സൺസ്ക്രീൻ ലോഷൻ വന്ധ്യതയ്ക്കു കാരണമോ?

വെളുക്കാൻ തേയ്ക്കുന്നത് പാണ്ടാകും എന്നു പറയുന്നത് ഇങ്ങനെയൊക്കെയാണ്. വെയിലത്തു പുറത്തിറങ്ങുമ്പോൾ കരുവാളിച്ചു കറുത്തുപോകണ്ട എന്നു കരുതി ഏതെങ്കിലും സൺസ്ക്രീൻ ലോഷൻ വാരിത്തേയ്ക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. സൺസ്ക്രീൻ ലോഷന്റെ അമിത ഉപയോഗം വന്ധ്യതയ്ക്കു കാരണമായേക്കാം എന്ന നിഗമനവുമായി മുന്നോട്ടുവന്നിരിക്കുകയാണ് ലണ്ടനിലെ ഗവേഷകർ.

സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നു ത്വക്കിനെ സംരക്ഷിക്കുന്നതിനു വേണ്ടി ചേർക്കുന്ന ചില രാസപദാർഥങ്ങളാണ് സൺസ്ക്രീൻലോഷനിലെ വില്ലന്മാർ. സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് ഇതു കൂടുതൽ ഹാനികരം. പുരുഷന്മാരിലെ ബീജ ഉൽപാദനത്തെവരെ ഇത് ദോഷകരമായി ബാധിക്കുന്നു. മുഖത്തും ശരീരത്തിലും പുരട്ടുന്ന സൺസ്ക്രീൻ ലോഷനിലെ അപകടകാരികളായ രാസപദാർഥങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. പലരുടെയും രക്തത്തിലും മൂത്രത്തിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഡോക്ടർമാർ പറയുന്നു.

സൺസ്ക്രീൻ ലോഷൻ തുടർച്ചയായും അമിതമായും ഉപയോഗിക്കുന്നവരിലാണ് ഈ അപകടസാധ്യത കൂടുതൽ. സൺസ്ക്രീൻ ലോഷനിൽ മാത്രമല്ല, മോയിസ്ചറൈസറിലും ലിപ്ബാമിലും മറ്റു മെയ്ക്കപ്പ് സാമഗ്രികളിലും ഇതേ രാസപദാർഥങ്ങൾ ചെറിയ തോതിൽ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ഇവയുടെ തുടർച്ചയായ ഉപയോഗം ശരീരത്തിനു ദോഷം ചെയ്യും.