ഓഫീസിൽ പോകുന്നത് ഒരു രോഗമാണോ?

എന്താണ് ഈ പ്രസന്റീസം? അസുഖം വന്നാലും അസൗകര്യം വന്നാലും അതൊന്നും വകവയ്ക്കാതെ എന്നും ഓഫീസിൽ പ്രസന്റ് ആകണം എന്ന മാനസികാവസ്ഥയ്ക്കാണ് പ്രസന്റീസം എന്നു പറയുന്നത്. (ഇത് ഒരു രോഗം കൂടിയാണ്). ഒറ്റക്കേൾവിയിൽ ഇത് അമിതമായ ആത്മാർഥത കൊണ്ടാണെന്നു തോന്നുമെങ്കിലും സംഗതി നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. ന്യൂ ജനറേഷൻ ഓഫീസുകളിലെ ജോലിക്കാർക്കിടയിൽ പ്രസന്റീസം ഇപ്പോൾ വർധിച്ചുവരുന്നതായാണു സർവേകൾ അവകാശപ്പെടുന്നത്. ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ ആണ് ഇതുസംബന്ധിച്ച പഠനങ്ങൾ നടത്തിയത്. ജോലിയോടു കാണിക്കുന്ന അമിതമായ ആത്മാർഥതയ്ക്കപ്പുറം അപകരകരമായ ഒരു പ്രവണതയായി ഇതുമാറുന്നുണ്ടത്രേ. ഇതുമൂലം നിങ്ങളുടെ മനസ്സിനും ശരീരത്തിനും ആവശ്യത്തിനു വിശ്രമം ലഭിക്കാതെ വരുന്നു. നിങ്ങൾ പ്രസന്റീസം ബാധിച്ചവരാണെങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ

തൊഴിലിനോട് ആത്മാർഥ വേണം. എന്നാൽ അതു പരിധി വിടാതിരിക്കാൻ ശ്രദ്ധിക്കണം

കൃത്യസമയം മാത്രം ഓഫീസിൽ ചെലവഴിക്കുക. കഴിവതും ജോലികൾ ആ സമയത്തിനുള്ളിൽ തീർക്കാൻ ശ്രമിക്കുക

ഓവർടൈം ജോലി ചെയ്യുന്നവർ പകരം വിശ്രമസമയം കണ്ടെത്തുക

രാത്രി ഏറെ വൈകി ജോലി ചെയ്യുന്നവർ ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഉച്ചയുറക്കം ഇത്തരക്കാർ ശീലമാക്കുക

ഓഫീസിലെ പ്രശ്നങ്ങളെ കുറിച്ച് വീട്ടിൽ പങ്കാളിയുമായി ചർച്ച ചെയ്യാം. എന്നാൽ ഓഫീസ് കാര്യം മാത്രം സംസാരിക്കുന്ന രീതി ഒഴിവാക്കുക

ഓഫീസിൽ ചെയ്തു തീർക്കാനാവാത്ത ജോലി വീട്ടിൽ വന്നു ചെയ്യുന്നത് ശരിയല്ല. ഫയലുകൾ കഴിവതും ഓഫീസിൽ വച്ചു തന്നെ തീർക്കുക

അവധി ദിവസങ്ങളിൽ എവിടെയങ്കിലും ഉല്ലാസയാത്ര പോകുകയോ, സിനിമ പോലുള്ള വിനോദങ്ങൾക്കു നീക്കിവയ്ക്കുകയോ ചെയ്യുക

ഓഫീസിൽ സഹപ്രവർത്തകരോട് അനാവശ്യമായി മൽസരബുദ്ധി അരുത്. നിങ്ങളുടെ ജോലി ഭംഗിയായി നിർവഹിക്കുക