Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ കുരുന്ന് മരിക്കുമെന്ന് ഡോക്ടർമാർ ഉറപ്പു പറഞ്ഞു, പക്ഷേ അമ്മയൊന്നു തൊട്ടപ്പോൾ...

lacey

വാഹനാപകടത്തിൽ അതീവഗുരുതരമായി പരുക്കേറ്റാണ് ലാസി ജെയ്ൻ എന്ന മൂന്നുവയസ്സുകാരിയെ ആശുപത്രിയിലെത്തിച്ചത്. തലയോട്ടിയിൽ പൊട്ടലുണ്ടായിരുന്നു. തലച്ചോറിനകത്താകട്ടെ നീർക്കെട്ടും. അമ്മയ്ക്കും അച്ഛനും കുഞ്ഞനുജനുമൊപ്പം ക്രിസ്മസ് ഷോപ്പിങ് കഴിഞ്ഞ് മടങ്ങി വരികയായിരുന്നു അവൾ. ബാക്കി മൂന്നു പേർക്കും നിസ്സാര പരുക്കുകളേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ദൗർഭാഗ്യം ലാസിയുടെ മേൽ മുറിവുകളായി നിറഞ്ഞു. ഡിസംബര്‍ ഒൻപതിനായിരുന്നു അപകടം. എയർ ആംബുലൻസിൽ അലബാമയിലെ കുട്ടികളുടെ ആശുപത്രിയിലേക്കു ഉടനെതന്നെ ലാസിയെ എത്തിക്കുകയും ചെയ്തു. ഡോക്ടർമാരെല്ലാം കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ ചികിത്സ ഫലിച്ചില്ല. 

അലബാമയിൽ ചികിത്സയിലായിരുന്ന ലാസിയുടെ അമ്മ ഷായ്‌ലയെ വിളിപ്പിക്കാൻ തീരുമാനിച്ചു. കുട്ടിയുടെ ജീവൻ രക്ഷാഉപകരണങ്ങൾ എടുത്തുമാറ്റും മുൻപ് അവസാനമായൊന്നു കാണാൻ വേണ്ടിയായിരുന്നു അത്. ഷായ്‌ലയോടു പക്ഷേ അക്കാര്യമൊന്നും പറഞ്ഞില്ല. എന്നാൽ ബന്ധുക്കളോട് ഡോക്ടർമാർ ഉറപ്പാക്കിയിരുന്നു ലാസി ഇനി അധികം ജീവിച്ചിരിക്കില്ലെന്ന്. ഷായ്‌ല ആശുപത്രിയിലെത്തി. ജീവൻ രക്ഷാസംവിധാനങ്ങളെല്ലാം എടുത്തു മാറ്റും മുൻപ് കുഞ്ഞിനെ അവസാനമായി കണ്ടു. അവളെയൊന്നു തൊട്ടു. ഇനി ഡോക്ടർമാരുടെ നടപടിക്രമങ്ങളാണ്. പക്ഷേ അതിലേക്കു കടക്കും മുൻപായിരുന്നു ആ അദ്ഭുതം. ലാസിയുടെ കുഞ്ഞുനെഞ്ച് ചെറുതായി ഉയർന്നു താഴുന്നു. ദേഹത്ത് നേർത്ത അനക്കം. ചികിത്സയോട് ആദ്യമായിട്ടായിരുന്നു ആ കുരുന്ന് പ്രതികരിച്ചത്. 

പിന്നെ ഒട്ടും വൈകിയില്ല, ഉടൻ തന്നെ കൂടുതൽ ചികിത്സ ഉറപ്പാക്കി. കഴിഞ്ഞ ദിവസം ലാസിയുടെ അമ്മാവൻ ഡാനിയൽ ഹോർട്ടന്റെ ഫെയ്സ്ബുക് കുറിപ്പുണ്ടായിരുന്നു: ‘ഞങ്ങളുടെയെല്ലാം ജീവിതം ഇപ്പോൾ ലാസിയുടെ ചിരിയിലൂടെയാണു മുന്നോട്ടു പോകുന്നത്...’എന്ന്. അത്രയേറെ മാറ്റങ്ങൾ അവളുടെ ആരോഗ്യനിലയിലുണ്ടായിരിക്കുന്നു! ജീവൻ തിരികെ പിടിച്ചെങ്കിലും ലാസിക്കു വേണ്ടിയുള്ള കുടുംബത്തിന്റെ പോരാട്ടം തുടരുകയാണ്. കാരണം മസ്തിഷ്കത്തിൽ ഇപ്പോഴും നീർക്കെട്ടുണ്ട്. തലയോട്ടിയിൽ പൊട്ടലും. അത് ജീവിതകാലം മുഴുവൻ നിൽക്കുന്ന വിധം എന്തെങ്കിലും പ്രശ്നം കുട്ടിയിൽ സൃഷ്ടിക്കുമോയെന്നാണ് ഡോക്ടർമാർ ഉറ്റുനോക്കുന്നത്. അഥവാ പരിഹരിക്കാനാകുമെങ്കിൽ എത്രകാലം കൊണ്ടെന്നും. ലാസിയുടെ കഴുത്തിലെ എല്ലിനും ചെറിയ ഒടിവുണ്ട്. 

എന്നാൽ വേദനസംഹാരി കൊടുത്ത് മയക്കിക്കിടത്തിയിട്ടില്ലാത്ത സമയത്തും ലാസി ചുറ്റുപാടുകളോട് പ്രതികരിക്കുന്നതിന്റെ ആശ്വാസത്തിലാണ് എല്ലാവരും. ഇൻഷുറൻസ് കവറേജും കടന്ന് ചികിത്സാച്ചെലവ് പോകാൻ സാധ്യതയുള്ളതിനാൽ ധനശേഖരണത്തിനു വേണ്ടി ക്രൗഡ് ഫൗണ്ടിങ് വെബ്സൈറ്റായ ‘ഗോഫണ്ട്മി’യിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. 2000 ഡോളർ ലക്ഷ്യമിട്ടതിൽ 10 ദിവസം കൊണ്ട് നേടിയെടുത്തത് 2100 ഡോളർ. ഇപ്പോൾ ലാസിയെ വെന്റിലേറ്ററിൽ നിന്നു മാറ്റി. ഇനി ഫിസിക്കൽതെറാപ്പിസ്റ്റുമാരും ന്യൂറോളജി വിദഗ്ധരും ചേർന്നുള്ള പരിശീലനങ്ങളാണ്. ഒരു ഫെയ്സ്ബുക് പേജ് ആരംഭിച്ച് അതിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം വേണ്ടി ലാസിയുടെ ആരോഗ്യപുരോഗതിയിലെ ഓരോ നിമിഷങ്ങളും പങ്കുവയ്ക്കുന്നുമുണ്ട്. ഡോക്ടർമാരും പ്രതീക്ഷയിലാണ്. നിലവിലെ രീതിയിൽ മുന്നോട്ടു പോയാൽ വൈകാതെ തന്നെ സന്തോഷം നിറഞ്ഞ വാർത്ത കേൾക്കാനാകുമെന്ന് അവർ പറയുന്നു. അങ്ങനെയെങ്കിൽ ആഘോഷത്തോടെ ലാസിയെ വരവേൽക്കാൻ വീടും ഒരുങ്ങുകയാണ്. 

Read More : Health News