പെറ്റ് ബോട്ടിൽ മരുന്നുകളിൽ വിഷരാസവസ്തുക്കൾ; കൂടുതൽ തെളിവുകളുമായി പരിശോധനാ റിപ്പോർട്ട്

കോട്ടയം∙ പ്ലാസ്റ്റിക് പെറ്റ് (പോളി എഥലിൻ ടെർതാലേറ്റ്) ബോട്ടിലുകളിലെ മരുന്നുകളിൽ അടങ്ങിയിരിക്കുന്ന അപകടകരമായ രാസവസ്തുക്കളെക്കുറിച്ച് വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ ഇത്തരം പായ്ക്കറ്റുകളിൽ വിറ്റഴിക്കുന്ന ലഘുപാനീയങ്ങൾ, എണ്ണ, സോഡ, പഴച്ചാറുകൾ, മദ്യം, തുടങ്ങിയവയുടെ സാമ്പിളുകളും പരിശോധിക്കാൻ കേന്ദ്ര ആരോഗ്യവകുപ്പ് നിർദേശം നൽകി. കൊൽക്കത്തയിൽ കേന്ദ്രസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷനല്‍ ടെസ്റ്റ് ഹൗസിൽ നടത്തിയ പരിശോധനയിലാണ് മരുന്നുകളിൽ ആന്റിമൊണി, ഈയം, കാഡ്മിയം, ക്രോമിയം, ഡിഎച്ച്ഇപി (താലേറ്റ്) എന്നിവ നിശ്ചിതപരിധിയിൽ കൂടുതൽ അടങ്ങിയതായി കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യവകുപ്പിനു സമർപ്പിച്ച പരിശോധനാ റിപ്പോർട്ട് മനോരമ ഒാൺലൈനിനു ലഭിച്ചു.

പെറ്റ് ബോട്ടിലുകളെക്കുറിച്ചു വിവിധ കേന്ദ്രങ്ങളില്‍നിന്ന് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറലാണ് കൂടുതല്‍ പരിശോധനകള്‍ക്കു നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് കൊല്‍ക്കത്തയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഹൈജീന്‍ ആന്‍ഡ് പബ്ലിക്ക് ഹെല്‍ത്ത് (എഐഐഎച്ച് ആന്‍ഡ് പിഎച്ച്) പരിശോധന ആരംഭിച്ചു. ഇന്‍സ്റ്റിറ്റ്യൂട് ഡയറക്ടറുമായും നാഷനല്‍ ടെസ്റ്റ് ഹൗസ് ‌അധികൃതരുമായും ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറൽ ഡോ. ജഗദീഷ് പ്രസാദ് ഇതു സംബന്ധിച്ച് വിശദമായി ചർച്ച നടത്തി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹൈജീന്‍ ആന്‍ഡ് പബ്ലിക്ക് ഹെല്‍ത്തിലെ ഡോ. ജി.കെ. പാണ്ഡെ ചെയര്‍മാനായി രൂപീകരിച്ച പ്ലാസ്റ്റിക്ക് ഹസാര്‍ഡ്‌സ് കമ്മിറ്റി, സമർപ്പിച്ച ആദ്യ റിപ്പോർട്ടിലാണ് പെറ്റ് ബോട്ടിലുകളില്‍ വിറ്റഴിക്കുന്ന മരുന്നുകളില്‍ അടങ്ങിയിട്ടുള്ള ഘനലോഹങ്ങളെക്കുറിച്ചും ഡിഇഎച്ച്പിയെക്കുറിച്ചും ആശങ്കാജനകമായ വിവരങ്ങൾ ഉള്ളത്. വിപണിയില്‍നിന്ന് ശേഖരിച്ച മരുന്നുകളാണ് നാഷനല്‍ ടെസ്റ്റ് ഹൗസില്‍ പരിശോധനയ്ക്കു വിധേയമാക്കിയത്. അഞ്ച് സാമ്പിളുകള്‍ സാധാരണ താപനിലയിലും 40 ഡിഗ്രി, 60 ഡിഗ്രി താപനിലകളിലും പത്തു ദിവസം സൂക്ഷിച്ചാണ് പഠനവിധേയമാക്കിയത്. സാധാരണ താപനിലയില്‍ തന്നെ മരുന്നുകളില്‍ ആന്റിമൊണിയും ക്രോമിയവും ഈയവും ഡിഎച്ച്ഇപിയും അടങ്ങിയതായി കണ്ടെത്തി.

നാഷനല്‍ ടെസ്റ്റ് ഹൗസ് പുറത്തുവിട്ട പരിശോധനാ റിപ്പോർട്ട്

കഴിഞ്ഞ വർഷം നാഷണല്‍ ടെസ്റ്റ് ഹൗസില്‍ നടത്തിയ പരിശോധനയുടെ റിപ്പോർട്ട്

പെറ്റ് ബോട്ടിലുകളുടെ നിർ‌മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ മരുന്നുകളിൽ അടങ്ങിയ രാസവസ്തുക്കളുമായി ഉയര്‍ന്ന താപനിലയില്‍ പ്രതിപ്രവർത്തിച്ച് പുറന്തള്ളുന്ന ബിസിഫിനോള്‍ എ (ബിപിഎ), ഡൈ ഇൗൈതർ ഹെക്സൈൽ താലേറ്റ് തുടങ്ങിയ അപകടകരമായ രാസവസ്തുക്കൾ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കിടയാക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. വിഷരാസവസ്തുക്കള്‍ ഹോര്‍മോണ്‍ സംവിധാനത്തെയാകെ തകരാറിലാക്കുകയാണു ചെയ്യുന്നത്. സ്ത്രീകളുടെ പ്രത്യുല്‍പ്പാദന സംവിധാനത്തെയും വൃക്കകളുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിക്കും. ഇത്തരം രാസവസ്തുക്കൾ വന്ധ്യതയ്ക്കും ഗര്‍ഭഛിദ്രത്തിനും ഇടയാക്കുമെന്നും പരിശോധനകളില്‍ തെളിഞ്ഞിട്ടുണ്ട്.

ഗർഭാശയ രോഗങ്ങൾ, മാസം തികയാതെയുള്ള പ്രസവം, നവജാതശിശുവിന് ഭാരം കുറയൽ, കുട്ടികള്‍ക്കു ജന്മവൈകല്യം എന്നിവയ്ക്കും ഇത് കാരണമാക്കുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർപഠനങ്ങൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.