നീലപ്രകാശം ബുദ്ധിയെ ഉണർത്തും

നിറങ്ങൾക്കു നിങ്ങളുടെ മാനസികാവസ്ഥയെ വളരെയധികം സ്വാധീനിക്കാൻ കഴിയുമെന്ന കാര്യം അറിയാമോ? അതുകൊണ്ടല്ലേ ചില ഇളംനിറങ്ങളിലുള്ള പെയിന്റ് പൂശിയ മുറിയിൽ ഇരിക്കുമ്പോൾ മനസ്സിന് വല്ലാത്ത കുളിർമ തോന്നുന്നത്. കടുംനിറങ്ങൾ ചിലപ്പോൾ മാനസിക പിരിമുറുക്കത്തിലേക്കു കൊണ്ടുപോകുന്നതും. നീലനിറത്തിന് നിങ്ങളുടെ ബുദ്ധിശക്തിയെ ഉണർത്താൻ കഴിയമെന്നാണ് വാഷിങ്ടണിൽ നടന്ന പുതിയ പഠനങ്ങൾ അവകാശപ്പെടുന്നത്.

അരമണിക്കൂർ നേരം നീലപ്രകാശത്തിലിരുന്നാൽ തീരുമാനങ്ങൾ എടുക്കുന്നതിലും കാര്യങ്ങൾ വ്യക്തമായി ആലോചിച്ചു നിഗമനങ്ങളിലെത്തുന്നതിനും നിങ്ങൾക്കു സാധിക്കുമത്രേ. നീലപ്രകാശത്തിലിരുന്ന് 40 മിനിറ്റ് നേരം വരെയും ഈ കഴിവ് നിങ്ങളുടെ തലച്ചോറിനുണ്ടായിരിക്കും. വളരെ ബുദ്ധിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു മുൻപ് അൽപനേരം നീല പ്രകാശത്തിലിരുന്ന് നിങ്ങൾക്കും ഇതു പരീക്ഷിക്കാം.

ചില പ്രത്യേക നിറങ്ങളിലുള്ള പ്രകാശത്തിന് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താനാകുന്നതു സംബന്ധിച്ച് മുൻപും പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ നീലപ്രകാശത്തിന് തുടർന്ന് 40 മിനിറ്റു നേരംവരെയും ആ കഴിവു നിലനിർത്താനും സാധിക്കുന്നു. നീല കലർന്ന വെള്ള പ്രകാശത്തിനും ഈ വിധം തലച്ചോറിനെ സജീവമാക്കാൻ സാധിക്കുന്നു. അതുകൊണ്ടാണ് വിമാനങ്ങളിലെ പൈലറ്റുമാരുടെ കോക്ക്പിറ്റിലും ഓപ്പറേഷൻ തീയറ്ററിലുമെല്ലാം ഈ പ്രകാശം ഉപയോഗിക്കുന്നത്. ഇനി ഗൗരവമുള്ള തീരുമാനങ്ങളെടുക്കുന്നതിനു മുൻപ് നീലപ്രകാശമുള്ള മുറിയിൽ അരമണിക്കൂർ നേരം ഇരുന്ന് പരീക്ഷിച്ചു നോക്കിക്കോളൂ..