‘വലിയും’ ‘കുടിയും’ നിങ്ങളെ അതിവേഗം വൃദ്ധന്മാരാക്കും!

Image Courtesy : The Week Smartlife Magazine

പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരമാണെന്നറിഞ്ഞിട്ടും അതു തുടരുന്നവരോട് മറ്റൊരു രഹസ്യം പറയട്ടെ. ഊ രണ്ടു ദുശ്ശീലങ്ങളും നിങ്ങളുടെ ആന്തരികാവയവങ്ങൾക്കു ദോഷകരമാണെന്നു മാത്രമല്ല, നിങ്ങളെ വേഗം വൃദ്ധന്മാരാക്കുകയും ചെയ്യും. അമിതമായി ദിവസവും മദ്യപിക്കുന്നവരിൽ ക്രമേണ അവരുടെ ഡിഎൻഎ ഘടനയിൽ മാറ്റമുണ്ടാകുമത്രേ. ഇതു മൂലം സ്വാഭാവികമായും ഒരാൾ വൃദ്ധനാകുന്നതിനേക്കാൾ വേഗത്തിൽ അവർക്ക് പ്രായാധിക്യം ബാധിക്കുന്നു. വാഷിങ്ടണിൽ നടന്ന പഠനത്തിൽ നിന്നാണ് ഈ നിഗമനം. പുകയിലയുടെ അമിതമായ ഉപയോഗവും വാർധക്യം നേരത്തെ വിളിച്ചുവരുത്തുമെന്നു ഗവേഷകർ അവകാശപ്പെടുന്നു.

ലോകത്ത് ഉൽപാദിപ്പിക്കുന്ന മൊത്തം സിഗരറ്റുകളുടെ മൂന്നിലൊന്നും വലിച്ചുതീർക്കുന്നത് ചൈനക്കാരാണെന്നാണ് കണക്കുകൾ പറയുന്നത്. പുകയിലയുടെ ഉപയോഗം കാരണം ചൈനയിലെ ചെറുപ്പക്കാരിൽ മൂന്നിലൊന്നു ഭാഗവും അകാലമരണം പ്രാപിക്കുകയും ചെയ്യുന്നു. ഇരുപതു വയസ്സു മുതൽ തന്നെ പലരും പുകവലി ഒരു ശീലമാക്കുന്നു. ലോകത്ത് ആകെ സംഭവിക്കുന്ന പുരുഷമരണക്കണക്കിൽ 20 ശതമാനവും പുകയിലയുടെ അമിത ഉപയോഗം മൂലമാണത്രേ. തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇത് വെറും 10 ശതമാനം മാത്രമായിരുന്നു. അമേരിക്കയിൽ ഒരു വർഷം അഞ്ചിലൊരാൾ വീതം പുകവലി കാരണം മരിക്കുന്നു. 16 ദശലക്ഷം അമേരിക്കൻ പൗരന്മാർ പുകവലിയുടെ ഭാഗമായ മാരകരോഗങ്ങൾക്ക് അടിമപ്പെട്ടവരാണ്.