Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകളിലെ കാൻസർ സ്വയം കണ്ടെത്താം

177033299

സ്ത്രീകളിൽ മൂന്നിലൊന്നു പേരും ചികിത്സ തേടി വരുന്നത് സ്തനാർബുദത്തിനാണ് (34 ശതമാനം). കുറച്ചു വർഷങ്ങൾക്കു മുൻപ് നാൽപ്പത്തഞ്ചു വയസ്സിനു മുകളിലുള്ളവരിൽ മാത്രം കണ്ടുകൊണ്ടിരുന്ന ഈ അർബുദം ഇപ്പോൾ ഇരുപതു വയസ്സുകാരികളിലും കാണാം. കേരളത്തിന്റെ പ്രത്യേകതായാണിത്. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലൊന്നും സ്ത്രീകളിൽ സ്തനാർബുദമല്ല കൂടുതൽ. കേരളത്തിലും പുറത്തെ നാലു മെട്രോ പൊളിറ്റൻ സിറ്റികളിലും മാത്രമാണ് ഉയർന്ന തോതിലുള്ള സ്തനാർബുദ നിരക്ക്. ഇതെന്തു കൊണ്ടു സംഭവിക്കുന്നു എന്നു ചോദിച്ചാൽ, പാശ്ചാത്യവൽക്കരിക്കപ്പെട്ട ജീവിത ശൈലികളും കൈവെടിഞ്ഞ നാടൻ ആഹാരരീതികളും എന്നതാണുത്തരം. 

സ്ത്രീകളിൽ രണ്ടാമതായി കാണുന്നത് ഗർഭാശയഗള കാൻസർആണ് (20 ശതമാനം)

സ്തനാർബുദം

ഇവിടെയും നമുക്കു രണ്ടുതരം ആൾക്കാരെ താരതമ്യം ചെയ്തു നോക്കാം. ഒരാൾ പ്രശസ്ത പിന്നണി ഗായികയുടെ അമ്മയാണ്. അവർക്ക് സ്തനാർബുദം വന്നു വ്രണങ്ങൾ രൂപപ്പെട്ടു, അവസാനം രക്തം വരാൻ തുടങ്ങിയപ്പോഴാണ് ചികിത്സ തേടിയെത്തിയത്. പരിശോധിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. എങ്ങനെ ഇത്രയും കാലം ഈ കാൻസർ മറച്ചുവച്ചു?

ഡോക്ടറെ കാണാനുള്ള ഭയവും തന്റെ രോഗം പുറത്തറിയുമോ എന്നുള്ള തോന്നലുമാണ് ആ അമ്മയെ ബലിയാടാക്കിയത്. രാവിലെ പൂജാമുറിയിൽ കയറി ഒന്നൊന്നരമണിക്കൂർ ചെലവിടാറുണ്ടായിരുന്നു അവർ. പൂജ ചെയ്യുകയാണെന്നാണു മക്കളും പേരമക്കളും കരുതിയിരുന്നത്. പക്ഷേ, സത്യം അതായിരുന്നില്ല. തന്റെ സ്തനങ്ങളിലെ മുറിവുകൾ ഈ സമയം കൊണ്ട് ഡ്രസ് ചെയ്യുകയായിരുന്നു അവർ. ടിഷ്യൂപേപ്പറുകൾ കൊണ്ടും മറ്റു ക്ലീനിങ് ഉൽപന്നങ്ങൾകൊണ്ടും മുറിവുകൾ ഡ്രസ് ചെയ്ത് ഭംഗിയാക്കി പൂജാമുറിയിൽ നിന്നു തിരിച്ചിറങ്ങും. പക്ഷേ രക്തം ഒലിക്കാൻ തുടങ്ങിയപ്പോൾ രോഗം മറച്ചുവയ്ക്കാൻ കഴിഞ്ഞില്ല. അപ്പോഴ്ക്കും രോഗം കൈവിട്ടു പോയിരുന്നു. ചികിത്സകൊണ്ടു പിന്നീടു വർഷങ്ങളോളം ജീവിച്ചെങ്കിലും മരണകാരണം ഈ അർബുദമായിരുന്നു. 

രണ്ടാമത്തെ ഉദാഹരണം 75 വയസ്സായ ഒരു ഗ്രാമീണ സ്ത്രീയാണ്. മാറിൽ ചെറിയ മുഴ കണ്ടപ്പോൾത്തന്നെ അവർ ചികിത്സ തേടിയെത്തി. അധികം പഠിപ്പൊന്നുമില്ല. എനിക്കു വിസ്മയമായി. ചോദിച്ചപ്പോൾ വായനയിലൂടെയാണ് ഈ രോഗത്തെയും ലക്ഷണത്തെയും അറിഞ്ഞത് എന്നായിരുന്നു മറുപടി.

എന്തു പറയുന്നു? ഒരാൾക്കു സമ്പത്തുണ്ട്, അറിവുണ്ട്, സൗകര്യങ്ങളുമുണ്ട്. രണ്ടാമത്തെയാൾക്ക് ആദ്യം പറഞ്ഞ സൗകര്യമോ സമ്പത്തോ ഇല്ല. പക്ഷേ, ആരോഗ്യമാണ് സമ്പത്ത് എന്ന പ്രായോഗിക‍ജ്ഞാനമുണ്ട്. 

സ്തനാർബുദരോഗബാധ വളരെ സാധാരണമാണെങ്കിലും പരിപൂർണമായി ചികിത്സിച്ചു ഭേദമാക്കാം. അതുകൊണ്ടു തന്നെ പ്രാരംഭഘട്ടത്തിൽ അറിഞ്ഞാൽ സ്തനാർബുദത്തെ പേടിക്കേണ്ടതില്ല.

ലക്ഷണങ്ങൾ

മുലക്കണ്ണിൽ നിന്നു സ്രവങ്ങൾ ഉണ്ടാവുക, ആകൃതിയോ സ്ഥാനമോ മാറുക, സ്തനങ്ങളുടെ ആകൃതി, വലുപ്പം എന്നിവയിൽ മാറ്റങ്ങളോ, പ്രകടമായ പാടുകളോ പരപ്പോ കാണുക, മുലക്കണ്ണ് പതിയെ അകത്തേക്കു വലിയുക, വേദനയില്ലാത്ത മുഴകൾ (വേദനയുള്ള മുഴകൾ കാൻസറായിരിക്കില്ല) ഉണ്ടാവുക.  വ്രണങ്ങള്‍, ചുളിവുകൾ തുടങ്ങിയവയെല്ലാം മുന്നറിയിപ്പുകളാവാം.

മുലക്കണ്ണിൽ നിന്നുള്ള സ്രവം, പ്രത്യേകിച്ച് രക്തം കലർന്നതാണെങ്കിൽ ഉടനെ ഡോക്ടറെ കാണിക്കണം. (ഈയിടെ വന്ധ്യതാനിവാരണ ചികിത്സയ്ക്കു വിധേയയായ ഒരു സ്ത്രീ സ്തനത്തിൽ മുഴയുമായി വന്നു. ബ്രെസ്റ്റ് കാൻസറിന്റെ തുടക്കമായിരുന്നു അവരിൽ. വന്ധ്യതാനിവാരണ ചികിത്സ യിൽ അനവധി ഹോർമോണുകള്‍ ഉള്ളിലേക്കെടുക്കേണ്ടി വരും. അതുകൊണ്ടുതന്നെ ചികിത്സയ്ക്കു പോവുന്നവർ ബ്രെസ്റ്റ് കാൻസർ ഇല്ലായെന്ന് ഉറപ്പുവരുത്തണം)

കൂടുതൽ സാധ്യത ആര്‍ക്കൊക്കെ?

∙ അൻപതു വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക്,

∙ പാരമ്പര്യത്തിന് അഞ്ചു മുതൽ പത്തുശതമാനം വരെ സാധ്യതയുണ്ട്. അമ്മ, അമ്മയുടെ അമ്മ, സഹോദരിമാർ എന്നിവർക്ക് സ്തനാർബുദം ഉണ്ടെങ്കിൽ മുൻകരുതൽ എടുക്കണം. 

∙ കുട്ടികൾ ഇല്ലാത്തവർക്ക്, അല്ലെങ്കിൽ മുപ്പതു വയസ്സു കഴിഞ്ഞ് ആദ്യത്തെ പ്രസവം നടക്കുന്നവർക്ക്

∙ മുലയൂട്ടാത്തവർക്ക്

∙ മാസമുറ മാറ്റിവയ്ക്കാനും ഗര്‍ഭധാരണം തടയാനും വേണ്ടി ഉപയോഗിക്കുന്ന ഹോര്‍മോൺ ഗുളികകൾ അമിതമായി ഉപയോഗിക്കുന്നവരിൽ

∙ അമിതവണ്ണമുള്ളവർക്ക്

എങ്ങനെ പ്രതിരോധിക്കാം?

∙ കൃത്യമായി വ്യായാമം ചെയ്യുക

∙ കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണം കുറയ്ക്കുക

∙ ശരീരഭാരം നിയന്ത്രിക്കുക

∙ നേരത്തേ കുട്ടികൾ ഉണ്ടാവുക, മുലയൂട്ടുക

∙ ഹോർമോൺ ഗുളികകളുടെ അമിതോപയോഗം കുറയ്ക്കുക. 

∙മദ്യപാനം കുറയ്ക്കുക (അതിശയിക്കേണ്ട, പുതിയ കണക്കുകൾ പ്രകാരം മദ്യപിക്കുന്ന പുരുഷന്മാരുടെ എണ്ണം കുറയുകയും സ്ത്രീകളുടെ എണ്ണം കൂടിവരികയുമാണ്). സ്തനാർബുദം പ്രാരംഭദശയിൽ കണ്ടുപിടിക്കാൻ വ്യക്തമായ മാർഗങ്ങളുണ്ട്. 

∙20–39 വയസ് ഗ്രൂപ്പിനുള്ളിലുള്ളവർ

ഇരുപതു വയസ്സിനു മുകളിലുള്ള എല്ലാവരും മാസത്തിൽ  ഒരു തവണ സ്വയം പരിശോധന നടത്തണം. മൂന്ന് വർഷം കൂടുമ്പോൾ ക്ലിനിക്കൽ എക്സാം നടത്തണം. 

∙40 വയസ്സിനു മുകളിലുള്ളവര്‍ക്ക് വർഷത്തിൽ മാമോഗ്രാം ചെയ്യുക.

സ്തനാർബുദം എങ്ങനെ കണ്ടുപിടിക്കാം?

∙വർഷത്തിലൊരിക്കൽ ആരോഗ്യവിദഗ്ധരെക്കൊണ്ട് ക്ലിനിക്കൽ ബ്രെസ്റ്റ് എക്സാം നടത്തുക.

∙മാസത്തിൽ സ്വയം പരിശോധന നടത്തുക. 

സ്തനാർബുദം കണ്ടുപിടിക്കാൻ വളരെ സങ്കീർണമായ ഒരു ഉപകരണം ആവശ്യമാണ്. നമ്മുടെ കൈ. ആദ്യമേ, സ്വന്തം സ്തനത്തെക്കുറിച്ച് വ്യക്തമായ ധാരണ വേണം. 

കണ്ണാടിക്കു മുന്നിൽ സ്തനങ്ങളെ നോക്കി, തോള്‍ നേരെയാക്കി, കൈകൾ അരയിൽക്കുത്തി നിൽക്കുക. സ്തനങ്ങൾ സാധാരണ ആകൃതിയിലാണോ, വലുപ്പത്തിലാണോ, നിറത്തിലാണോ, വലിയ വ്യതിയാനങ്ങൾ കാണുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ‌ ഏതെങ്കിലും കണ്ടാൽ ഡോക്ടറോടു സംസാരിക്കാൻ മടിക്കരുത്. 

കൈപൊക്കിയാൽ രണ്ടുവശത്തെ സ്തനങ്ങളും ഒരേ പോലെ പൊങ്ങണം. ഒരു വശത്തെ സ്തനം പൊങ്ങുന്നില്ലായെങ്കിൽ സംശയിക്കണം. കുളിക്കുന്ന സമയമാണു സ്തനം പരിശോധിക്കാൻ പറ്റിയ സമയം. സോപ്പുതേച്ചു തടവുകയാണെങ്കിൽ ചെറിയ മുഴകൾ പോലും കണ്ടുപിടിക്കാൻ സാധിക്കും. അങ്ങ നെ ചെയ്യുമ്പോൾ വിരൽത്തുമ്പുകൊണ്ടു പരിശോധിക്കരുത്. അപ്പോൾ എല്ലാവർക്കും ഒരു പത്തു കാൻസറെങ്കിലുമുണ്ടാകും. കാരണം, സ്തനമുണ്ടാക്കിയിരിക്കുന്നതു ചെറിയ ചെറിയ കൊഴുപ്പുകട്ടകൾ കൊണ്ടാണ്. അപ്പോൾ ഓരോ കൊഴുപ്പു കട്ടകളും ഓരോ ദിവസം കാൻസറായിട്ടു തോന്നും. അന്നു മുതൽ ഉറക്കം നഷ്ടപ്പെടുമെന്നു തീർച്ച. അതുകൊണ്ടുതന്നെ സ്തനപരിശോധന കയ്യുടെ ഉൾവശം കൊണ്ടായിരിക്കണം. വലത്തേ സ്തനം ഇടത്തെ കൈകൊണ്ടും ഇടത്തേത് വലത്തേ കൈകൊണ്ടും ചെയ്യണം. മുൻവശത്തു മാത്രമല്ല കക്ഷത്തിന്റെ ഭാഗം കൂടി പരിശോധനയിൽ കൊണ്ടുവരണം.

ഞങ്ങള്‍ തമാശയ്ക്കു പറയാറുണ്ട് കുളിക്കുന്ന സ്വഭാവമില്ലെ ങ്കിൽ മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും കുളിക്കണമെന്ന്. ഇനി അങ്ങനെയൊരു സ്വഭാവം തീരെയില്ലെങ്കിൽ സ്തനാർബുദബാധ കണ്ടുപിടിക്കാനെങ്കിലും മാസത്തിൽ ഒരു പ്രാവശ്യം കുളിക്കണം. 

സ്തനാർബുദം ക്രമാതീതമായി വർധിച്ചു വരുന്നു. പ്രാരംഭദശയിൽ കണ്ടു പിടിച്ചാൽ നൂറുശതമാനവും ചികിത്സിച്ചു മാറ്റാം. സ്തനം മുഴുവൻ മുറിച്ചു മാറ്റാതെ അസുഖമുള്ള ഭാഗം മാത്രം ചികിത്സിക്കാം. 

സ്തനം മാത്രം പരിശോധിക്കാനുള്ള എക്സ്റേ മെഷീനാണ് മാമോഗ്രാം. മാമോഗ്രാമിൽ മുഴ രൂപം കൊളളുന്നതിനു മുമ്പ് കണ്ടുപിടിക്കാം. ഏറ്റവും പ്രാഥമിക അവസ്ഥയിൽ കാൻസർ കണ്ടുപിടിക്കാമെന്നതാണ് മാമോഗ്രാമിന്റെ മെച്ചം. 

ഇനി ഒന്നു തിരിഞ്ഞുനോക്കാം

നാം എല്ലാ മാസവും ഷുഗർ, പ്രഷർ പരിശോധനകൾ ചെയ്യാറുണ്ടല്ലോ? പക്ഷേ, ഒരാളെങ്കിലും കാൻസർ ഉണ്ടോ എന്നു പരി ശോധന ചെയ്യാറില്ല. പക്ഷേ, മുൻകരുതൽ എടുത്താൽ ദുഃഖി ക്കേണ്ട. കണ്ടുപിടിക്കുന്നതു പോട്ടെ, കണ്ടു പിടിച്ചാലും ചികി ത്സിക്കാൻ വരില്ല. മറ്റുള്ളവർ അറിയാൻ പാടില്ല, ആരുമറിയാതെ കൊണ്ടു നടക്കണം എന്നിങ്ങനെ പിടിവാശിയുള്ളവരുണ്ട്. അവസാനം വികൃതസ്തനങ്ങളും വ്രണങ്ങളുമായിരിക്കും ഫലം. മലയാളത്തിലെ ഒരു പ്രസിദ്ധ പിന്നണിഗായികയുടെ അമ്മ പോലും ഇത്തരത്തിൽ ചിന്തിച്ചു പ്രവർത്തിച്ചു എന്നറിയുമ്പോൾ വേദന തോന്നി. ബോധവൽക്കരണം എല്ലാ തട്ടിലുമെത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ ഉദാഹരണം സൂചിപ്പിക്കുന്നത്. 

ഗർഭാശയഗള കാൻസർ

പ്രാരംഭദശയിൽ കണ്ടുപിടിക്കാൻ വളരെ എളുപ്പമുള്ള കാൻസർ ആണിത്. പാപ്സ്മിയർ എന്നൊരു ലളിതമായ ടെസ്റ്റ് നടത്തിയാൽ മതി. അസുഖബാധ തിരിച്ചറിയാൻ മാത്രമല്ല, അസുഖം വർഷങ്ങൾക്കു മുൻപു കണ്ടെത്താനും ഈ ടെസ്റ്റ് വഴി സാധ്യമാണ്. 

ഗർഭാശയത്തിന്റെ വായ്മുഖത്തുണ്ടാകുന്ന കാൻസറാണ് ഗർഭാശയഗള കാൻസർ. ആരംഭദശയിൽ കണ്ടുപിടിക്കുകയാണെങ്കിൽ 95 ശതമാനം രോഗവും ചികിത്സിച്ചു മാറ്റാം. 

ലൈംഗികപരമായ ശുചിത്വമില്ലായ്മ, ഒന്നിലധികം ലൈംഗിക പങ്കാളികൾ, ചെറുപ്പത്തിലുള്ള ലൈംഗികബന്ധം, പുകവലി തുടങ്ങിയവയാണ് ഗർഭാശയ കാൻസറിന്റെ കാരണങ്ങൾ. ഹ്യൂമൺ പാപ്പിലോമ വൈറസ്  അണുബാധയുള്ളവർക്ക് ഈ കാന്‍സർ വരാനുള്ള സാധ്യത കൂടുതലായിരിക്കും. അതു കൊണ്ടു തന്നെ നമുക്കിന്ന് ഇതിനെതിരെ ഒരു പ്രതിരോധ കുത്തിവയ്പ് ലഭ്യമാണ്. പത്തുവയസ്സിനും ഇരുപത്താറുവയസ്സിനും ഇടയിലുള്ള പെൺകുട്ടികൾ എടുക്കേണ്ട ഒരു കുത്തി വയ്പാണ് എച്ച്പിവി വാക്സിനേഷൻ. നാൽപ്പതു വയസ്സു വരെ എടുക്കാം. കുത്തിവയ്പുവഴി എച്ച്പിവി അണുബാധ തടയുകയും ഈ കാൻസറിനെ പ്രതിരോധിക്കുകയും െചയ്യാം.

മധ്യവയസ്കരായ സ്ത്രീകളിലാണു ഗർഭാശയഗള കാൻസ റിനു സാധ്യത കൂടുതൽ.

ലക്ഷണങ്ങൾ‌

∙ലൈഗികബന്ധശേഷമുള്ള രക്തസ്രാവം.

∙ മാസമുറയ്ക്കിടയ്ക്ക് വിട്ടുവിട്ടുള്ള രക്തസ്രാവം, വെള്ള പോക്ക്, നടുവേദന.

എങ്ങനെ കണ്ടുപിടിക്കാം?

1. പാപ്സ്മിയർ ടെസ്റ്റ്

ഗർഭാശയഗോളത്തിലെ കോശങ്ങൾ ഇതുവഴി പരിശോധിക്കും. മൂന്നു വർഷത്തിലൊരിക്കൽ പാപ്സ്മിയർ ടെസ്റ്റ് നടത്താം. 

2. കോൾപോസ്കോപ്പി

ഒരുതരം എൻഡോസ്കോപ്പി പരിശോധനയാണ് കോൾപോ സ്കോപ്പി. മൂന്നു വര്‍ഷത്തിലൊരിക്കൽ ഈ പരിശോധന നടത്താവുന്നതാണ്. 

കടപ്പാട് : ഡോ. വി. പി. ഗംഗാധരന്റെ കാൻസറിനെ പേടിക്കേണ്ട പുസ്തകം