ഫ്രിഡ്ജിൽ സൂക്ഷിക്കാം ആരോഗ്യത്തിന്റെ ഐസ് ക്യൂബുകൾ

കുട്ടികൾക്ക് പഴങ്ങളും പച്ചക്കറികളും കഴിക്കാൻ വലിയ മടിയാണെന്നതാണ് മിക്ക മാതാപിതാക്കളുടെയും പരാതി. വേവിച്ചുനൽകുമ്പോൾ പലതിന്റെയും പാതിഗുണം നഷ്ടപ്പെടുമെന്നു മാത്രമല്ല കുട്ടികൾ കഴിക്കാൻ താൽപര്യം കാണിക്കുകയുമില്ല. ഇത്തരം കുട്ടികളെ ‘പാട്ടിലാക്കി’ കഴിപ്പിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്ന പുതിയ മാർഗം ഐസ് തെറപ്പിയാണ്. 

തെറപ്പി എന്നുകേട്ട് തെറ്റിദ്ധരിക്കേണ്ട. ഇത് വളരെ സിംപിൾ ആണ്. കുട്ടികൾക്ക് ഇഷ്ടപ്പെട്ട ആകൃതിയിലുള്ള ഐസ് ട്രേകൾ സംഘടിപ്പിക്കുക. ഇതിൽ ജ്യൂസ് ഒഴിച്ചുവച്ച് ഐസ് കട്ടയാകുമ്പോൾ കുട്ടികൾക്ക് നൽകാം. തണുത്ത ഭക്ഷണം മൂലം ആരോഗ്യപ്രശ്നമുണ്ടാക്കുന്ന കുട്ടികൾക്ക് ഇത്തരത്തിൽ നൽകരുതെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. 

വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതുമൂലം കുട്ടികൾക്ക് പലവിധത്തിലുള്ള രോഗങ്ങളും അസ്വസ്ഥതകളും പിടിപെടുന്നത് ഒഴിവാക്കാനും ഇതു സഹായിക്കുന്നു. 

∙നാരങ്ങാ ജ്യൂസ് പഞ്ചസാര ചേർത്തത് ഐസ് ക്യൂബാക്കി നൽകിയാൽ കുട്ടികൾക്ക് വിറ്റാമിൻ സിയുടെ ഗുണം ലഭിക്കും. ഇത് ശരീരത്തെ തണുപ്പിക്കുകയും ചെയ്യും.

∙ഓറഞ്ച്, കിവി, സ്ട്രോബറി, തണ്ണിമത്തൻ, പപ്പായ, മാമ്പഴം തുടങ്ങിയ പഴങ്ങളും ഇത്തരത്തിൽ ജ്യൂസ് ആക്കി ക്യൂബുകളുടെ രൂപത്തിൽ സൂക്ഷിക്കാം. ഓരോദിവസവും രണ്ടോ മൂന്നോ ക്യൂബുകൾ കുട്ടികൾക്കു നൽകിയാൽ ദിവസവും പഴവർഗങ്ങൾ കഴിക്കുന്നതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും.

∙പഴങ്ങൾ ജ്യൂസ് ആക്കി വയ്ക്കുന്നതിനു പകരം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് പഞ്ചസാര ലായനിയിൽ മുക്കിവയ്ക്കാം. ഈ ലായനി ഐസ് ട്രേയിലൊഴിച്ച് ക്യൂബുകളാക്കി നൽകാം. 

∙രാവിലെ പ്രഭാതഭക്ഷണത്തോടൊപ്പം ഫ്രൂട്ട് സ്മൂത്തി നൽകുന്നത് നല്ലതായിരിക്കും. സ്മൂത്തി തയാറാക്കാനായി ഐസ് ക്യൂബുകൾ മിക്സിയിൽ അടിച്ച് പാലിൽ ചേർത്തു നൽകാം

∙ പഴങ്ങൾ ഐസ് ക്യൂബുകളാക്കിവച്ചാൽ പെട്ടെന്നൊരു അതിഥിയോ മറ്റോ വരുമ്പോൾ ജ്യൂസ് ആക്കിനൽകാനും എളുപ്പമുണ്ട്. 

Read more : Healthy Food