കളിമണ്ണല്ല, തലച്ചോറിനോട് കളിക്കരുതേ!

തലയ്ക്കകത്തെന്താ കളിമണ്ണാണോ? എന്ന ചോദ്യം ചോദിപ്പിക്കുന്നത് നമ്മൾ അറിഞ്ഞും അറിയാതെയും ചെയ്തുപോരുന്ന ശീലങ്ങൾ തന്നെയാണ്. മനസിന് അതിന്റെ ഭൗതികഘടന നൽകുകയെന്ന ധർമമാണ് തലച്ചോർ നിർവഹിച്ചു പോരുന്നത്. ആ തലച്ചോർ ഒരു ദിവസം പണിമുടക്കിയാലുള്ള അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ... ചിന്തിക്കാൻ പോലും സാധിക്കുന്നതിനും അപ്പുറം. അപ്പോൾ ആ തലച്ചോറിനെ കാര്യമായി തന്നെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും നമുക്കുണ്ട്. അതിനാൽ ഇന്നു തന്നെ അത്തരം ശീലങ്ങളോടു ബൈ പറയൂ. അറിയാം തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന 10 ശീലങ്ങൾ...

1. പ്രഭാതഭക്ഷണം വേണ്ടെന്നു വയ്ക്കരുത്

പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു വരും. ഇത് ആവശ്യത്തിനുള്ള പോഷകങ്ങൾ തലച്ചോറിൽ എത്തിപ്പെടാത്ത സ്ഥിതി സംജാതമാക്കും.

2. അമിതാഹാരം

ശരീരം ആവശ്യപ്പെടുന്നതിലുമധികം ആഹാരം കഴിക്കുന്നത് തലച്ചോറിലെ രക്തധമനികൾ ദൃഢീകരിക്കുന്നതിനു കാരണമാകും. ഇത് മാനസിക ഊർജം കുറയുന്ന അവസ്ഥയിലേക്കു നയിക്കും.

3. പുകവലി

പുകവലി ആരോഗ്യത്തിനു ദോഷകരമാണ് എന്ന വസ്തുത എല്ലാവർക്കും അറിയാമെങ്കിലും അറിഞ്ഞുകൊണ്ടു തന്നെ ആപത്ത് വരുത്തി വയ്ക്കുകയാണ് പുകവലിക്കാർ ചെയ്യുന്നത്. പുകവലി തലച്ചോർ ചുരുങ്ങുന്നതിനു കാരണമാകും. ഇത് ഭാവിയിൽ അൽസ്ഹൈമേഴ്സ് പോലുള്ള രോഗങ്ങളിലേക്കും വഴിതെളിക്കും.

4. മധുരത്തോടുള്ള അമിതാസക്തി

രക്തത്തിൽ പഞ്ചസാരയുടെ അളവു കുടുമ്പോൾ തലച്ചോറിന് ആവശ്യത്തിനുള്ള പോട്ടീനും പോഷകങ്ങളും ആഗിരണം ചെയ്യാൻ സാധിക്കാതെ വരും. ഇത് പോഷണ വൈകല്യത്തിനും തലച്ചോറിന്റെ വളർച്ചാക്കുറവിനും കാരണമാകും.

5. വായു മലിനീകരണം

ശരീരത്തിൽ ഏറ്റവും വലിയ ഓക്സിജൻ കൺസ്യൂമറാണ് തലച്ചോർ. മലിനീകൃതമായ അന്തരീക്ഷത്തിൽ തലച്ചോറിലേക്കുള്ള ഓക്സിജന്റെ വിതരണം തടസപ്പെടുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനശേഷിയെ ദോഷകരമായി ബാധിക്കുന്നു.

6. ഉറക്കമില്ലായ്മ

തലച്ചോർ വിശ്രമിക്കുന്ന ഏകസമയം നമ്മൾ ഉറങ്ങുമ്പോൾ മാത്രമാണ്. ദീർഘകാലത്തെ ഉറക്കമില്ലായ്മ തലച്ചോറിലെ കോശങ്ങൾ നശിക്കാൻ കാരണമാകുന്നു.

7. തല മൂടി കിടന്നുള്ള ഉറക്കം

വായു അകത്തു കടക്കാത്ത വിധം തല മുഴുവൻ മൂടി പൊതിഞ്ഞുള്ള ഉറക്കം നല്ലതല്ല. കാർബൺ ഡൈ ഓക്സൈഡിന്റെ സംയോജനം നടക്കുകയും ഓക്സിജന്റെ സംയോജനം കുറയുകയും ചെയ്യുന്നു. ഇത് തലച്ചോറിനെ ക്ഷതാവസ്ഥയിലേക്ക് എത്തിക്കുന്നു.

8. രോഗാവസ്ഥയിലുള്ള പ്രവർത്തനം

കഠിന പ്രയത്നം ചെയ്യുമ്പോഴും രോഗാവസ്ഥയിൽ പഠിക്കുമ്പോഴും തലച്ചോറിന് കൂടുതൽ പ്രയത്നിക്കേണ്ടി വരും. ഇതും തലച്ചോറിന് ക്ഷതമുണ്ടാക്കുന്നു.

9. ചിന്താശേഷിക്കുറവ്

തലച്ചോറിനെ പരിശീലിപ്പിക്കാനുള്ള ഏറ്റവും നല്ലമാർഗം ചിന്താശേഷി കൂട്ടുകയാണ്. ചിന്തിക്കാതെ മടി പിടിച്ചിരുന്നാൽ തലച്ചോർ ചുരുങ്ങുന്ന അവസ്ഥയിലേക്ക് എത്തും..

10. അപൂർവമായുള്ള സംസാരം

ബുദ്ധിപരമായുള്ള സംസാരം തലച്ചോറിന്റെ കഴിവ് കൂട്ടുന്നു. അതിനാൽ പരസ്പരം ബൗദ്ധിക കാര്യങ്ങൾ ചർച്ച ചെയ്തു നോക്കൂ. തലച്ചോറിന്റെ പ്രവർത്തനശേഷി മാത്രമല്ല, നിങ്ങളുടെ അറിവും വളരട്ടെ.