Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിച്ചവരെ വെന്റിലേറ്ററിൽ കിടത്തുമോ?

ventilator Representative Image

ശരീരത്തിലെ അസ്ഥി പൊട്ടിയാൽ ആറാഴ്ച കൊണ്ടു ശരിയായേക്കും. പക്ഷേ തലച്ചോറിനാണു ക്ഷതമെങ്കിൽ പൂർവസ്ഥിതിയിലാകാൻ എളുപ്പമായേക്കില്ല. തലച്ചോറിനെ മറ്റു ഭാഗങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്നതും അതിന്റെ സങ്കീർണതകളാണ്. പ്രതിരോധശക്തി വളരെ കുറവായതിനാൽ അണുബാധ ഏൽക്കാൻ സാധ്യത ഏറെയാണ്. വയറ്റിനുള്ളിൽ ഒരു മുഴ വന്നാൽ വയർ അതിനനുസരിച്ചു വികസിക്കും. എന്നാൽ അതേ മുഴ തലയ്ക്കുള്ളിലായാൽ പ്രശ്നം ഗുരുതരമാകും. മറ്റേതു ഭാഗങ്ങളിൽ വരുന്ന അസുഖവും തലച്ചോറിനുമുണ്ടാകാം. അപകടമുണ്ടായാൽ പുറമേ മുറിവുകൾ കണ്ടില്ലെങ്കിലും മുട്ട കലങ്ങുന്നതുപോലെ ഉള്ളു കലങ്ങും. എത്ര സമയത്തിനുള്ളിൽ ആശുപത്രിയിലെത്തിക്കുന്നു എന്നതാണു നിർണായകം. 

മെട്രോ മനോരമയും അനന്തപുരി ഹോസ്പിറ്റൽ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു നടത്തിയ 'ഡോക്ടറോടു ചോദിക്കാം' പരിപാടിയിലാണ് അനന്തപുരി ഹോസ്പിറ്റൽ ചെയർമാനും പ്രശസ്ത ന്യൂറോളജിസ്റ്റുമായ ഡോ. മാർത്താണ്ഡപിള്ള തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചുള്ള പുത്തൻ അറിവുകൾ പങ്കുവച്ചത്. 40 വർഷത്തെ സേവനത്തിനുശേഷം മെഡിക്കൽ കോളജിലെ ന്യൂറോസർജറി മേധാവിയായാണു വിരമിച്ചത്. അനന്തപുരി ആശുപത്രി ന്യൂറോളജി, ന്യൂറോസർജറി വിഭാഗം ഏഷ്യയിലെ തന്നെ മികച്ച കേന്ദ്രങ്ങളിൽ ഒന്നാണ്. പത്മശ്രീയും ഡോ. കെ.സി.റോയി അവാർഡും ലഭിച്ചിട്ടുണ്ട്. അനന്തപുരി ആശുപത്രിയിലെ ഡോ. ടി.വി.അനിൽകുമാർ, ഡോ. കെ.എൽ.സുരേഷ് കുമാർ, ഡോ. പി.ബി.ജോസ്, ഡോ. എം.അജിത്, ഡോ. അനിൽകുമാർ അശോകൻ, ഡോ. തോമസ് വർഗീസ് എന്നിവരും വായനക്കാരുടെ സംശയങ്ങൾക്കു മറുപടി നൽകി.

∙ തലച്ചോറിലെ രക്തസ്രാവത്തിനു കാരണം?

രക്തസമ്മർദമാണു പ്രധാന കാരണം. രക്തക്കുഴലുകളിൽ ജന്മനാ ഉള്ള വൈകല്യവും കാരണമാകാം. കൊളസ്ട്രോൾ, പ്രമേഹം എന്നിവ മൂലം രക്തക്കുഴലിനു കട്ടി കൂടാം. ലഹരി മരുന്ന് ഉപയോഗവും കരൾരോഗവും രക്തസ്രാവത്തിലേക്കു നയിക്കാം. രക്തസമ്മർദം കൂടുമ്പോൾ ശസ്ത്രക്രിയ ചെയ്യുന്നതു സൂക്ഷിച്ചുവേണം; രക്തം ക്ലോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകും. ഞരമ്പു പിടഞ്ഞുകിടക്കുന്നതു പൊട്ടാനുള്ള സാധ്യതയും ചിലരിലുണ്ട്. ശസ്ത്രക്രിയയിലൂടെയും കോയിലിങ് എന്ന പുതിയ സാങ്കേതികവിദ്യയിലൂടെയും ഇതിനു പരിഹാരം കണ്ടെത്താം.

∙ അപകടത്തിൽ പെട്ടവർക്ക് പ്രഥമശുശ്രൂഷഎങ്ങനെ?

അബോധാവസ്ഥയിലായ രോഗിക്കു പ്രാണവായു ലഭ്യതയുണ്ടോയെന്നു പരിശോധിക്കണം. അതിവേഗം ശ്വാസോച്ഛാസം ചെയ്യുന്നുണ്ടെങ്കിൽ സൂക്ഷിക്കണം. ഓട്ടോയിലോ കാറിലോ ചുരുണ്ടുകൂടിയ നിലയിൽ കിടത്തിക്കൊണ്ടു പോകരുത്. പകരം സ്ട്രെച്ചറിലോ പലകയിലോ ചെരിച്ചു കിടത്തണം. ഛർദിൽ തൊണ്ടയിൽ കുടുങ്ങാതിരിക്കാനാണിത്. നാഡിയിലെ അനക്കം തിരിച്ചറിഞ്ഞു രക്തസമ്മർദം അളക്കാം. അപകടത്തിൽപെട്ട വ്യക്തിയുടെ വായിലേക്കു വെള്ളം ഒഴിച്ചുകൊടുക്കുന്നതും ശരിയായ രീതിയല്ല. 

∙ മൃഗങ്ങളുടെ  തലച്ചോർ കഴിച്ചാൽ മനുഷ്യതലച്ചോറിന്റെ ശേഷി കൂടുമോ?

ഒരിക്കലുമില്ല. തലച്ചോർ വളരെ ശ്രദ്ധയോടെ പാചകം ചെയ്തു മാത്രമേ ഉപയോഗിക്കാവൂ. വേവിച്ചു കഴിഞ്ഞാൽ തലച്ചോറായാലും മറ്റേതു ഭാഗമായാലും പ്രോട്ടീനുകളാണ്. ഇവയല്ലാതെ മറ്റൊരു പ്രത്യേക ഗുണവും ലഭിക്കില്ല. തലച്ചോർ സംബന്ധമായ രോഗങ്ങൾ ഒഴിവാക്കാൻ അമിതവണ്ണം ഒഴിവാക്കാം. പച്ചക്കറികൾ കൂടുതലായി കഴിക്കുകയും വേണം.

∙ തലച്ചോറിനെ ബാധിക്കുന്ന വൈറസുകളെക്കുറിച്ച്?

നിലവിൽ ഒന്നോ രണ്ടോ വൈറസുകൾ ഒഴികെ മറ്റൊന്നിനും ആന്റിവൈറൽ മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല. പലപ്പോഴും വൈറൽ പനിയാണു മസ്തിഷ്കവീക്കത്തിലേക്കു നയിക്കുന്നത്. അണുബാധ ഉണ്ടാകാതെ നോക്കുകയാണു പ്രധാനം. 

∙ മരിച്ചവരെ വെന്റിലേറ്ററിൽ കിടത്തുമോ?

എല്ലാവരുടെയും തെറ്റിദ്ധാരണയാണിത്. മരിച്ചു കഴിഞ്ഞാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽത്തന്നെ ശരീരം മരവിച്ച് കല്ലുപോലെയാകും. ഇതിനുശേഷം മൃതദേഹം ഡിറ്റാച്ച് ചെയ്യുക പ്രയാസമാണ്. ഒരു ഡോക്ടർക്കും ഇത്തരമൊരു വിചിത്രമായ തീരുമാനം എടുക്കാൻ കഴിയില്ല.  

മക്കൾക്ക് സൂപ്പർബൈക്കുകൾ വാങ്ങി നൽകുന്നവർ അറിയാൻ

മകന് ആറു മാസമുള്ളപ്പോൾ അച്ഛൻ അപകടത്തിൽ മരിച്ചുപോയി. തുടർന്ന് 25 വയസ്സുവരെ അമ്മ ഒറ്റയ്ക്കു വളർത്തി. തുടർച്ചയായുള്ള നിർബന്ധത്തിനു വഴങ്ങി മകനു സൂപ്പർ ബൈക്ക് വാങ്ങി നൽകി. ബൈക്ക് വാങ്ങിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഭീഷണി. അപ്രതീക്ഷിതമായി ഉണ്ടായ ഒരു അപകടത്തിൽ മകനെയും അമ്മയ്ക്കു നഷ്ടമായി. സമാനമായി സംഭവിക്കുന്ന നൂറുകണക്കിനു സംഭവങ്ങളിൽ ഒന്നു മാത്രമാണിത്. യുവാക്കളിൽ ഏറ്റവുമധികം പേർക്ക് അപകടമരണം സംഭവിക്കുന്നതു തലച്ചോറിലെ പരുക്കു മൂലമാണ്. ഇവയിൽ ഭൂരിഭാഗവും സൂപ്പർ ബൈക്കുകളിൽ ചെത്തി നടക്കുന്നവരായിരുന്നു. ബൈക്ക് യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിച്ചിരിക്കണം. മുഖവും തലയും മുഴുവനായി മറയ്ക്കുന്ന ഫുൾ ഫേസ് ഹെൽമറ്റുകളാണ് ഉപയോഗിക്കേണ്ടത്.

അതീവ സങ്കീർണം ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ

തലച്ചോറിന് അസുഖം ബാധിക്കുന്നതോടെ ചലനം, കാഴ്ച എന്നിവയ്ക്കും കുഴപ്പങ്ങളുണ്ടാകും. മുട്ടയുടെ വിവിധ ലെയറുകളിലൂടെ കടന്നുപോകുന്നതുപോലെയാണു ട്യൂമറുകൾ (മുഴ) നീക്കുന്ന ശസ്ത്രക്രിയയുടെ രീതി. വളരെ സങ്കീർണമാണിത്. അതീവശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ ചലനശേഷിയെ ബാധിക്കാം. അവേക്ക് ക്രനിയോട്ടമി (Awake Craniotomy) എന്ന രീതിയാണ് ഇപ്പോൾ അവലംബിക്കുന്നത്. രോഗി പൂർണമായും ബോധത്തോടെയിരിക്കുന്ന അവസ്ഥയിലാണു ശസ്ത്രക്രിയ. ഇടവേളകളിൽ രോഗിയെക്കൊണ്ടു സംസാരിപ്പിക്കുയും കൈകൾ ഉയർത്താൻ ആവശ്യപ്പെടുകയും ചെയ്യും. എന്തെങ്കിലും തകരാറുണ്ടെങ്കിൽ എളുപ്പം തിരിച്ചറിയാം. തലച്ചോറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകളിൽ പുറമേ നോക്കി സൂക്ഷ്മവിവരങ്ങൾ മനസ്സിലാക്കാൻ കഴിയില്ല. ഇതിനാൽ ഇലക്ട്രോഡുകൾ ഉപയോഗിച്ചു തലയുടെ വിവിധ ഭാഗങ്ങൾ മാപ്പ് ചെയ്യുന്ന രീതിക്കു ബ്രെയിൻ മാപ്പിങ് എന്നു പറയുന്നു.

മസ്തിഷ്കാഘാതമുണ്ടായാൽ ശരിയാകുമോ?

നഷ്ടപ്പെട്ട പ്രവർത്തനങ്ങൾ ക്രമേണ ഒന്നൊന്നായി ശരിയാകും. എത്രത്തോളം ശരിയാകുമെന്നതു രോഗത്തിന്റെ തീവ്രത അനുസരിച്ചായിരിക്കും. ചെറിയ ആഘാതങ്ങൾ എളുപ്പത്തിൽ ശരിയാകും. ഏതുതരം തകരാറായാലും ഫിസിയോതെറപ്പി, വ്യായാമം എന്നിവ ഏറെ സഹായകമാകും. മസ്തിഷ്കാഘാതമുണ്ടായാൽ ആദ്യത്തെ മൂന്നു മാസങ്ങളിലാണ് ഏറ്റവുമധികം വ്യത്യാസം വരാനുള്ള സാധ്യതയുള്ളത്. ഈ സമയത്തു ഫിസിയോതെറപ്പി ഏറെ ഗുണം ചെയ്യും.

രക്തം കട്ട പിടിക്കുന്നത് ഒഴിവാക്കുന്നതിനുള്ള മരുന്നുകൾ

ഗുളിക രൂപത്തിലുള്ള മരുന്ന് ആജീവനാന്തം തുടരേണ്ടതാണ്. രക്തക്കുഴലുകൾക്കു തകരാർ സംഭവിക്കാനുള്ള കാരണങ്ങൾ, അമിത രക്തസമ്മർദം, പ്രമേഹം, രക്തത്തിൽ കൊഴുപ്പിന്റെ അളവ് എന്നിവ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്താൽ ഭാവിയിൽ വീണ്ടും മസ്തിഷ്കാഘാതം ഉണ്ടാകുന്നതു തടയാം.

തീവ്ര പരിചരണം ആവശ്യം

രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ രക്തസമ്മർദം, ശരീരത്തിന്റെ താപനില, രക്തത്തിൽ പ്രാണവായുവിന്റെ അളവ്, തലച്ചോറിന്റെ പ്രവർത്തനങ്ങൾ എന്നിവയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ശ്രദ്ധിക്കാനും തക്ക ചികിത്സ നൽകാനും സഹായിക്കും.

മിനി സ്ട്രോക്ക് (ടിഐഎ)

രക്തപ്രവാഹം മിനിറ്റുകൾ മാത്രം തടസ്സപ്പെട്ടിരിക്കുമ്പോൾ ഉണ്ടാകുന്ന സ്ട്രോക്കിനെയാണു മിനി സ്ട്രോക്ക് എന്നു വിളിക്കുന്നത്. ഭാവിയിൽ ഈ കോശങ്ങൾ പൂർണരൂപം പ്രാപിച്ചേക്കാം. ഇതൊരു താൽക്കാലിക തടസ്സമാണ്. മിനി സ്ട്രോക്ക് തലച്ചോറിനു കേടു വരുത്തില്ല. പക്ഷേ ഇതിനെ പൂർണമായും തള്ളിക്കളയാനും കഴിയില്ല; ശ്രദ്ധ ആവശ്യമാണ്. 

സ്ട്രോക്ക് കണ്ടെത്താൻ FAST ടെസ്റ്റ്

സുഹൃത്തിനോ ബന്ധുവിനോ സ്ട്രോക്ക് ഉണ്ടായിട്ടുണ്ടോയെന്നറിയാൻ എളുപ്പത്തിലൊരു ടെസ്റ്റാണ് FAST. Face (മുഖം), Arms (കൈകൾ), Speech (സംസാരശേഷി), Time (സമയം) എന്നിവ പരിശോധിച്ചു സ്ട്രോക്ക് കണ്ടെത്താം.

1) Face- വ്യക്തിയോടു ചിരിക്കാൻ ആവശ്യപ്പെടുക. മുഖത്തിന്റെ ഒരു ഭാഗം കോടിപ്പോകുന്നുണ്ടോ എന്നു നോക്കുക.

2) Arms- രണ്ടു കൈകളും ഉയർത്താൻ ആവശ്യപ്പെടുക. ഒരു കൈ താഴുന്നുണ്ടോ എന്നു പരിശോധിക്കുക.

3) Speech- ഒരു വാക്ക് ആവർത്തിക്കാൻ ആവശ്യപ്പെടുക. സംസാരം കുഴയുന്നുണ്ടോയെന്നു പരിശോധിക്കുക.

4) Time- ഇതിലേതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തിക്കുക.

ഒരു സെക്കൻഡിൽ ലോകത്തെവിടെയെങ്കിലും ഒരാൾക്കു മസ്തിഷ്കാഘാതമുണ്ടാകുന്നതായാണു കണക്കു സൂചിപ്പിക്കുന്നത്. ആറു പേരിൽ ഒരാൾക്കും ഇതുണ്ടാകാം. കേരളത്തിൽ 40,000 പേർക്കെങ്കിലും മസ്തിഷ്കാഘാതമുണ്ടെന്നാണു കണക്ക്.

കാരണങ്ങൾ

∙ പ്രമേഹം ∙ രക്താതിസമ്മർദം ∙ പുകവലി ∙ പൊണ്ണത്തടി ∙ കൊളസ്ട്രോൾ∙ ഹൃദയസംബന്ധമായ രോഗങ്ങൾ

ലക്ഷണങ്ങൾ

∙ ശരീരത്തിന്റെ ഒരു ഭാഗം പെട്ടെന്നു തളരുക (പക്ഷാഘാതം), മുഖം കോടുക. 

∙ സംസാരശേഷി നഷ്ടപ്പെടുക

∙ കാഴ്ചശേഷി നഷ്ടപ്പെടുക

∙ ബോധം നഷ്ടപ്പെടുക

∙ ഭക്ഷണവും വെള്ളവും ഇറക്കുന്നതിനുള്ള ബുദ്ധിമുട്ട്.

Read More : ആരോഗ്യവാർത്തകൾ