Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിപി പരിശോധനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

blood-pressure-monitor

രക്തസമ്മർദ്ദം ശരിയായ രീതിയിൽ പരിശോധിച്ചറിയുകയെന്നതു ചികിത്സയിലെ ഏറ്റവും പ്രധാന കാര്യമാണ്. ഒരാളുടെ രക്തസമ്മർദ്ദം ഏതു നിലയിൽ നിൽക്കുന്നുവെന്നു കൃത്യമായി അറിയുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണു സ്ഫിഗ്മോമാനോമീറ്റർ എന്ന ബിപി അപ്പാരറ്റസ്. രസം (മെർക്കുറി) ഉപയോഗിക്കുന്ന മാന്വൽ അപ്പാരറ്റസാണ് ആശുപത്രികളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നത്. മെർക്കുറികോളം ഉപയോഗിക്കാത്ത വൃത്താകൃതിയിലുള്ള ഡയൽ രേഖപ്പെടുത്തിയ അനിറോയ്ഡ് അപ്പാരറ്റസും ലഭ്യമാണ്. ഈ രണ്ടു വിഭാഗത്തിലും ഒരു സ്റ്റെതസ്കോപ്പിന്റെ കൂടി സഹായത്തോടെയാണ് ബിപി അളവു നിശ്ചയിക്കുന്നത്. ഡോക്ടർക്കും നഴ്സിനും മാത്രമല്ല പരിശീലിച്ചാൽ ആർക്കും ഇവ ഉപയോഗിച്ച് ബിപി അളക്കാവുന്നതേയുള്ളൂ. എന്നാൽ ഡിജിറ്റൽ അപ്പാരറ്റസുകൾ രംഗത്തുവന്നതോടെ അതീവ ലളിതമായി വീട്ടിൽത്തന്നെ വേണ്ടിവന്നാൽ സ്വയം ബി പി അളന്നറിയാം എന്നായിട്ടുണ്ട്.

ബി പി പരിശോധിക്കുമ്പോൾ

ഡോക്ടറെ കാണുമ്പോഴോ ലാബിൽ പോകുമ്പോഴോ ആയിരിക്കും നമ്മളിൽ മിക്കവരും രക്തസമ്മർദ്ദം പരിശോധിക്കുന്നത്. ഒറ്റത്തവണ പരിശോധിച്ചതുകൊണ്ടു മാത്രം ഒരാൾക്ക് അമിതരക്തസമ്മർദ്ദം ഉണ്ടെന്നോ ഇല്ലെന്നോ പറയാനാകില്ല. പ്രത്യേകിച്ചും പ്രീഹൈപ്പർടെൻഷനിൽ നിൽക്കുന്നവരിൽ. ഒരു പരിശോധന കഴിഞ്ഞ് രണ്ടു മിനിട്ടു കഴിഞ്ഞും അഞ്ചുമിനിട്ടു കഴിഞ്ഞും ഓരോ തവണ കൂടി ബിപി നോക്കിയാലേ ശരിയായ ഫലം ലഭിക്കൂ. അടുത്തടുത്ത ദിവസങ്ങളിൽ ഒരേസമയത്തു ബിപി നോക്കുന്നതും നല്ലതാണ.് 24 മണിക്കൂർ നേരത്തെ തുടർച്ചയായി പ്രഷർ കാണിക്കുന്ന ആംബുലേറ്ററി പ്രഷർ മോണിറ്ററിങ് ബിപി കൃത്യമായി നിർണയിക്കാൻ സഹായിക്കും. ആശുപത്രിയിലും മറ്റും ബിപി പരിശോധിക്കുമ്പോഴുണ്ടാകുന്ന ഉൽകണ്ഠ പലരിലും ബിപി കൂട്ടും. അതുകൊണ്ടാണ് വീട്ടിൽവെച്ച് ബിപി പരിശോധിക്കുമ്പോൾ കൂടുതൽ നല്ല ഫലം കിട്ടുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബിപി പരിശോധനയിൽ പല കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം കഴിച്ച ഉടനെ ബിപി പരിശോധിക്കരുത്. രക്തസമ്മർദ്ദം കൂട്ടാൻ കാരണമാകുന്ന കോഫി, മദ്യം, പുകയില ഉൽപന്നങ്ങൾ എന്നിവ പരിശോധനയ്ക്ക് അരമണിക്കൂർ സമയത്തിനുള്ളിൽ ഉപയോഗിക്കരുത്. സോഡകളും കോളകളും പോലെ കാർബണേറ്റഡ് പാനീയങ്ങളും ആ സമയത്ത് ഒഴിവാക്കണം.

മൂത്രമൊഴിക്കാൻ തോന്നുന്നുണ്ടെങ്കിൽ ഒഴിച്ചശേഷം പരിശോധിക്കുന്നതാണു നല്ലത്. പരിശോധന ആരംഭിക്കുന്നതിന് മൂന്നു നാലു മിനിട്ട് മുമ്പെങ്കിലും ശാന്തനായി ഇരിക്കാനും സംസാരം ഒഴിവാക്കാനും ശ്രദ്ധിക്കണം. വളരെ സുഖകരമായി നിവർന്ന് കൈകാലുകൾ ക്രോസ് ചെയ്യാതെ വേണം ഇരിക്കാൻ.

ബിപി അളക്കാനായി കഫ് ചുറ്റുന്ന കൈ മേശപ്പുറത്തു വയ്ക്കണം. കഫും ഹൃദയവും ഒരേ നിലയിൽ വരുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. കഫ് ചുറ്റുമ്പോൾ അധികം മുറുകിപ്പോകാതെയും അയഞ്ഞു പോകാതെയുമിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു വിരൽ കടത്താൻ കഴിയുന്ന വിധത്തിലായാൽ നന്ന്. പരിശോധിക്കുന്ന സമയത്ത് കൈമുറുകാനോ ചലിപ്പിക്കാനോ ശ്രമിച്ചാൽ അളവിൽ പിശകുണ്ടായെന്നു വരാം.

ബിപി മീറ്റർ വാങ്ങുമ്പോൾ

മാന്വൽ, അനിറോയ്ഡ് ബിപി അപ്പാരറ്റസുകൾക്ക് വിലക്കുറവുണ്ടെങ്കിലും (600—1000) വീട്ടിൽ ഉപയോഗത്തിനു ഡിജിറ്റൽ അപ്പാരറ്റസു വാങ്ങുന്നതാണ് സൗകര്യം. 1200 മുതൽ 3000 രൂപ വരെ വിലയിൽ പല മോഡലുകളും വിപണിയിൽ ലഭ്യമാണ്. ബട്ടൺ അമർത്തുമ്പോൾ കഫ് തനിയേ വീർത്തുവരുന്ന ആട്ടോമാറ്റിക് മോഡലുകളും സ്വയം വീർപ്പിക്കാവുന്ന സെമി ആട്ടോമാറ്റിക് മീറ്ററുകളും ലഭ്യമാണ്.

വിരലിലും, കൈത്തണ്ടയിലും ഘടിപ്പിച്ച് ബിപി അറിയാവുന്ന മോഡലുകൾ വളരെ സൗകര്യപ്രദമാണെങ്കിലും കഫ് കൈമുട്ടിനു മുകളിൽ ചുറ്റി ബിപി നോക്കുന്ന മീറ്ററുകൾക്കാണു കൂടുതൽ കൃത്യത.

കൈത്തണ്ടയിൽ ഉപയോഗിക്കുന്നവയായാലും ഉപയോഗിക്കുമ്പോൾ ഹൃദയത്തിന്റെ നിലയിൽ കൈത്തണ്ട ഉയർത്തിവയ്ക്കാൻ മറക്കരുത്. സിസ്റ്റോളിക് ഡയസ്റ്റോളിക് പ്രഷറുകൾക്കു പുറമേ പൾസ് നിരക്കും കൂടി കാണിക്കുന്ന മീറ്ററുകൾ വേണം വാങ്ങാൻ. ഏതു ഡിജിറ്റൽ മീറ്ററു വാങ്ങിയാലും നിങ്ങളുടെ കുടുംബ ഡോക്ടറെക്കണ്ട് അതിന്റെ കൃത്യത ഉറപ്പു വരുത്തിയ ശേഷം ഉപയോഗിക്കുന്നതാണ് ഉത്തമം. വർഷത്തിലൊരിക്കൽ ഇത് ആവർത്തിക്കുകയും വേണം.

രക്തസമ്മർദ്ദം അളക്കുന്നതെങ്ങനെ?

ബിപി അളക്കാനായി അപ്പാരറ്റസിന്റെ കഫ് കൈമുട്ടിന് ഒരിഞ്ചുമുകളിൽ വേണം ചുറ്റാൻ. ചുറ്റിക്കഴിഞ്ഞ് കാതിൽ ഉറപ്പിച്ച സ്റ്റെതസ്കോപ്പിന്റെ റൗണ്ട് എൻഡ്, കഫിന്റെ താഴെ, ധമനിയുടെ മുകളിലായി വരത്തക്കവിധം വയ്ക്കണം. തുടർന്ന് വാൽവ് അടച്ചശേഷം റബർ ബൾബ് അമർത്തി കഫ് വീർപ്പിക്കാം. പൾസ് നിലക്കുന്നതുവരെ (മെർക്കുറി കോളത്തിൽ മെർക്കുറി നില ഏതാണ്ട് 180നു മുകളിൽ എത്തുന്നതുവരെ) പമ്പ് ചെയ്യുക. ഈ സമയം ചെറിയൊരു അസ്വസ്ഥത അനുഭവപ്പെടാം. കഫ് മുറുകി പ്രധാന ധമനി പൂർണമായും അടഞ്ഞ് രക്തപ്രവാഹം നിലയ്ക്കുന്നതാണ് അതിനു കാരണം. അപ്പോൾ പ്രഷർ ബൾബിലെ വാൽവുതുറന്ന് കഫിലെ വായു സാവധാനം തുറന്നുവിടുക. ഈ സമയം മെർക്കുറി കോളത്തിൽ പ്രഷർ ക്രമേണ കുറഞ്ഞുവരും.

കഫിലെ പ്രഷർ കുറയുമ്പോൾ ധമനി പതിയെ തുറക്കും. അപ്പോൾ ധമനിയിലൂടെ രക്തം ശക്തിയിൽ പായുന്ന ശബ്ദം (കാരക്കോഫ് സൗണ്ട്) കേട്ടുതുടങ്ങുന്ന സമയത്തു പ്രഷർഗേജിൽ (മെർക്കുറികോളം) കാണിക്കുന്ന അളവാണു സിസ്റ്റോളിക് പ്രഷർ (വലിയ സംഖ്യ—120). കഫിൽ നിന്നും വായു പുറത്തുപോയി, സമ്മർദ്ദം കുറഞ്ഞു വരുന്തോറും ധമനി പൂർണമായും തുറന്ന് രക്തപ്രവാഹശബ്ദം നിലയ്ക്കും. ശബ്ദം പൂർണമായും നിലയ്ക്കുന്ന സമയത്തെ അളവാണ് ഡയസ്റ്റോളിക് പ്രഷർ. (ചെറിയ സംഖ്യ—80) ഈ സംഖ്യകൾ 120/80 എന്നെഴുതുമ്പോൾ ബിപി അളവായി.