പ്ലാസ്റ്റിക് കുപ്പികളിലെ മരുന്നിനെ പേടിക്കണോ?

കുടിവെള്ളത്തെ നമുക്കു പേടിയില്ല, പക്ഷേ ആ വെള്ളം പ്ലാസ്റ്റിക് കുപ്പിയിലാക്കി കുടിക്കുമ്പോൾ പേടിക്കണം. കുപ്പി ചൂടാകുകയും കൂടി ചെയ്താൽ പിന്നെ പറയുകയും വേണ്ട, സംഗതി അത്യപകടകാരിയായിരിക്കും. കുപ്പിവെള്ളത്തിന്റെ കാര്യത്തിൽ മാത്രമാണോ ഈ പ്രശ്നം. അല്ലെന്നാണ് കേന്ദ്രസർക്കാരിലെ ഉന്നതവൃത്തങ്ങൾ തന്നെ പറയുന്നത്. പ്ലാസ്റ്റിക് കുപ്പികളിലുള്ള മരുന്നുകളിലേക്ക് വിഷവസ്തുക്കളൊന്നും കലരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം നിർദേശം വരെ പുറത്തിറക്കി. ഇതുസംബന്ധിച്ച് വിശദമായ പഠനം നടത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനോട് നിർദേശിക്കുകയും ചെയ്തിരിക്കുന്നു.

പഠനവിധേയമാക്കേണ്ട പ്രധാന വിഷയം ഇതാണ്– പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് ഏതെങ്കിലും വിധത്തിലുള്ള രാസവസ്തുക്കൾ മരുന്നുകളിലേക്ക് ഒലിച്ചിറങ്ങുന്നുണ്ടോ? താപനില മാറുന്നതിനനുസരിച്ച് പ്രത്യേകിച്ച്! എന്തുകൊണ്ടാണിപ്പോൾ കേന്ദ്രത്തിന് ഇത്തരമൊരു നീക്കം നടത്തേണ്ടതായി വന്നത്? അക്കാര്യം അന്വേഷിച്ചാലറിയാം ഇതാദ്യമായിട്ടല്ല ഇത്തരമൊരു നീക്കം. രണ്ടര വർഷം മുൻപ് കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ ഇതു സംബന്ധിച്ച ഒരു കരടുനിർദേശം പുറത്തുവിട്ടിരുന്നു. പ്ലാസ്റ്റിക്, പിഇടി (polyethylene terephthalate) നിർമിത കുപ്പികൾ മാറ്റി മരുന്നുകളെല്ലാം ചില്ലുകുപ്പികളിൽ നൽകണം എന്നതായിരുന്നു അത്. എന്നാൽ ആരും ഇക്കാര്യം ചെവിക്കൊണ്ടില്ല. 

പ്ലാസ്റ്റിക് കുപ്പികളിൽ നിന്നുള്ള രാസവസ്തുക്കൾ മരുന്നിലേക്ക് ഒലിച്ചിറങ്ങുന്നതിനെ ‘ലീച്ചിങ്’ എന്നാണു പറയുക. ഇത്തരത്തില്‍ ഒലിച്ചിറങ്ങുന്നവയ്ക്കാകട്ടെ വെള്ളത്തിൽ ലയിച്ചു ചേരുന്ന സ്വഭാവവുമുണ്ട്. അതായത് മരുന്നുകളുടെ രാസഘടനയെ തന്നെ മാറ്റിമറിയ്ക്കാനോ വിഷലിപ്തമാക്കാനോ ഇവയ്ക്കാകുമെന്നു ചുരുക്കം. ഏത് അസുഖത്തിനു വേണ്ടിയാണോ മരുന്ന് കഴിക്കുന്നത് ആ അസുഖം ഇല്ലാതാക്കാനുള്ള മരുന്നിന്റെ ശേഷിയും ഒരുപക്ഷേ ഇത്തരത്തിൽ തകർക്കപ്പെട്ടേക്കാം. കഴിഞ്ഞ വർഷം സർക്കാർ തലത്തിൽ തന്നെ നടത്തിയ ഒരു പഠനത്തിൽ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച കഫ് സിറപ്പിലും മറ്റ് ദ്രാവക രൂപത്തിലുള്ള മരുന്നുകളിലും ഈയത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വിഷവസ്തുവാണിത്. 

ഈ സാഹചര്യത്തിലാണ് ശരീരത്തിന് ദോഷകരമായ വസ്തുക്കൾ മരുന്നിലേക്ക് ഊറിയിറങ്ങുന്നുണ്ടെന്നും അത്തരം കുപ്പികൾ ഒഴിവാക്കണമെന്നും നിർദേശിച്ചത്. മരുന്നുകളുടെ നിലവാരപരിശോധന നടത്തുന്ന ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡ്(ഡി‍ടിഎബി) ഉൾപ്പെടെ ഈ പഠനറിപ്പോർട്ട് അംഗീകരിച്ചതുമാണ്. പ്ലാസ്റ്റിക്, പിഇടി കുപ്പികൾ മരുന്ന് നിറയ്ക്കാൻ ഉപയോഗിക്കരുതെന്ന് നിർദേശവും നൽകി. കുട്ടികൾക്കും വാർധക്യത്തിലെത്തിയവർക്കുമുള്ള മരുന്നുകളിൽ പ്രത്യേകിച്ച്. പക്ഷേ എല്ലാം വെള്ളത്തിൽ വരച്ചതു പോലെയായെന്നു മാത്രം.

2016 മേയിൽ വന്ന പ്രസ്തുത റിപ്പോർട്ടിന് ബദലായി മറ്റൊന്നു കൂടി വന്നിരുന്നു. മുൻ ജൈവസാങ്കേതികതാ വകുപ്പ് സെക്രട്ടറി  എം.കെ.ഭാനിന്റേതായിരുന്നു ആ റിപ്പോർട്ട്. ദേശീയ ഹരിത ട്രിബ്യൂണലിനു മുന്നിൽ വച്ച ആ റിപ്പോർട്ടിൽ പിഇടി, പ്ലാസ്റ്റിക് നിർമിത കുപ്പികളിൽ മരുന്ന് നിറയ്ക്കുന്നത് കുഴപ്പമില്ലെന്നാണു വ്യക്തമാക്കിയത്. മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അളവിലുള്ള മാരകവസ്തുക്കളൊന്നും മരുന്നിൽ കലരുന്നില്ലെന്നും വ്യക്തമാക്കി. 

കേന്ദ്രത്തിനു കീഴിലുള്ള ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീൻ ആൻഡ് പബ്ലിക് ഹെൽത്ത് ആണ് ഈ പഠനത്തിനാവശ്യമായ സഹായങ്ങൾ നൽകിയത്. അതേസമയം ഈയം, സ്റ്റിബ്നൈറ്റ്, ഡി–ഫ്തലേറ്റ്(Di-(2-ethylhexyl) phthalate –ഡിഇഎച്ച്പി എന്നും പേര്), ക്രോമിയം എന്നിവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പിഇടി കുപ്പികളിൽ ഈ ലോഹങ്ങൾ മരുന്നിലേക്ക് ഒലിച്ചിറങ്ങുന്നത് താപനില കൂടുന്നതിനനുസരിച്ച് വർധിക്കുന്നതായും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പുതിയ പഠനത്തിനൊരുങ്ങുന്നത്. ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷനായിരിക്കും പഠന ചുമതല.

Read More : ആരോഗ്യവാർത്തകൾ