മൈഗ്രേൻ വിറ്റമിൻ കുറവിന്റെ ലക്ഷണമാകാം

തലയിലുണ്ടാകുന്ന കടുത്ത വേദനയാണല്ലോ മൈഗ്രേന്‍. മൈഗ്രേനിന്‍റെ കാരണങ്ങളായി വിശദീകരിക്കപ്പെടുന്നത് പലതാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് വിറ്റമിന്‍ കുറവും മൈഗ്രേനും തമ്മില്‍ ബന്ധിപ്പിക്കുന്ന പഠനം. വലിയൊരു ശതമാനം പേര്‍ക്കും വരുന്ന മൈഗ്രേന്‍ ചില വിറ്റാമിനുകളുടെ കുറവിനെയോ അഭാവത്തെയോ സൂചിപ്പിക്കുന്നതാണെന്ന് ഈ പഠനം പറയുന്നു.

വിറ്റമിന്‍ഡി, റിബോഫ്ലാവിന്‍, കൊയിന്‍സൈം ക്യൂ ടെന്‍ (coenzyme Q10), എന്നിവയുടെ അഭാവമാണ് മൈഗ്രേനിന് വഴിവയ്ക്കുന്നതെന്ന് സാന്‍റിയാഗോ മെഡിക്കല്‍ സെന്‍ററിലെ ന്യൂറോളജി വിഭാഗം നടത്തിയ ഈ പഠനത്തില്‍ പറയുന്നു. 30 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് ഇത്തരത്തില്‍ വിറ്റമിന്‍റെ അഭാവം മൂലം തലവേദന വരിക. ഇത് പരിഹരിച്ചില്ലെങ്കില്‍ പിന്നീടുള്ള വര്‍ഷങ്ങളിലും ഇത് തുടരു. 30 വയസ്സിനുശേഷം വിറ്റമിന്‍ കുറവ് പരിഹരിച്ചാലും ഈ വേദന തുടരാനിടയുണ്ടത്രേ.

വിറ്റമിനുകളുടെ കുറവിലെ സ്ത്രീ പുരുഷ വ്യത്യാസത്തെ കുറിച്ചും പഠനത്തില്‍ പറയുന്നു. കൊയിന്‍സൈം ക്യൂ 10 ന്‍റെ കുറവാണ് പെണ്‍കുട്ടികളിലും യുവതികളിലും മൈഗ്രേനിനു കാരണമാകുന്നത്. അതേസമയം ആണ്‍കുട്ടികളിലും യുവാക്കളിലും മൈഗ്രേൻ പ്രധാനമായും വഴി വക്കുന്നത് വിറ്റാമിന്‍ ഡിയുടെ കുറവാണ്.

തുടര്‍ച്ചയായി മൈഗ്രേന്‍ അനുഭവപ്പെടുന്നതിനു കാരണം കൊയിന്‍സൈം ക്യൂ 10 ന്‍റെ അഭാവമാകാം. ഇടവിട്ടുള്ള മൈഗ്രേനിലേക്ക് നയിക്കുന്നത് റിബോഫ്ലാവിന്‍റെ കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതേസമയം വിറ്റമിന്‍ സപ്ലിമെന്‍റുകള്‍ കഴിക്കുന്നതിലൂടെ തലവേദന മാറുമോയെന്ന കാര്യത്തില്‍ ഈ പഠനവും അന്തിമ അഭിപ്രായം പറയുന്നില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം വേണ്ടി വരുമെന്നാണ് പഠനം നടത്തിയ ഡോ. സൂസേന്‍ ഹെഗ്ലറുടെയും സംഘത്തിന്‍റെയും നിലപാട്.