ഭാഷയുടെ ചികിൽസ

സംസാരം, ഭാഷ എന്നിവ മനസ്സിലാക്കാനും പ്രകടിപ്പിക്കാനുമുള്ള കഴിവ്, ഓർമ, ചിന്താശക്തി തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം തലച്ചോറിന്റെ ഇടതു ഭാഗമാണു നിർവഹിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലമോ രക്തസ്രാവം ഉണ്ടാകുന്നതു മൂലമോ മസ്തിഷ്കാഘാതം (സ്ട്രോക്ക്) ഉണ്ടാകാം. സ്ട്രോക്ക് ഉൾപ്പെടെയുള്ള മസ്തിഷ്കത്തിനു സംഭവിക്കുന്ന ഏത് ആഘാതവും സംസാരശേഷിയെ ബാധിക്കുകയും ചെയ്യാം. ഭാഷ മനസ്സിലാക്കുന്നതിനും സംസാരിക്കുന്നതിനുമുള്ള തലച്ചോറിലെ ഭാഗത്തിനു നാശം സംഭവിക്കുമ്പോഴാണ് അഫേസിയ എന്ന അവസ്ഥ ഉണ്ടാകുന്നത്. അഫേസിയ ഉണ്ടാകുന്നതിനുള്ള ഒരു കാരണമാണു സ്ട്രോക്ക്. അത്തരം സാഹചര്യത്തിലാണു സ്പീച്ച് തെറപ്പി ചെയ്യേണ്ടി വരുന്നത്.

അഫേസിയ

അഫേസിയ എന്നാൽ സ്ട്രോക്ക് മൂലമുണ്ടാകുന്ന ഭാഷാപരമായ നഷ്ടത്തെയാണു സൂചിപ്പിക്കുന്നത്. ഭാഷയുടെ വിവിധ തലങ്ങളിൽ തകരാർ സംഭവിക്കുകയാണു ചെയ്യുന്നത്. പ്രധാനമായും സംസാരം, എഴുത്ത്, ഗണിതം, ഭാഷ കേട്ടു മനസ്സിലാക്കാനുള്ള കഴിവ്, ഭാഷ ഉപയോഗിക്കാനുള്ള കഴിവ് എന്നിവയെല്ലാം ബാധിക്കാം.

സ്പീച്ച് തെറപ്പി

സംസാര ശേഷി നഷ്ടപ്പെട്ടവർക്കും ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവു കുറഞ്ഞു പോയവർക്കുമാണ് പ്രധാനമായും സ്പീച്ച് തെറപ്പി ആവശ്യം. ഈ ബുദ്ധിമുട്ടുകൾ സ്പീച്ച് തെറപ്പിയിലൂടെ പരിഹരിക്കാം. സ്ട്രോക്ക് ഉണ്ടായ ശേഷം സംസാര ശേഷി പൂർണമായും നഷ്ടപ്പെടുക, പേര് പോലും കിട്ടാനുള്ള ബുദ്ധിമുട്ട് ഉണ്ടാവുക, ഭാഷ ഗ്രഹിക്കാനുള്ള കഴിവു നഷ്ടപ്പെടുക, എഴുതാനും വായിക്കാനുമുള്ള കഴിവു നഷ്ടപ്പെടുക, സംസാരിക്കുമ്പോൾ നാവു കുഴഞ്ഞു പോകുക, അക്ഷരസ്ഫുടത നഷ്ടമാകുക, പരസ്പര ബന്ധമില്ലാതെ സംസാരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് സ്പീച്ച് തെറപ്പി ആവശ്യമായി വരുന്നത്.

സ്ട്രോക്ക് വന്ന രോഗികൾക്ക് പ്രാരംഭഘട്ടത്തിൽ തന്നെ സ്പീച്ച് തെറപ്പി തുടങ്ങണം. ആദ്യത്തെ ആറു മാസം മുതൽ ഒരു വർഷം വരെയാണ് പ്രകടമായ മാറ്റങ്ങൾ കാണുക. ഇതോടൊപ്പം രോഗിയുടെ മാനസിക നില മെച്ചപ്പെടുകയും ചെയ്യും. സ്പീച്ച് തെറപ്പി തുടങ്ങാൻ വൈകിയാൽ ഗുണം കുറയും.

വീട്ടിലും ചെയ്യാം

Aphasia Rehabilitation Manual and Therapy kit എന്ന ചികിൽസാ സഹായ കിറ്റ് വിപണിയിൽ ലഭ്യമാണ്. ഇതിൽ ചില വാക്കുകളും ചിത്രങ്ങളും ഉണ്ടാകും. അവ എങ്ങനെ പഠിപ്പിക്കണമെന്ന നിർദേശവും ഉണ്ടാകും. ഇത് ഉപയോഗിച്ച് കുടുംബാംഗങ്ങൾക്കും സ്പീച്ച് തെറപ്പി ചെയ്യാവുന്നതാണ്.

ദീർഘനേരം വേണ്ട

ഒട്ടുമിക്ക സ്ട്രോക്ക് രോഗികളും ശാരീരിക ക്ഷീണം അനുഭവിക്കുന്നവരാണ്. ഇവർക്ക് അരമണിക്കൂർ തെറപ്പി ചെയ്യുമ്പോഴേക്കും തന്നെ തളർച്ച അനുഭവപ്പെടാം. ചെറിയ ഘട്ടങ്ങളായി പലതവണയായി തെറപ്പി നൽകുന്നതാണ് ഉത്തമം. ഇങ്ങനെ നിത്യം മൂന്നു മണിക്കൂർ മുതൽ അഞ്ചു മണിക്കൂർ വരെ സ്പീച്ച് തെറപ്പി ചെയ്യാം.

സ്ട്രോക്ക് വന്ന ഒരു രോഗിക്ക് എത്ര നാൾ സ്പീച്ച് തെറപ്പി വേണ്ടിവരുമെന്നു കൃത്യമായി പറയാനാകില്ല. അതു തലച്ചോറിനേറ്റ ആഘാതത്തിന്റെ തീവ്രത, രോഗിയുടെ പ്രചോദനം, സ്വായത്തമാക്കുന്നതിനുള്ള കഴിവ്, അഫേസിയയുടെ തീവ്രത എന്നിവയെ ആശ്രയിച്ചിരിക്കും. ചിലപ്പോൾ മാസങ്ങൾ കൊണ്ടോ വർഷങ്ങൾ കൊണ്ടോ ആണു പുരോഗതി ഉണ്ടാവുകയും ഗുണം ലഭിക്കുകയും ചെയ്യുന്നത്. ചിലർ പഴയ അവസ്ഥയിലേക്കു തിരിച്ചെത്തും. അതായതു ചില അഫേസിയ രോഗികൾ എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള കഴിവു പൂർണമായി നേടിയെടുക്കാറുണ്ട്. ഭാഷാ വൈകല്യത്തിനുള്ള തെറപ്പിയിലൂടെ അഫേസിയ ഏതാണ്ടു പൂർണമായി മാറ്റിയെടുക്കാം.

മസാജ് ഗുണം ചെയ്യില്ല

കഴുത്തിന്റെ ഭാഗങ്ങളിൽ മസാജ് ചെയ്താൽ സംസാരത്തിൽ പ്രകടമായ മാറ്റങ്ങൾ വരുമെന്ന് ഒരു മിഥ്യാധാരണ ചിലർക്കുണ്ട്. സ്ട്രോക്ക് ഉണ്ടാകുമ്പോൾ സ്വനപേടകത്തിനു തകരാർ സംഭവിക്കില്ല. അതു കൊണ്ട് മസാജിലൂടെ മാറ്റങ്ങളൊന്നും കാണില്ല. സ്ട്രോക്ക് മൂലം സംസാരത്തിലും ഭാഷയിലും വരുന്ന ബുദ്ധിമുട്ട് മസ്തിഷ്കത്തിൽ വരുന്ന തകരാർ കൊണ്ടുതന്നെയായിരിക്കും.

നിർബന്ധിക്കേണ്ടതില്ല

സ്ട്രോക്ക് വന്നവരെ നിർബന്ധിച്ചു സ്പീച്ച് തെറപ്പി ചെയ്യിക്കരുത്. അത്തരം സാഹചര്യങ്ങളിൽ കുറച്ചു കാര്യങ്ങൾ മാത്രമേ ഗ്രഹിക്കാൻ കഴിയൂ. നിർബന്ധിക്കുന്നതിനു പകരം അവരെ പ്രോൽസാഹിപ്പിക്കുകയാണു വേണ്ടത്.

ഡിസ്ഫേജിയ

സ്ട്രോക്ക് രോഗികളിൽ കാണുന്ന മറ്റൊരു ബുദ്ധിമുട്ടാണു ഭക്ഷണം കഴിക്കുമ്പോഴുള്ള പ്രയാസം. ഈ അവസ്ഥയെയാണ് ഡിസ്ഫേജിയ എന്നു പറയുന്നത്. ഭക്ഷണം കഴിക്കുന്നതിനു വേണ്ടിയുള്ള പ്രഥമവും പ്രധാനവുമായ പ്രക്രിയയാണ് സ്വാളോയിങ്. ഇതുവഴി ഭക്ഷണം ശ്വാസകോശത്തിലേക്കു കടക്കാതെ വായിൽനിന്ന് അന്നനാളത്തിലേക്കു സുരക്ഷിതമായി പ്രവേശിക്കുന്നു. ഇതു നടക്കുന്നതു നാലു ഘട്ടങ്ങളിലായാണ്.

ഓറൽ പ്രിപ്പറേറ്ററി ഫേസ്, ഓറൽ ട്രാൻസ്പോർട്ട് ഫേസ്, ഫാരിൻ‌ജ്യൽ ഫേസ്, ഈസോഫേജ്യൽ ഫേസ്. ഈ പ്രക്രിയക്കിടയിൽ തടസ്സം നേരിട്ടാൽ ഭക്ഷണം ശ്വാസനാളത്തിലേക്കു കടക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യും. വിശദ പരിശോധനയ്ക്കു ശേഷമാണ് ഡിസ്ഫേജിയ തെറപ്പി തുടങ്ങുക. തെറപ്പിയിൽ പ്രഥമ പരിഗണന ഭക്ഷണം ഇറക്കുമ്പോഴുള്ള സുരക്ഷയാണ്. ഡയറക്ട് ആൻഡ് ഇൻഡയറക്ട് തെറപ്പി, ഭക്ഷണ ക്രമീകരണം, ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ക്രമീകരണം, ശസ്ത്രക്രിയ തുടങ്ങിയവയാണ് ഡിസ്ഫേജിയ തെറപ്പിയിൽ ഉൾപ്പെടുന്നത്. ഭക്ഷണം വായിലൂടെ കഴിക്കാൻ പറ്റുകയും എന്നാൽ ഇറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നവർക്കാണു ഡയറക്ട് തെറപ്പി ആവശ്യം. ഇൻഡയറക്ട് തെറപ്പിയിൽ വ്യായാമങ്ങളും ഭക്ഷണക്രമീകരണവുമാണ് ഉൾപ്പെടുന്നത്.

പി.എം. ജാബിർ, അസിസ്റ്റന്റ് പ്രഫസർ, ഡിപ്പാർട്മെന്റ് ഓഫ് സ്പീച്ച് ലാംഗ്വേജ് പതോളജി ആൻഡ് ഓഡിയോളജി, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്.