Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൽസ്യം സപ്ലിമെന്റുകള്‍ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

calcium-supplement

കാൽസ്യം സപ്ലിമെന്റുകൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, അതു നിങ്ങളുടെ ഹൃദയതാളം തെറ്റിച്ചേക്കാം. സപ്ലിമെന്റുകളുടെ രൂപത്തിൽ കാൽസ്യം കഴിക്കുന്നത് ഹൃദയധമനികളിൽ പ്ലാക് ഉണ്ടാകാനും ഹൃദയത്തിനു തകരാറുണ്ടാകാനുമുള്ള സാധ്യത കൂട്ടുന്നു. എന്നാൽ കാൽസ്യം അടങ്ങിയ ഭക്ഷണം സുരക്ഷിതമാണെന്നും ഗവേഷകർ പറയുന്നു.

യുഎസിലെ ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് കാൽസ്യം സപ്ലിമെന്റുകളുടെ ദോഷഫലം പുറത്തു കൊണ്ടുവന്നത്. 2700 പേരുടെ പത്തു വർഷത്തെ വൈദ്യപരിശോധനാ ഫലം വിശകലനം ചെയ്താണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.

സപ്ലിമെന്റുകളുടെ രൂപത്തിൽ കാൽസ്യം അധികമായി ശരീരത്തിൽ ചെല്ലുന്നത് ഹൃദയത്തിനും വാസ്കുലാർ സിസ്റ്റത്തിനും ദോഷം ചെയ്യുമെന്ന് ഈ പഠനഫലം തെളിയിക്കുന്നു.
കാൽസ്യം സപ്ലിമെന്റ് കഴിക്കുന്ന പ്രായമായവരിൽ അത് പൂർണമായും അസ്ഥികളിലേക്കു ലയിക്കുന്നില്ല, മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നുമില്ല. ഇത് ശരീരത്തിലെ മൃദുലകോശങ്ങളൽ അടിഞ്ഞു കൂടുന്നു.

ഒരു വ്യക്തിക്ക് പ്രായമേറുമ്പോള്‍ പ്രധാന ര‌‌‌‌‌‌‌‌‌ക്തക്കുഴലുകളായ അയോർട്ട, മറ്റു ധമനികൾ മുതലായവയിൽ കാൽസ്യത്തിന്റെ പ്ലാക് (plaque) അടിഞ്ഞു കൂടുകയും രക്തപ്രവാഹം തടസപ്പെടുകയും ഹൃദ്രോഗസാധ്യത കൂടുകയും ചെയ്യുമെന്നും ഗവേഷകർ പറയുന്നു. പഠനത്തിൽ പങ്കെടുത്ത 45 മുതൽ 84 വയസ്സുവരെ പ്രായമുള്ളവരിൽ 51 ശതമാനം സ്ത്രീകളായിരുന്നു. പാലുൽപന്നങ്ങള്‍, ഇലക്കറികൾ, കാൽസ്യം അടങ്ങിയ ധാന്യങ്ങൾ തുടങ്ങി ഓരോരുത്തരുടെയും ഭക്ഷണശീലങ്ങൾ ഒരു ചോദ്യാവലിയിലൂടെ മനസ്സിലാക്കി. ഭക്ഷണത്തിന്റെ രൂപത്തിലും സപ്ലിമെന്റുകളുടെ രൂപത്തിലും കാൽസ്യം ശരീരത്തിൽ ചെല്ലുന്നതിന്റെ അളവ് അനുസരിച്ച് പഠനത്തിൽ പങ്കെടുത്തവരെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചു.

ഇവരിൽ നിന്നും പ്രായം, ലിംഗം, വര്‍ഗം, വ്യായാമം, പുകവലി, മദ്യപാനം, വരുമാനം, വിദ്യാഭ്യാസം, ശരീരഭാരം, രക്തസമ്മർദ്ദം, പ്രമേഹം, കുടുംബവൈദ്യ ചരിത്രം ഈ വിവരങ്ങളെല്ലാം നോക്കി കൂടുതൽ കാൽസ്യം അകത്താക്കുന്നവരെ- അതായത് ഒരു ദിവസം 1400 മില്ലിഗ്രാമിൽ കൂടുതൽ കാല്‍സ്യം കഴിക്കുന്നവരെ- പ്രത്യേകമായി വേര്‍തിരിച്ചായിരുന്നു പഠനം. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.