ചൂട് കാപ്പി കുടിക്കുന്നതിനു മുമ്പ് 4 മിനിട്ട് ശ്രദ്ധിക്കൂ!

കാപ്പി കുടിക്കുന്നത് കാൻസറിനു കാരണമാകുമോയെന്നത് വളരെ പഴയ ഒരു സംശയമാണ്. അമിതമാവാത്ത കാപ്പിയുടെ ഉപയോഗം വലിയ പ്രശ്നമൊന്നും ഉണ്ടാക്കുകയില്ലെന്നും പല കാൻസറിനും പ്രതിവിധിയാണെന്നും അടുത്തകാലത്തുണ്ടായ പല പഠനങ്ങളും വാദിച്ചിരുന്നു. ഒരു ചൂടുകാപ്പി പോരട്ടേ എന്നു പറയുന്നതിനുമുമ്പ് ഒന്നു ശ്രദ്ധിക്കൂ. ലോകാരോഗ്യ സംഘടന ചൂട് കാപ്പിയെന്നല്ല ,അമിതമായി ചൂടുള്ള ഏത് പാനീയവും കുടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് കാൻസറിന് കാരണമായേക്കാമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

അമിതമായി ചൂടുള്ള ഏത് പാനീയവും നിരന്തരം ഉപയോഗിക്കുന്നത് അന്നനാള ക്യാൻസറിന് കാരണമാകുമത്രെ. ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് ലാൻ‌സെറ്റ് ഒങ്കോളജി മാഗസിനിലാണ്. ചൂടുള്ളവ കുടിക്കുന്നതിനുമുമ്പ് ഏതാനും നിമിഷം കാത്തിരിക്കുന്നതാണ് ഉചിതമെന്ന് ഇന്റേണൽ ഏജൻസി ഫോർ റിസേർച്ച് ഓൺ കാൻസർ ഡയറക്ടർ ക്രിസ്റ്റഫർ വൈൽഡ് പറയുന്നു.

തിളപ്പിച്ചശേഷം ഒരു 4 മിനിട്ട് കാത്തിരുന്നിട്ട് മാത്രമേ ചായയോ കാപ്പിയോ മറ്റെന്തെങ്കിലുമോ കുടിക്കാവൂ എന്നാണ് മുൻ പഠനങ്ങൾ പറയുന്നത്. ലെഡും പരിസരമലിനീകരണവും തുടങ്ങി കാൻസറിലേക്കു നയിച്ചേക്കാവുന്ന കാരണങ്ങൾ ഉൾപ്പെടുന്ന ക്ലാസ് 2 എ പട്ടികയിലാണ് ചൂടുള്ള പാനീയങ്ങളേയും ഉൾപ്പെടുത്തിയിരിക്കുന്നത്.

അന്നനാളത്തെ ബാധിക്കുന്ന കാൻസറിനാൽ 400,000 ആളുകളാണ് 2012ൽ മരണപ്പെട്ടത്. മദ്യപാനവും പുകവലിയുമാണ് ഇത്തരം കാൻസർ വർദ്ധിക്കുവാൻ കാരണമാകുന്നതെങ്കിലും സ്ഥിരം ചൂടുള്ള പാനീയങ്ങൾ കുടിക്കുന്ന ഏഷ്യ, സൗത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളിലാണ് ഏറ്റവും കൂടുതൽ‌ അന്നനാള കാൻസർ ബാധിതരുള്ളതെന്നും പഠനം പറയുന്നു.