ആദ്യ ആര്‍ത്തവം ഉണ്ടായ വയസ്സും ആരോഗ്യവും തമ്മിലുള്ള ബന്ധം?

ആദ്യമായി ഋതുമതിയായ ദിവസം ഒരു പെണ്‍കുട്ടിയും മറക്കില്ല. ബാല്യത്തില്‍ നിന്നും കൗമാരത്തിലേക്കു കാലെടുത്തുവച്ച ഏതോ ഒരുനാളില്‍ ഋതുമതിയായ ആ നാള്‍. സ്ത്രീത്വത്തിലേക്ക് എത്തിയ ആദ്യത്തെ ദിവസം. പണ്ടൊക്കെ പതിനഞ്ചിലോ പതിനാറിലോ ഒക്കെ എത്തുമ്പോഴായിരുന്നു പെണ്‍കുട്ടികള്‍ ഋതുമതികളാകുന്നതെങ്കില്‍ ഇന്നത്‌ പത്തും പന്ത്രണ്ടും വയസ്സിലായിട്ടുണ്ട്. ജിവിതചര്യയിലെ മാറ്റങ്ങള്‍ തന്നെയാണ് ഇതിനു കാരണമായി ഡോക്ടര്‍മ്മാര്‍ പറയുന്നത്. 

എന്നാല്‍ ആദ്യത്തെ ആര്‍ത്തവവും നിങ്ങളുടെ ആരോഗ്യവും തമ്മില്‍ ചില ബന്ധങ്ങള്‍ ഉണ്ടെന്നു അറിയാമോ?

ഭാരവും ആര്‍ത്തവവും

നിങ്ങളുടെ ഭാരവും ആദ്യത്തെ ആര്‍ത്തവും തമ്മില്‍ ബന്ധമുണ്ടെന്നാണു ഗവേഷകര്‍ പറയുന്നത്. വളരെ നേരത്തെ ആര്‍ത്തവം ആരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഭാവിയില്‍ അമിതവണ്ണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു പറയപ്പെടുന്നു. ചെറിയ പ്രായത്തില്‍ തന്നെ അമിതവണ്ണം ഉള്ള കുട്ടികള്‍ക്ക് വളരെവേഗം ആര്‍ത്തവം ആരംഭിക്കുകയും പില്‍കാലത്ത് അവരില്‍ അമിതവണ്ണം തുടരുകയും ചെയ്യും.

ഹൃദയാരോഗ്യം

ഇതിലും ചില ബന്ധങ്ങള്‍ ഉണ്ട്. പത്തു വയസ്സില്‍ താഴെയോ പതിനേഴുവയസ്സില്‍ കൂടുതലോ ഉള്ളപ്പോള്‍ ആര്‍ത്തവം ആരംഭിക്കുന്നവര്‍ക്ക് ഭാവിയില്‍ ഹൃദ്രോഗസാധ്യതയുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. 1.3 മില്യന്‍ സ്ത്രീകളില്‍ നടത്തിയ പഠനപ്രകാരം 13 വയസ്സില്‍ ആര്‍ത്തവം ആരംഭിച്ച  സ്ത്രീകള്‍ക്ക് ഹൃദ്രോഗസാധ്യത വളരെ കുറവാണ്. അതേ സമയം 10 ല്‍ താഴെയോ  17 വയസ്സിനു മുകളിലോ ആദ്യ ആര്‍ത്തവം ഉണ്ടായവര്‍ക്ക് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പ്രമേഹം

വളരെ ചെറുപ്പത്തില്‍ ആര്‍ത്തവം ആരംഭിക്കുന്ന സ്ത്രീകള്‍ക്ക് പ്രമേഹം വരാനുള്ള സാധ്യതയുണ്ട്. ബോഡി മാസ്സ് ഇൻഡക്സ് അധികമായുള്ള സ്ത്രീകള്‍ക്കും ടൈപ്പ് 2 ഡയബറ്റിസ് വരാനുള്ള സാധ്യത ഏറെയാണ്‌. ഹോര്‍മോണ്‍ വ്യതിയാനം കാരണമാണല്ലോ ആര്‍ത്തവം ആരംഭിക്കുന്നത്. ഇതേ ഹോര്‍മോണ്‍ വ്യതിയാനം തന്നെയാണ് ശരീരത്തിലെ ഇന്‍സുലിന്‍ അളവും നിര്‍ണയിക്കുന്നത്. 

ഗര്‍ഭധാരണം 

നേരത്തെയുള്ള ആര്‍ത്തവവും ഗര്‍ഭധാരണവും തമ്മിലും ബന്ധമുണ്ട്. നേരത്തെ ആര്‍ത്തവം ആരംഭിക്കുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ ഗര്‍ഭധാരണത്തിനു പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഗര്‍ഭകാലത്തു രക്തസമ്മര്‍ദം കൂടി അമ്മയ്ക്കും കുഞ്ഞിനും ആപത്തു വരെ സംഭാവിക്കാവുന്ന അവസ്ഥകള്‍ ചിലര്‍ക്ക് ഉണ്ടാകാം.

Read More : Health Magazine