ഉപ്പു തിന്നില്ലെങ്കിലും വെള്ളം കുടിക്കും

ഭക്ഷണത്തില്‍ ഉപ്പ് ഉപയോഗിച്ചില്ലെങ്കില്‍ നല്ലതാണെന്നു കരുതിയാല്‍ തെറ്റിയെന്നു മുന്നറിയിപ്പ്. ഉപ്പുതീരെ കഴിച്ചില്ലെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും ലോകമെമ്പാടും നടത്തിയ പഠനങ്ങളില്‍ വ്യക്തമായി.  ഉപ്പ് കണക്കില്ലാതെ കഴിക്കുന്നവരും രക്തസമ്മര്‍ദ്ദം കൂടുതലുള്ളവരും മാത്രം ഉപ്പിനെക്കുറിച്ച് ആലോചിച്ചു തലപുകച്ചാല്‍ മതിയെന്നാണ് പഠനഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കാനഡയിലെ മാക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയും ഹാമില്‍ട്ടന്‍ ഹെല്‍ത്ത് സയന്‍സസും ചേര്‍ന്നു 49 രാജ്യങ്ങളില്‍ നിന്നുള്ള ഒന്നരലക്ഷത്തോളം പേരെ പങ്കെടുപ്പിച്ചു നടത്തിയ പഠനത്തിലാണ് ഉപ്പുതിന്നില്ലെങ്കില്‍ വെള്ളം കുടിക്കേണ്ടിവരുമെന്നു കണ്ടെത്തിയത്. പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്.

സോഡിയത്തിന്റെ സാന്നിധ്യം ശരീരത്തില്‍ തീരെ കുറവാണെങ്കില്‍ ഹൃദയാഘാതത്തിനും സ്‌ട്രോക്കിനുമുള്ള സാധ്യത കൂടുതലാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. സോഡിയത്തിന്റെ പ്രധാന സ്രോതസ്സ് ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ഉപ്പാണ്.  

രക്തസമ്മര്‍ദ്ദം കൂടുതലുള്ളവര്‍ ഉപ്പുകുറയ്ക്കുന്നതു നല്ലതാണെങ്കിലും ഇത്തരം പ്രശ്‌നങ്ങളില്ലാത്തവര്‍ ഉപ്പ് തീരെ കുറയ്‌ക്കേണ്ടെന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ അമേരിക്കയില്‍ 90ശതമാനം പേരും ആവശ്യത്തിലേറെ ഉപ്പുകഴിക്കുന്നവരാണെന്നും ഇവര്‍ കണ്ടെത്തി. നമ്മളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലല്ലോ. രണ്ടു മില്ലിഗ്രാം സോഡിയം അഥവാ അഞ്ച് ഗ്രാം ഉപ്പുവരെയേ പ്രായപൂര്‍ത്തിയായ ഒരാള്‍ കഴിക്കാവൂ എന്നാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം. അതായത് ഒരു ടീസ്പൂണില്‍ താഴെ.