ഒരു വർഷം കുളിച്ചില്ലെങ്കിൽ എന്താണ് സംഭവിക്കുക?

Representative Image

ഒരു ദിവസമൊക്കെ ഏറിയാല്‍ രണ്ട് ദിവസം കുളി ഒഴിവാക്കിയിട്ടുള്ളവരുണ്ടാകും. എന്നാൽ അതിൽകൂടുതൽ ദിവസം കുളിക്കാതെ പുറത്തിറങ്ങുന്ന കാര്യം ആർക്കും ചിന്തിക്കാനാവില്ല. എന്നാൽ കുളിയുടെ ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ് കുളിക്കാതെ ഇരിക്കുന്നവരുണ്ടെന്ന് അറിഞ്ഞാലോ? നിരവധി കാരണങ്ങള്‍ ഇത്തരക്കാർക്കും പറയാനുണ്ട്.

കുളിയിലൂടെ സംഭവിക്കുന്ന സമയനഷ്ടവും ആരോഗ്യപ്രശ്നങ്ങളുമൊക്കെ കാരണം പറഞ്ഞ് കുളി ഉപേക്ഷfച്ച അറ്റ്ലാന്റിക് മാഗസിനിലെ സീനിയർ എഡിറ്ററായ ജെയിംസ് ഹാപ്ളിനെ പരിചയപ്പെടാം. ഒരു വർഷത്തോളമായി ഇദ്ദേഹം കുളിച്ചിട്ട്. കുളി ഉപേക്ഷിച്ച ആദ്യ ദിനങ്ങളെക്കുറിച്ച് പറഞ്ഞുതുടങ്ങുമ്പോൾ ജെയിംസ് സ്വയം സമ്മതിക്കുന്നുണ്ട്, കുളി ഒഴിവാക്കി ആദ്യ കുറച്ചുദിവസം ദേഹമാകെ വിയർത്ത് ദുർഗന്ധമുള്ള ഒരു ജീവിയായി താൻ മാറിയെന്ന്.

ശരീരത്തിലെ അണുക്കളുമായി പ്രവർത്തിക്കുമ്പോളാണ് വിയർപ്പിന് ദുർഗന്ധമുണ്ടാകുന്നത്. സോപ്പും ക്രീമുമൊക്കെ ഉപയോഗിക്കുമ്പോൾ ഈ ബാക്ടീരിയകളൊക്കെ നശിക്കും. ശരീരം ആ ക്രീമിന്റെ അല്ലെങ്കിൽ സോപ്പിന്റെ ഗന്ധം പരത്തുകയും ചെയ്യും.എന്നാൽ ജെയിംസ് കുറച്ചുദിവസം കുളിക്കാതെയിരുന്നപ്പോൾ ബാക്ടീരിയയും ശരീരത്തിലെ വിയർപ്പ് ഗ്രന്ഥിയുമായി ഒരു തുലനാവസ്ഥയിലെത്തുകയും ദുർഗന്ധം ഇല്ലാതാവുകയും ചെയ്തത്രെ.

പനിനീർപ്പൂവിന്റെ ഗന്ധവും ബോഡി സ്പ്രേയുടെ ഗന്ധവുമൊന്നും ലഭിക്കില്ലെങ്കിലും യഥാർഥ മനുഷ്യന്റെ ഗന്ധം നമുക്ക് ലഭിക്കുമെന്ന് ജെയിംസ് പറയുന്നു. വൈകുന്നേരമായപ്പോൾ സുഹൃത്തുക്കളോട് ശരീരത്തിലെ ഗന്ധം പരിശോധിക്കാനാവശ്യപ്പെട്ടെന്നും അവർ കുഴപ്പമൊന്നും പറഞ്ഞില്ലെന്നും ജെയിംസ് പറയുന്നു.

കുളിക്കില്ലെങ്കിലും കൈകഴുകലും പല്ലുതേപ്പുമൊക്കെ ഉണ്ടായിരുന്നെന്നും ശരീരത്തിൽ അഴുക്ക് പറ്റുമ്പോൾ താൻ തുടച്ചുമാറ്റാറുണ്ടായിരുന്നെന്നും രാവിലെ ഓടാൻ പോയതിനുശേഷം സമൂഹത്തെക്കരുതി മുഖം കഴുകാറുണ്ടെന്നും ജെയിംസ് പറയുന്നു. വിപണിയിൽ ലഭിക്കുന്ന പല സോപ്പുകളും ക്രീമുകളും ശരീരത്തിന് ആവശ്യമായ എണ്ണമയത്തെ ഇല്ലാതാക്കുമെന്നും ചര്‍മ്മത്തിന്റെ ആരോഗ്യം നശിപ്പിക്കുമെന്നുമാണ് ജെയിംസിന്റെ അഭിപ്രായം.

ആരോഗ്യവിദഗ്ദരുടെ അഭിപ്രായത്തിൽ ഇത്തരം ജീവിതശൈലിക്ക് അടിസ്ഥാനമൊന്നുമില്ല, പുകയും പൊടിയും നിറഞ്ഞ ജീവിതസാഹചര്യങ്ങളില്‍ ജീവിക്കുന്നവർക്ക് കുളി തന്നെയാണ് നല്ലതെന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ധർക്കുള്ളത്.