Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവസവും പച്ച ഇലക്കറികൾ കഴിക്കുന്നവരുടെ തലച്ചോറിൽ സംഭവിക്കുന്നത്?

173255458

തലച്ചോറിന്റെ പ്രായം ഒരു പതിനൊന്നു വർഷം കുറയ്ക്കണോ? ഇലക്കറികൾ ദിവസവും ഭക്ഷണത്തിൽ ഉള്‍പ്പെടുത്തിയാൽ മതി. ദിവസവും പച്ച നിറത്തിലുള്ള ഇലക്കറികളും സാലഡും കഴിക്കുന്നത് മറവിരോഗം അകറ്റാനും ഓർമശക്തി മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് യു എസിലെ റഷ് സർവകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തിൽ തെളിഞ്ഞു. ദിവസവും ഇലക്കറികൾ കഴിക്കുന്നത് തലച്ചോറിനെ പതിനൊന്നു വർഷം ചെറുപ്പമാക്കുമത്രേ. അൽസ്ഹൈമേഴ്സ്, മേധാക്ഷയം മുതലായവയുടെ ലക്ഷണങ്ങളെ കുറയ്ക്കാൻ പച്ചക്കറികൾക്ക് ആവുമെന്ന് ഗവേഷകർ കണ്ടെത്തി.

ശരാശരി 81 വയസ്സു പ്രായമുള്ള 960 പേരിലാണ് പഠനം നടത്തിയത്. മറവിരോഗം ബാധിക്കാത്ത ഇവരിൽ 4.7 വർഷം പഠനം നടത്തി. എത്ര തവണ ചില ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടെന്നതിനെക്കുറിച്ച് ഒരു ചോദ്യാവലി ഇവർ പൂരിപ്പിച്ചു. പഠന കാലയളവിൽ ഓരോ വർഷവും ഇവരുടെ ചിന്തയും ഓർമശക്തിയും പരിശോധിച്ചു.

വേവിക്കാത്ത പച്ചക്കറികളും ഇലക്കറികളും ദിവസം എത്ര തവണ കഴിക്കുന്നുവെന്നതനുസരിച്ച് അഞ്ചു ഗ്രൂപ്പുകളായി തിരിച്ചു. ദിവസം 1.3 തവണ ഇലക്കറികൾ കഴിക്കുന്നവർ മുതൽ 0.1 തവണ മാത്രം കഴിക്കുന്നവർ വരെ ഉണ്ടായിരുന്നു.

വല്ലപ്പോഴും മാത്രം ഇലക്കറികൾ കഴിക്കുന്നവരെയും ഇവ ഒട്ടും കഴിക്കാത്തവരെയും അപേക്ഷിച്ച് എല്ലാ ദിവസവും ഒരു തവണ എങ്കിലും ഇലക്കറികൾ കഴിക്കുന്നവരിൽ ചിന്താശക്തിയും ഓർമശക്തിയും കൂടുതൽ ഉള്ളതായി കണ്ടു. ഇലക്കറികൾ കഴിക്കുന്നവരുടെ തലച്ചോറിന് 11 വർഷം പ്രായക്കുറവ് ഉള്ളതായി ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്ന പുകവലി, ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി, വിദ്യാഭ്യാസ നിലവാരം, ശാരീരിക ബൗദ്ധിക പ്രവർത്തനങ്ങൾ മുതലായ ഘടകങ്ങൾ കണക്കിലെടുത്തപ്പോഴും പഠനഫലം മാറ്റമില്ലാതെ തുടർന്നു.

മറവിരോഗം ബാധിക്കുന്ന പ്രായമായവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഫലപ്രദമായ മാർഗങ്ങൾ ഉപയോഗിച്ച് രോഗത്തെ തടയാൻ സാധിക്കുമെന്ന് ഈ പഠനം തെളിയിച്ചെന്ന് പഠനത്തിനു നേതൃത്വം നൽകിയ റഫ് സർവകലാശാലയിലെ മാർത്താക്ലെയർ മോറിസ് പറയുന്നു.

തലച്ചോറിന്റെ പ്രായമാകലിനെയും മറവി രോഗത്തെയും തടയാൻ പച്ചനിറത്തിലുള്ള ഇലക്കറികളും സാലഡും ശീലമാക്കാം.

Read More : Healthy Food