കാലുകൾ നൽകുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുതേ...

തിരക്കിട്ട ജീവിതത്തിനിടയിൽ പാദങ്ങളുടെ കാര്യം ആരും പ്രത്യേകം ശ്രദ്ധിക്കാറില്ല. മുഖവും മുടിയുമൊക്കെയാണല്ലോ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പിടിച്ചുവാങ്ങുന്നത്. എന്നാൽ കാലുകൾ നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച് ചില മുന്നറിയിപ്പുകൾ തരുമത്രേ. ശ്രദ്ധിക്കാതെ വിട്ടാൽ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നു സാരം.

∙ കാലിന്റെ അഗ്രഭാഗങ്ങൾ വരഞ്ഞുപൊട്ടുന്നതും വിണ്ടുകീറുന്നതും തൈറോയ്‌ഡ് സംബന്ധിച്ച രോഗങ്ങൾക്കുള്ള മുന്നറിയിപ്പാണ്. തൈറോയ്‌ഡിനു പ്രശ്‌നം ഉള്ളവർക്ക് രക്‌തചംക്രമണത്തിലും നാഡീവ്യവസ്‌ഥയിലും വ്യതിയാനങ്ങൾ ഉണ്ടാകുന്നു. 

∙കാൽപാദങ്ങളിലെ രോമങ്ങളുടെ വളർച്ച കുറയുന്നുണ്ടെങ്കിൽ സൂക്ഷിക്കണം. ആ ഭാഗത്തേക്കുള്ള രക്‌തപ്രവാഹം കുറയുന്നതിന്റെ സൂചനയാണിത്.

∙പെരുവിരൽത്തുമ്പത്ത് തരിപ്പ് അനുഭവപ്പെടാറുണ്ടോ? ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട മുന്നറിയിപ്പാണിത്. നാഡീവ്യവസ്‌ഥയ്‌ക്ക് തകരാർ ഉണ്ടോയെന്ന് പരിശോധിക്കണം.

∙നഖങ്ങളിൽ കറുത്ത കുത്തുകളോ വരകളോ കണ്ടാലും ശ്രദ്ധിക്കണം. മെലനോമ എന്ന രോഗത്തിന്റെ ലക്ഷണങ്ങളിൽ ചിലതാണിവ. ശരീരത്തിന് ആവശ്യത്തിന് വിറ്റാമിൻ ലഭിച്ചില്ലെങ്കിലും ഇതേ പ്രശ്‌നം സംഭവിക്കാം

∙രാവിലെ എഴുന്നേൽക്കുമ്പോൾ കാലിന്റെ സന്ധികളിൽ വേദന അനുഭവപ്പെടാറുണ്ടോ? റുമാറ്റോയിഡ് ആർത്രൈറ്റിസിന്റെ സൂചനയായിരിക്കാം ഇത്.