സ്തനാര്‍ബുദം; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതേ... 

നിങ്ങള്‍ അടിക്കടി സ്തനങ്ങള്‍ പരിശോധിക്കാറുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ ശരീരത്തോടു ചെയ്യുന്നത് കടുത്ത അവഗണനയാണ്. സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ആർബുദമാണ് സാതനാർബുദം‍. ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകള്‍ മരണപ്പെടുന്നതും ഇതു മൂലമാണ്. 

മറ്റു കാന്‍സറുകളെ പോലെ തിരിച്ചറിയാന്‍ പ്രയാസമേറിയതല്ല ബ്രസ്റ്റ് കാന്‍സര്‍. സ്വയം പരിശോധനകളിലൂടെ ഇതിന്റെ തുടക്കം സ്വയം കണ്ടെത്താന്‍ കഴിയും. സംശയാസ്പദമായി എന്തെങ്കിലും സ്തനങ്ങളില്‍ കാണുകയോ എന്തെങ്കിലും ലക്ഷണം തോന്നുകയോ ചെയ്താല്‍ ഉടന്‍ തന്നെ വിദഗ്ധാഭിപ്രായം തേടുകയും വേണം. സ്തനാർബുദ സാധ്യതയുടെ ചില ലക്ഷണങ്ങള്‍ നോക്കാം. 

മുലഞെട്ടുകളിലെ മാറ്റം

ഗര്‍ഭാവസ്ഥയിലോ മുലയൂട്ടുമ്പോഴോ അല്ലാത്ത അവസ്ഥയില്‍ മുലഞെട്ടുകളില്‍ നിന്നുള്ള സ്രവം ശ്രദ്ധിക്കണം. മുലഞെട്ടുകള്‍ ഉള്ളിലേക്ക്  തള്ളിയിരിക്കുകയോ വലിയുകയോ ചെയ്യുന്നതും ചര്‍മം ചുവപ്പ് നിറമാവുകയോ  ഓറഞ്ച് തൊലി പോലെ വരളുകയോ ചെയ്യുകയാണെങ്കില്‍ സൂക്ഷിക്കണം. അതുപോലെ രക്തം കലര്‍ന്നതോ വെള്ളനിറത്തിലോ ഉള്ള സ്രവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാലും ഉടന്‍ ഒരു ഡോക്ടറെ സമീപിക്കണം. 

തടിപ്പുകള്‍, ചൊറിച്ചില്‍ 

മുലഞെട്ടുകളില്‍  തടിപ്പുകള്‍ കാണപ്പെട്ടാലും ശ്രദ്ധിക്കണം. പൊതുവേ മാറിടത്തിലെ തൊലി വളരെ മൃദുലമാണ്. എന്നാല്‍ പെട്ടന്നുണ്ടാകുന്ന പരപരപ്പും തടിപ്പും ശ്രദ്ധിക്കണം. അതുപോലെ  മുലക്കണ്ണില്‍ മാത്രം ശക്‌തമായി ചൊറിച്ചില്‍ അനുഭവപ്പെടുകയും തൊലിയുടെ മുകള്‍ഭാഗത്ത്‌ ചെറിയ കോശങ്ങള്‍ തരിതരിയായി പ്രത്യക്ഷപ്പെടുകയും ചെയ്‌താല്‍ സൂക്ഷിക്കണം. 

സ്തനങ്ങളില്‍ വേദന

അവഗണിക്കാന്‍ പാടില്ലാത്ത മറ്റൊരു ലക്ഷണമാണിത്. ആര്‍ത്തവ കാലങ്ങളില്‍ സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍ വേദനയുണ്ടാവുന്നത് സാധാരണയാണ്. ഇത് തെറ്റിദ്ധരിക്കേണ്ട. വേദന നീണ്ടു നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്.

മുഴകൾ

സ്ഥിരമായ പരിശോധനകള്‍ വഴി നിഷ്പ്രയാസം ഒരാള്‍ക്ക് ഇത് കണ്ടെത്താന്‍ കഴിയും. കക്ഷത്തിലോ തോളെല്ലിലോ മുഴകളോ തടിപ്പോ അനുഭവപ്പെടുക, സ്‌തനത്തിന്റെ വലിപ്പം പെട്ടെന്ന്‌ വലുതാവുക എന്നിവ അര്‍ബുദബാധയുടെ ലക്ഷണങ്ങളാണ്‌. 

ഒരുസാധാരണ രോഗം പോലെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന രോഗമാണിന്നു കാന്‍സര്‍. ശരിയായ പരിശോധനകള്‍ നടത്തി തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ഇതിനെ വേരോടെ പിഴുതുകളയാം. ശാരീരിക പരിശോധന, മാമ്മോഗ്രാം എന്നിവ യഥാസമയം നടത്തുക വഴി കാന്‍സര്‍ സാധ്യതകള്‍ കണ്ടെത്തി ശരിയായ ചികിത്സ നേടാനും സാധിക്കും.

Read More : Ladies Corner