കടുക് ഒരു കൺമണി, കാര്യത്തിൽ കടത്തിവെട്ടും

കടുകുമണിയോളം വലുപ്പത്തിൽ എന്നു പറഞ്ഞ് കടുകിനെ കുറച്ചു കാണുന്നവർക്ക് കടുക് നൽകുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ? ഭക്ഷണത്തിനു രുചി കൂട്ടാനുള്ള ഒരു വസ്തു മാത്രമല്ല ഈ കടുക്. കണ്ണിനു കാണാൻ ഇല്ലെങ്കിലും കടുക് നൽകുന്നത് പല മാരക രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശക്തിയാണ്. ഫൈറ്റോ ന്യൂട്രിയന്റുകൾ, മിനറൽസ്, വൈറ്റമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സംപുഷ്ടമാണ് കടുക്. എണ്ണക്കുരുക്കളുടെ ഗണത്തിൽ ഏറ്റവുമധികം കാലറി പ്രദാനം ചെയ്യുന്നതും കടുക് തന്നെ. 100 ഗ്രാം കടുകിൽ നിന്ന് 508 കാലറി ലഭിക്കുമെന്ന് പറയുമ്പോൾ അതിശയം തോന്നാമെങ്കിലും ഇതു സത്യമാണ്. ഇതിനു പുറമേ രക്തത്തിലെ കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്ന നിയാസിനും അടങ്ങിയിട്ടുണ്ട്.

കാലിലെയും കൈയിലെയുമൊക്കെ മസിലുകൾക്ക് ഉണ്ടാകുന്ന വേദന ശമിപ്പിക്കാൻ കടുെകണ്ണ ഉപയോഗിച്ച് മസാജ് ചെയ്താൽ മതി. ഇതിലടങ്ങിയിരിക്കുന്ന സെലേനിയം കണ്ടന്റ് കാൻസർ കോശങ്ങൾ രൂപപ്പെടുന്നതിൽ നിന്ന് പ്രതിരോധിക്കാനുള്ള ശേഷി ശരീരത്തിനു നൽകുന്നു. കാൻസർ കോശങ്ങളുടെ വളർച്ചയെ കുറച്ചുകൊണ്ടുവരാനും ഇവയ്ക്കു സാധിക്കും.

റുമാറ്റിക് ആർത്രൈറ്റിസ് ബാധിതർക്ക് മികച്ച ഒരു വേദനാസംഹാരി കൂടിയാകുന്നു കടുക്. ഇതിലെ സെലേനിയം, മഗ്നീഷ്യം കണ്ടന്റുകൾ വേദനയ്ക്ക് ശമനം നൽകാൻ സഹായിക്കുന്നു. നിങ്ങൾ കഴിക്കുന്ന മത്സ്യത്തിൽ കുറച്ച് കടുക് കൂടി ചേർത്തു കഴിച്ചു നോക്കൂ, കടുത്ത മൈഗ്രേനും പമ്പ കടക്കും. ശ്വാസം മുട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഇത് ഉത്തമ പ്രതിവിധിയാണ്.

കടുകിലുള്ള ചില ന്യൂട്രിയന്റുകൾ സാധാരണ പിടിപെടാൻ സാധ്യതയുള്ള പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കും. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയയെ സഹായിക്കുന്നു. ഇവ ശരീരത്തിനുള്ളിലെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുകയും മൊത്തം പ്രവർത്തനത്തെ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. ഇതിലെ കോപ്പർ, അയൺ, മഗ്നീഷ്യം സെലേനിയം തുടങ്ങിയ ഘടകങ്ങൾ ആസ്മയെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ്.

പ്രകൃതിദത്ത സൗന്ദര്യവർധകം കൂടിയാണ് കടുക്. കടുക് അരച്ച് ലാവെൻഡർ അല്ലെങ്കിൽ റോസിന്റെ കൂടെ അൽപം എണ്ണയും ചേർത്ത് മുഖത്തു പുരട്ടി നന്നായി സ്ക്രബ് ചെയ്യുക. നശിച്ച ചർമ കോശങ്ങൾ പോയി മുഖകാന്തി വർധിക്കും. കറ്റാർവാഴ നീരിനൊപ്പം ചേർത്ത് പുരട്ടുന്നതും ചർമ കാന്തി വർധിക്കാൻ സഹായകമാണ്. തൊലി ചുക്കിചുളിയുന്നതും വിണ്ടുകീറുന്നതും തടയാനും ഇത് സഹായകമത്രേ. കടുകിലുള്ള വൈറ്റമിൻ എ, ഇ, ഒമേഗ 3, 6 ഫാറ്റി ആസിഡുകൾ, കാൽസ്യം, പ്രോട്ടീൻ എന്നിവ മുടിയെ കരുത്തുറ്റതാക്കുന്നു.

പ്രമേഹരോഗികൾക്ക് മികച്ച ഔഷധമാണ് കടുകിന്റെ ഇലകൾ. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇവയ്ക്കു സാധിക്കും. കടുകിലുള്ള മഗ്നീഷ്യവും കാൽസ്യവും എല്ലുകളുടെ കരുത്ത് കൂട്ടുകയും ആർത്തവവിരാമത്തിനു ശേഷം കണ്ടു വരാറുള്ള ബോൺ ലോസ് കുറയ്ക്കുകയും ചെയ്യുന്നു. ഒസ്റ്റിയോപെറോസിസ് സാധ്യതയ്ക്കും ഇത് ഉത്തമ പരിഹാരമാകുന്നു.