പൊണ്ണത്തടിയന്മാരെ കളിയാക്കിയാൽ?

പൊണ്ണത്തടിയന്മാരെ കണ്ടാൽ എന്തെങ്കിലും കമന്റ് പറഞ്ഞില്ലെങ്കിൽ ചിലർക്ക് ഉറക്കം വരില്ല. ചിലപ്പോൾ നിർദോഷമായ കളിയാക്കൽ ആയിരിക്കാം. മറ്റു ചിലപ്പോൾ അർഥം വച്ചുള്ള പരിഹാസമാകാം. എന്തു തന്നെയായാലും ഇതു കേൾക്കുമ്പോൾ അമിതവണ്ണമുള്ളവരുടെ മനസ് എത്രമാത്രം വേദനിക്കുന്നു എന്നു നാം ചിന്തിക്കാറേയില്ല.

പൊണ്ണത്തടിയന്മാരെ പരിഹസിക്കുന്നത് അപകടകരമാണെന്നാണു യുഎസിൽ നിന്നുള്ള ആരോഗ്യരംഗത്തെ ഗവേഷകർ പറയുന്നത്. പരിഹാസം അവരുടെ മാനസികാരോഗ്യത്തെ കൂടുതൽ തകർക്കുന്നു. അമിതവണ്ണമുള്ള ഒട്ടനവധി പേരിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ നിഗമനം. ഇവരിൽ 75 ശതമാനം പേരും അമിതവണ്ണം കാരണം നിരന്തരം പരിഹാസം കേൾക്കാനിടയായവരാണ്. 50 ശതമാനം പേരെയും കൂട്ടുകാർ ഇരട്ടപ്പേരു വിളിക്കുമായിരുന്നു. 30 ശതമാനം പേർ വിവാഹം, മൽസരപ്പരീക്ഷ തുടങ്ങിയ സന്ദർഭങ്ങളിൽ അമിതവണ്ണത്തിന്റെ പേരിൽ അവസരം നഷ്ടമായവരാണ്.

തുടർച്ചയായ 10 വർഷം ഇത്തരം മോശം അനുഭവങ്ങളിലൂടെ കടന്നുപോയവർ ക്രമേണ വിഷാദരോഗത്തിന് അടിമപ്പെടുന്നതായി പഠനം സാക്ഷ്യപ്പെടുത്തുന്നു. ഈ കാരണം കൊണ്ടുതന്നെ പലർക്കും അമിതമായ മാനസിക സമ്മർദവും അനുഭവപ്പെടുന്നു. പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് അടിമപ്പെടുന്നതായും കണ്ടെത്തി. എന്നാൽ ഇവരിൽ പലരും കൃത്യമായ ചികിൽസ സ്വീകരിക്കാൻ മടി കാണിക്കുകയും ചെയ്യുന്നു.

ജീവിതപങ്കാളിയിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും കടുത്ത പരിഹാസം നേരിടേണ്ടി വരുന്നവർ ക്രമേണ ദാമ്പത്യ ജീവിതത്തിലും തൊഴിലിടത്തിലും മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരായി മാറുന്നു. ഇനി ഏതായാലും പൊണ്ണത്തടിയന്മാരെ കാണുമ്പോൾ കളിയാക്കാനോ കമന്റടിക്കാനോ നിൽക്കേണ്ട. അവർക്കു വേണ്ടത് നിങ്ങളുടെ പരിഹാസമല്ല.