കൊടുംചൂടിൽ കൊതുകേറുന്നു, ഒപ്പം കടുവാക്കൊതുകും

കൊടുംചൂട് തന്നെ താങ്ങാനാകുന്നില്ല അതിനിടയ്ക്ക് കൊതുകിന്റെ കടി കൂടിയായാലോ! ആഗോളതാപനം ആ വഴിക്കും പണി തന്നിരിക്കുകയാണ്. ലോകാരോഗ്യ സംഘടന തന്നെയാണ് ചൂടിങ്ങനെ കൂടുന്നത് കൊതുകുകളുടെ പ്രജനനം എളുപ്പമാക്കുകയാണെന്ന മുന്നറിയിപ്പുമായെത്തിയിരിക്കുന്നത്. അന്തരീക്ഷത്തിലെ താപനിലയിൽ രണ്ട് മുതൽ മൂന്നു വരെ ഡിഗ്രി സെൽഷ്യസ് വർധനവുണ്ടായാൽ ലോകത്തിൽ മലേറിയ രോഗികളുടെ എണ്ണത്തിൽ മൂന്നു മുതൽ അഞ്ചു വരെ ശതമാനമാണു വർധന വരിക. അതായത് 10 കോടിയിലേറെ ജനങ്ങളിലേക്കു കൂടി മലേറിയ എത്തും.

25 ഡിഗ്രി സെൽഷ്യസ് ചൂടിലാണെങ്കിൽ കൊതുകിന്റെ പ്രജനനത്തിന് രണ്ടാഴ്ചയെങ്കിലും വേണം. എന്നാൽ ആ ചൂട് 28 ഡിഗ്രിയിലെത്തിയാൽ വെറും 7–8 ദിവസങ്ങൾ കൊണ്ട് പ്രജനനം പൂർത്തിയാകുമെന്നാണു കണക്ക്. അതിനിടെ പുതിയ ഭീഷണിയുമായി ഏഷ്യൻ ടൈഗർ എന്നു വിളിപ്പേരുള്ള കൊതുകും (Aedes albopictus) എത്തിയിട്ടുണ്ട്. സിക്കയ്ക്ക് കാരണമാകുന്നതടക്കമുള്ള ഇരുപത്തിയഞ്ചിലേറെ വൈറസുകളെ വഹിക്കാൻ ശേഷിയുണ്ട് ഇവയ്ക്കെന്നതാണു പ്രത്യേകത. പലയിടത്തും ഈഡിസ് ഈജിപ്തിയെ എണ്ണത്തിൽ പിന്നിലാക്കിക്കൊണ്ട് ഏഷ്യൻ ടൈഗർ കൊതുകുകൾ പടർന്നുകഴിഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിൽ മാത്രമല്ല ഫ്രാൻസിലും ഇംഗ്ലണ്ടിലും വരെ ഈ ഏഷ്യൻ ഭീകരൻ നിലയുറപ്പിച്ചിരിക്കുന്നു. സിക വൈറസിനപ്പുറം ഇനി ഏഷ്യൻ ടൈഗറിന്റെ കളികളാണ് ലോകം കാണാനിരിക്കുന്നതെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രവചനം തന്നെ.

ചില പ്രത്യേക പ്രദേശങ്ങളിൽ മാത്രം ഒതുങ്ങിപ്പോകേണ്ട ഇനം കൊതുകുകളെ ലോകം മുഴുവൻ എത്തിച്ചതിൽ പ്രധാന കാരണക്കാർ മനുഷ്യർ തന്നെയാണ്. ഈഡിസ് ഈജിപ്റ്റി കൊതുകുകൾ ആദ്യമായി അമേരിക്കയിലെത്തുന്നത് അടിമകളുമായെത്തിയ ആഫ്രിക്കൻ കപ്പലിലേറിയാണ്. ഇന്ന് രാജ്യാന്തരവിമാനങ്ങളിലൂടെയും പലതരം രോഗവാഹിനികളായ കൊതുകുകൾ എളുപ്പത്തിൽ വിദേശസഞ്ചാരം നടത്തുന്നു. യാത്രയ്ക്ക് സഹായിക്കുക മാത്രമല്ല അവയ്ക്കു വളരാനാവശ്യമായ എല്ലാ സഹായങ്ങളും മനുഷ്യൻ തന്നെയാണു ചെയ്തുകൊടുക്കുന്നുവെന്നതാണ് വലിയ തമാശ.

സിക രോഗം പരത്തുന്ന ഈഡിസ് ഈജിപ്റ്റി കൊതുകുകൾ മുട്ടയിടുന്നത് വലിച്ചെറിഞ്ഞ ടയറുകളിലും ടിന്നുകളിലും പ്ലാസ്റ്റിക് പാത്രങ്ങളിലുമെല്ലാമാണ്. ബ്രസീലിൽ വളരാനും പടരാനും ഏറെ സാഹചര്യങ്ങൾ ലഭ്യമായതോടെയാണ് ഇവ നവജാതശിശുക്കളെ തന്നെ ബാധിക്കും വിധം ഭീകരന്മാരായിത്തീർന്നത്. ഇന്ത്യയുൾപ്പെടെ ഒട്ടുമിക്ക രാജ്യങ്ങളിലും കൊതുകുകൾക്ക് അനുകൂലമായ സമാനസാഹചര്യങ്ങളുണ്ടെന്നതും ഇതിനോടൊപ്പം ചേർത്തു വായിക്കണം. ഈഡിസ് കൊതുകുകളാകട്ടെ പ്രജനനത്തിന് ആവശ്യമായ പ്രോട്ടീനു വേണ്ടി മനുഷ്യരെ ഒന്നിലേറെതവണ കുത്തുന്നതിനു പോലും ഒരു മടിയോ പേടിയോ ഇല്ലാത്തവയുമാണ്. ഡെങ്കി, ചിക്കൻഗുനിയ തുടങ്ങിയ കൊതുകുജന്യരോഗങ്ങൾക്കും പ്രധാന കാരണം അവയുടെ പ്രജനനത്തിന് നമ്മളൊരുക്കിക്കൊടുക്കുന്ന സൗകര്യങ്ങളാണ്.

2014ലാണ് കരീബിയൻ ദ്വീപസമൂഹങ്ങളിൽ ചിക്കുൻഗുനിയ പടരുന്നത്. ഇതാദ്യമായിട്ടായിരുന്നു ഇത്രയും വ്യാപകമായിട്ടുള്ള ചിക്കുൻഗുനിയയുടെ ആക്രമണം. എന്നാൽ കാരണം അന്വേഷിച്ചു പോയ ഗവേഷകർ എത്തിച്ചേർന്നത് ഇറ്റലിയിലാണ്. 2007ൽ ഇതേ വൈറസ്, ഇതേ അളവിൽ തന്നെ അവിടത്തെ ജനങ്ങളെയും ആക്രമിച്ചിരുന്നു. അന്ന് കൃത്യമായ മുൻകരുതൽ നടപടികളെടുത്തിരുന്നെങ്കിൽ കരീബിയൻ പ്രദേശങ്ങളിൽ ചിക്കുൻഗുനിയ എത്തില്ലായിരുന്നു. ദശാബ്ദങ്ങൾക്കു ശേഷം ഇപ്പോൾ യൂറോപ്പിനു പേടിസ്വപ്നമായി ഗ്രീസിൽ മലേറിയ രോഗം വീണ്ടുമെത്തിയിരിക്കുന്നതും ഒരു സൂചനയാണ്. ഇക്കഴിഞ്ഞ 40 വർഷത്തിനിടെ യൂറോപ്പിൽ മാത്രം ഇന്നേവരെ അവിടെ കാണാത്ത തരം ആറു പുതിയ കൊതുകുകളാണ് എത്തിപ്പെട്ടു പടർന്നിരിക്കുന്നത്.

എന്നാൽ രോഗങ്ങളുടെ പേരിൽ സകലകൊതുകുകളെയും കൊന്നൊടുക്കുന്നതിൽ ശാസ്ത്രലോകത്തിന് എതിരഭിപ്രായമാണ്. കാരണം, കണ്ടെത്തിയ 3549 സ്പീഷീസ് കൊതുകുകളിൽ 200ൽ താഴെ മാത്രമേ മനുഷ്യനെ കടിക്കുകയുള്ളൂ. ബാക്കിയുള്ളവ പരാഗണത്തിൽ പോലും സഹായിക്കുന്നുണ്ട്. മാത്രവുമല്ല തവളയ്ക്കും മീനുകൾക്കുമെല്ലാം ഭക്ഷണമാകുന്നതുവഴി ഭക്ഷ്യശൃംഖലയിലും നിർണായക പങ്കു വഹിക്കുന്നു. അതിനാൽത്തന്നെ ജനിതക സാങ്കേതികത ഉൾപ്പെടെ ഉപയോഗപ്പെടുത്തി കാര്യക്ഷമമായ കൊതുകുനിയന്ത്രണസംവിധാനങ്ങളാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നതും.