിട്ട ഡോറിനു വെളിയിൽ. അതിനു മുന്നിലുള്ള കസേരയിൽ ഞാനും ഇരുന്നു. ഏകദേശം 10–12 പേർ അവിടെ ഡോക്ടറെ കാത്ത് നിൽപ്പുണ്ട്. ഇതിനിടയിൽ ഒരു വയോധികൻ ചെന്ന് ആ കുട്ടിയോട് എന്തോ ചോദിച്ചു, അതു മറുപടിയും പറഞ്ഞു. തിരികെ സീറ്റിലെത്തിയ ആ വയോധികൻ തൊട്ടടുത്തിരുന്ന ഭാര്യയോട് പറയുന്നുണ്ടായിരുന്നു, ആ കൊച്ചിന് ഒന്നും അറിയില്ലാന്ന്. ഇവരുടെ സംസാരം കേട്ടപ്പോൾ മനസിലായി, റൗണ്ട്സിനു പോയ ഡോക്ടറെ കാത്ത് ഇരിക്കുകയാണെന്ന്.

ആ കുട്ടിയുടെ പരിചയം സമ്പാദിക്കാൻ ഒരു ചിരി സമ്മാനിച്ചു ഞാൻ കാത്തു. ചിരിക്കണോ അതോ വേണ്ടയോ എന്ന ഭാവത്തിൽ ആ കുട്ടി എന്നെയും നോക്കി. പതിയെ അടുത്തു ചെന്ന് ചോദിച്ചു, ഡോക്ടർ അകത്തില്ലേ? ഇല്ല, റൗണ്ട്സിനു പോയിരിക്കുവാ, എപ്പോൾ വരുമെന്ന് അറിയില്ല. നഴ്സിങ് സ്റ്റുഡന്റ് ആണോ? അതേ, എന്ന ഭാവത്തിൽ തലയാട്ടി. സംസാരിക്കുന്നതിൽ ബുദ്ധിമുട്ടോ പ്രശ്നമോ ഉണ്ടോയെന്നു ചോദിച്ചപ്പോൾ എന്താ കാര്യമെന്നായി ആ കുട്ടി. ഞാൻ ഒരു ലേഖനം തയ്യാറാക്കാനായി വന്നതാണ് എനിക്കു കുറച്ചു വിവരങ്ങൾ തരാമോയെന്നു ചോദിച്ചപ്പോഴേ ആ കുട്ടി എന്തോ ഭയപ്പെട്ടിട്ടെന്ന പോലെ അയ്യോ, ഇല്ല, പരിചയക്കാരോടു പോലും സംസാരിക്കാൻ പാടില്ല എന്നാണ് കിട്ടിയിട്ടുള്ള നിർദേശം. ചേച്ചി പൊയ്്ക്കോളൂ എന്നു പറ‍ഞ്ഞ് കാഴ്ച എന്നിൽ നിന്നു മാറ്റി വേറേ കോണിലേക്കു തിരിച്ചു. ഞാൻ പിൻമാറുന്നില്ലെന്നായപ്പോൾ ചേച്ചി, ആരെങ്കിലും കണ്ടുകൊണ്ടു വന്നാൽ എനിക്കു പണിഷ്മെന്റ് ഉറപ്പാണ് എന്നു ദയനീയതയോടെ പറഞ്ഞു.

അതു കേട്ടപ്പോൾ ഞാനും കരുതി, ഇനി ഇവിടെ നിന്നിട്ടു കാര്യമുണ്ടാകില്ല, ഈ കുട്ടി ഒന്നും പറയുമെന്ന് തോന്നുന്നില്ല, പ്രത്യേകിച്ച് ആശുപത്രി പരിസരത്തുവച്ച്. ഈ കുട്ടി എന്നല്ല, ഒരാളും പേടിച്ച് മിണ്ടാൻ പോകുന്നില്ല.

അവിടംവിട്ട് കാഷ്വാലിറ്റിക്കു സമീപത്തെത്തിയപ്പോൾ നീണ്ട ശകാരം കേട്ടു. അവിടെ അൽപ്പനേരം നിന്നപ്പോൾ കാര്യം പിടികിട്ടി. കാഷ്വാലിറ്റിയിൽ കിടക്കുന്ന ഒരു രോഗിയുടെ കൂട്ടിരിപ്പുകാരനാണ് നഴ്സിനോടു തട്ടിക്കയറുന്നത്. രോഗിക്ക് ബാത്റൂമിൽ പോകണം, അതിനായി കൈയിൽ ഇട്ടിരിക്കുന്ന ഐവി മാറ്റാനായി സിസ്റ്ററെ വിളിച്ചിരുന്നു. അവർ വരാ‍ൻ അൽപം വൈകിയതിനായിരുന്നു ഈ തട്ടിക്കയറൽ. കാര്യം അവർ വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവർ കേട്ട ഭാവമേ നടിക്കുന്നില്ല. പിന്നെ ആ നഴ്സും ഒന്നും മിണ്ടാതെ ഐവി മാറ്റിക്കൊടുത്ത് തിരികെ വന്ന് ജോലിയിൽ മുഴുകി. കാഷ്വാലിറ്റിയിലെ നഴ്സിങ് റൂമിലേക്കു നോക്കിയപ്പോഴാണ് ഒരു കാര്യം മനസിലായത്, അവിടെ അപ്പോൾ ആകെ ഉള്ളത് നാലു നഴ്സുമാർ മാത്രം. ഇതിൽ ഒരാൾ സ്റ്റുഡന്റുമാണ്. നെബുലൈസേഷൻ ചെയ്തുകൊണ്ടിരിക്കുന്ന രണ്ടു കുട്ടികൾ. വാക്സിനേഷനായി കാത്ത് കുട്ടികളുൾപ്പടെ നാലഞ്ചു പേർ ഉണ്ട്. ഏകദേശം മൂന്നു വയസുള്ള കുഞ്ഞിനെ ഇൻജക്ഷൻ കൊടുക്കാനായി മൂന്നു പേർ കൂടി പിടിച്ചിട്ടും രക്ഷയില്ല. ഇതാണ് അവിടത്തെ അവസ്ഥ.

നഴ്സിങ് പഠിക്കുന്ന കാലത്ത് പട്ടിക്കു തുല്യമാണെന്ന് ഇപ്പോൾ നഴ്സിങ് മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ആശ( പേര് യഥാർഥമല്ല) പറയുന്നു. തറ തുടയ്ക്കൽ മുതലുള്ള ജോലികൾ ചെയ്യണം. രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും നഴ്സുമാരുടെയും ഡോകടർമാരുടെയും എല്ലാം വഴക്കും കേൾക്കാൻ വിധിക്കപ്പെട്ടവാരണ് ഈ പാവം വിദ്യാർഥികൾ. എന്തു പറഞ്ഞാലും തിരിച്ചൊന്നും പറയാൻ കഴിയാതെ നിർവികാരതയോടെ കേട്ടുകൊണ്ടിരിക്കാൻ മാത്രമേ പറ്റൂ. ബാങ്ക് ലോൺ എടുത്തുള്ള പഠനം കൂടിയാകുമ്പോൾ അതോർത്ത് എല്ലാം സഹിക്കും. മറ്റുള്ളവരുടെ മുന്നിൽ വച്ചുള്ള പരിഹാസമൊക്കെ എത്ര തവണ കേട്ടിരിക്കുന്നു. പിന്നീട് അതു ശീലമാകും. നഴ്സിങ് പഠനം ഇങ്ങനെ ആണെന്ന യാഥാർത്യം ഉൾക്കൊണ്ടു കഴിയുമ്പോൾ പിന്നെ അങ്ങു സഹിക്കുക തന്നെ.

ഇതൊക്കെ കേൾക്കുമ്പോൾ എല്ലാ ആശുപത്രികളിലും ഇങ്ങനെ ആണെന്ന് തെറ്റിദ്ധരിക്കരുതേ. പറഞ്ഞിരിക്കുന്ന ഷിഫ്റ്റിൽ മാത്രം ജോലി ചെയ്ത് വീട്ടിൽ പോകാൻ അനുവദിക്കുന്ന ആശുപത്രികളുമുണ്ട്. പിന്നെ എന്തെങ്കിലും അടിയന്തിര സാഹചര്യം വരുമ്പോൾ മാത്രമേ കൂടുതൽ സമയം നിൽക്കേണ്ടി വരുന്നുള്ളു. അത്യാവശ്യം മെച്ചപ്പെട്ട ശമ്പളവും ലഭിക്കുന്നുണ്ടെന്ന് തിരുവന്തപുരം നഗരത്തിലെ ഒരു ആശുപത്രിയിലെ നഴ്സായ സീമ പറയുന്നു. ആദ്യമൊക്കെ വളരെ പരിതാപകരമായ അവസ്ഥയായിരുന്നു. എന്നാൽ നഴ്സുമാരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സമരം പൊട്ടിപ്പുറപ്പെട്ടതോടെ മാനേജ്മെന്റ് ഞങ്ങൾക്ക് അനുകൂല തീരുമാനമെടുത്തു. അതുകൊണ്ടുതന്നെ ഞങ്ങളുടെ ആവശ്യങ്ങൾക്കായി സമരം നടത്തേണ്ട അവസ്ഥ ഉണ്ടായില്ല. പിന്നെ അത്യാവശ്യ സാഹചര്യങ്ങൾ വരുമ്പോൾ നമ്മൾ സ്വയം തന്നെ ഷിഫ്റ്റ് ഒന്നും നോക്കാതെ ജോലി ചെയ്യും. ഇതിനുള്ള അഭിനന്ദന വാക്കുകളും പലപ്പോഴും ലഭിക്കാറുണ്ട്.

നഴ്സുമാരെ അർഹിക്കുന്ന പ്രാധാന്യം നൽകി കാണുന്ന രോഗികളും കുറവല്ലെന്നു പറയുകയാണ് തിരുവന്തപുരംകാരിയായ സരിത. ഞാൻ 10 വർഷമായി നഴ്സ് ആയി ജോലി ചെയ്യുകയാണ്. ജോലി തുടങ്ങിയ സമയത്ത് എന്തിനും ഏതിനും രോഗികൾ നഴ്സുമാരോട് തട്ടിക്കയറുമായിരുന്നു. എന്നാൽ ഇപ്പോൾ ആ അവസ്ഥയ്ക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട്. അവരുടെ പ്രശ്നങ്ങൾ തുറന്നു പറയുകയും രോഗം ഭേദമായി തിരിച്ചു പോകുമ്പോൾ വന്നു കണ്ട് നല്ല വാക്കുകൾ പറഞ്ഞു മടങ്ങിപ്പോകുന്നവരും കുറവല്ല. എവിടെയെങ്കിലും വച്ചു കാണുമ്പോൾ പഴയ പരിചയം പുതുക്കാൻ പലരും ഓടിയെത്താറുമുണ്ട്.

ഇങ്ങനെ കയ്പും മധുരവും നിറഞ്ഞതായണ് നഴ്സുമാരുടെ ജീവിതമെങ്കിലും ഓരോ രോഗിയുടെയും മുന്നിൽ ചിരിച്ച മുഖത്തോടെയല്ലാതെ നഴ്സുമാരെ കാണാൻ സാധിക്കാറില്ല. രോഗികളുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് ശുശ്രൂഷിക്കുമ്പോൾ തങ്ങളുടെ പ്രശ്നങ്ങൾ പലപ്പോഴും അതിലലിഞ്ഞ് ഇല്ലാതാകുന്നു. സിസ്റ്ററേ എന്നൊന്ന് വിളിക്കുമ്പോൾ ഓടി നമുക്ക് അരികിലേക്കെത്തുന്ന ഇവർ ശരിക്കും മാലാഖമാർ തന്നെയല്ലേ!