Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വഭാവവും വ്യക്തിത്വവും മറച്ചുപിടിക്കേണ്ട

personality

പ്രശസ്ത ഗുരു തകിഹാരിയുടെ മരണാനന്തരം അദ്ദേഹത്തിന്റെ അനുസ്മരണ ചടങ്ങിൽ അന്ധനായ ഒരു വ്യക്തി അദ്ദേഹത്തെ അനുസ്മരിച്ചത് ഇപ്രകാരമാണ്. ‘‘ഞാൻ ഒരന്ധനാണ്. എനിക്ക് ആരുടേയും മുഖഭാവം കണ്ടു മനസ്സിലാക്കുവാൻ സാധിക്കുകയില്ല. പകരം ശബ്ദത്തിലൂടെയാണ് ഞാൻ മറ്റുളളവരെ മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും ഒരാൾ മറ്റൊരാളെ അഭിനന്ദിക്കാൻ ശ്രമിക്കുമ്പോൾ അതിൽ മറഞ്ഞിരിക്കുന്ന അസൂയയും ദുഃഖവും മനസ്സിലാക്കുവാൻ എനിക്കു സാധിക്കാറുണ്ട്. അതുപോലെതന്നെ മറ്റുളളവരുടെ ദുഃഖത്തിൽ ആശ്വാസമായെത്തുന്നവരുടെ സ്വരത്തിലെ ആഹ്ലാദവും മനസ്സിലാകും. പക്ഷേ, ഗുരു തകിഹാരയുടെ സ്വരം എല്ലായ്പ്പോഴും ആത്മാർഥതയുടേതായിരുന്നു. അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുമ്പോൾ സന്തോഷവും ദുഃഖം പ്രകടിപ്പിക്കുമ്പോൾ ദുഃഖവും മാത്രമാണ് എനിക്കു കേൾക്കാൻ സാധിച്ചിരുന്നത്.’’

മനസ്സിൽ ഒന്ന് പുറത്ത് മറ്റൊന്ന്

ആരെയും ബുദ്ധിമുട്ടിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയല്ലെങ്കിലും പലപ്പോഴും ‘മനസ്സിൽ ഒന്നുവച്ചു പുറത്തു മറ്റൊന്നു കാട്ടേണ്ടി വരുന്ന’വരാണ് നാം മനുഷ്യർ. അങ്ങനെ അല്ലാതാകുന്ന പക്ഷം പലവിധ ഒറ്റപ്പെടുത്തലുകൾക്കും നമ്മുടെ ജീവിതം പാത്രമാകാം എന്ന തിരിച്ചറിവാണ് ഇതിനു മുഖ്യകാരണം. ഒരു സമൂഹത്തിൽ ഇടപഴകി ജീവിക്കുമ്പോൾ, അതിലുൾപ്പെടുന്ന സഹജീവികൾക്കിടയിൽ നമ്മുടെ സ്ഥാനം അടയാളപ്പെടുത്തുന്നതു പ്രധാനമായും മൂന്നു ഘടകങ്ങളാണ്. സ്വഭാവം (Behaviour), വ്യക്തിത്വം (Personality), തത്വങ്ങൾ, (Principle) എന്നിവയാണവ.

താഴെക്കാണുന്ന ലളിതമായ ഉദാഹരണത്തിലൂടെ നമുക്കിതു മനസ്സിലാക്കുവാന്‍ ശ്രമിക്കാം. ഒരു സുഹൃത്തിന്റെ വിവാഹസത്കാരത്തിൽ പങ്കെടുക്കുകയാണു നിങ്ങൾ. അവിടെ വച്ചു നിങ്ങള്‍ നിങ്ങളുടെ ബോസിന്റെ കുടുംബത്തെ പരിചയപ്പെടുന്നു. അപ്പോൾ തൊട്ടടുത്തുനിൽക്കുന്ന വൃദ്ധന്റെ കൈയിൽ നിന്നും ചായപ്പാത്രം നിങ്ങളുടെ വസ്ത്രത്തിൽ വീണു. മാന്യനായ ആ വൃദ്ധൻ നിങ്ങളോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു. ആദ്യം മനസ്സില്‍ അൽപം വിഷമവും ദേഷ്യവുമൊക്കെ വന്നുവെങ്കിലും മനഃപൂർവമല്ലാതെ സംഭവിച്ച കാര്യത്തിനു കോപം ശരിയായ മാർഗമല്ല എന്നു തിരിച്ചറിവുളള നിങ്ങൾ, ‘‘ഒാ! സാരമില്ല, അല്പം ചായയല്ലേ.’’ എന്നു പറഞ്ഞ്, മുഖത്ത് ഒരു ‘മിസ്റ്റർ കൂൾ’ ഭാവം വരുത്തി ആ വൃദ്ധനെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. പക്ഷേ, അതേ സമയം അവിടെയുളള ബോസിന്റെ മകൻ, വൃത്തികേടായ നിങ്ങളുടെ വസ്ത്രത്തിൽ നോക്കി ചിരിക്കുകയും മോശമായി കളിയാക്കുകയും ചെയ്യുന്നു. ബോസ്സും മകനോടൊപ്പം പങ്കു ചേരുന്നു. ആദ്യം വൃദ്ധനോടു തോന്നിയപോലെ തന്നെ ഇപ്പോൾ ബോസിനോടും മകനോടും നിങ്ങൾക്കു ദേഷ്യം തോന്നുന്നു. പക്ഷേ, ജോലിയിൽ ഒരു സ്ഥാനക്കയറ്റം അടുത്തിരിക്കുന്ന വേളയിൽ ബോസിന്റെ അപ്രിയത്തിനു പാത്രമാകുന്നത് മണ്ടത്തരമാകും എന്നു കരുതുന്ന നിങ്ങൾ അവിടെയും ‘മിസ്റ്റർ കൂൾ’ ചമയുന്നു.

സ്വഭാവവും വ്യക്തിത്വവും

ഇനി നമുക്കു വിഷയത്തിലേക്കു കടക്കാം. ആദ്യം വൃദ്ധനോടും പിന്നീടു ബോസിനോടും പുത്രനോടും നിങ്ങൾക്കു തോന്നിയ വികാരം ദേഷ്യമായിരുന്നു. അതാണു നിങ്ങളുടെ യഥാർഥ ‘സ്വഭാവം’. പക്ഷേ, ഈ രണ്ടവസരങ്ങളിലും നിങ്ങൾ മുഖഭാവത്തിലൂടെയും ശരീരഭാഷയിലൂടെയും പുറത്തു കാണിക്കാൻ ശ്രമിച്ച ‘മിസ്റ്റർ കൂൾ’ ഭാവമാണു നിങ്ങളുടെ ‘പ്രിൻസിപ്പിൾസ്’ അഥവാ ‘തത്വങ്ങൾ.’

ആദ്യ സംഭവത്തിൽ ‘മനപ്പൂർവമല്ലാതെ ഉപദ്രവിച്ച ഒരാളോട് ദേഷ്യപ്പെടുന്നത് ശരിയല്ല’ എന്ന മനസ്സാക്ഷിയിലുറച്ച പ്രിൻസിപ്പിൾസ് ആണു നിങ്ങളെ ശാന്തനാക്കിയതെങ്കിൽ രണ്ടാമത്തേതിൽ, ‘കാര്യസാധ്യത്തിനായി അല്പസ്വല്പം അഭിമാനമൊക്കെ പണയപ്പെടുത്താം’ എന്ന പ്രിൻസിപ്പിൾ ആണു നിങ്ങളെക്കൊണ്ടു ശാന്തസ്വഭാവം തിരഞ്ഞെടുപ്പിച്ചത്. ചുരുക്കിപ്പറഞ്ഞാൽ ഒരോ വ്യക്തിക്കും മൂന്നുതരം ‘സ്വഭാവ’ ങ്ങളുണ്ട്. ഒന്ന്: യഥാർഥത്തിൽ ഉള്ളത് (സ്വഭാവം) രണ്ട്: യഥാര്‍ഥത്തിൽ ഉളളതെന്നു കരുതുന്നത്(പ്രിൻസിപ്പിൾ), മൂന്ന്: പുറത്തു പ്രകടിപ്പിക്കുന്നത് (പേഴ്സണാലിറ്റി അഥവാ വ്യക്തിത്വം).

വ്യക്തിത്വം മോശമാണോ?

വ്യക്തിത്വം മോശമായ ഏർപ്പാടാണോ? അങ്ങനെ അഭിപ്രായപ്പെടാൻ നമുക്കു സാധിക്കുകയില്ല. നമ്മുടെ പ്രിൻസിപ്പിൾസാണു നമ്മുടെ വ്യക്തിത്വം എങ്ങനെയാകണമെന്നു തീരുമാനിക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുളള പ്രധാന വ്യത്യാസം വ്യക്തിത്വത്തിന്റേതാണ്. മൃഗങ്ങൾക്കു ‘സ്വാഭാവിക പ്രകൃതത്തിനനുസരിച്ചു ’ മാത്രമേ പെരുമാറാൻ സാധിക്കൂ. പക്ഷേ, മനുഷ്യൻ അങ്ങനെയല്ല. അവന്റെ യഥാർഥ സ്വഭാവത്തിനും പെരുമാറ്റത്തിനു(വ്യക്തിത്വം)മിടയിൽ പ്രിൻസിപ്പിൾസ് എന്ന ‘അരിപ്പ’ പ്രവർത്തിക്കുന്നുണ്ട്. ഉണർന്നിരിക്കുന്ന ഏതു സമയത്തും ഈ അരിപ്പ അവനില്‍ പ്രവർത്തിച്ചുകൊണ്ടേയിരിക്കും. (പക്ഷേ, ഉറങ്ങുമ്പോൾ അങ്ങനെയല്ല. അതുകൊണ്ടാണ് ഉറക്കത്തിൽ നാം ചിലപ്പോഴൊക്കെ മനഃസാക്ഷിക്കു നിരക്കാത്ത സ്വപ്നങ്ങൾ കാണുന്നത്!)

മഹാനായ ചിന്തകനും ശാസ്ത്രജ്‍ഞനുമായിരുന്ന ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ ഇങ്ങനെ പ്രസ്താവിച്ചു: ‘‘വൃത്തികെട്ട വസ്ത്രങ്ങളെയും ഗൃഹോപകരണങ്ങളെയും പറ്റി നാം ലജ്ജിക്കുന്നു. യഥാർഥത്തിൽ നാം ലജ്ജിക്കേണ്ടത് വൃത്തികെട്ട ആശയങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും പറ്റിയാണ്.’’

പ്രിൻസിപ്പിളോ പേഴ്സണാലിറ്റിയോ?

നമ്മുടെ ജീവിതത്തിൽ പേഴ്സണാലിറ്റിക്കാണോ പ്രിൻസിപ്പിൾസിനാണോ മുൻതൂക്കം നൽകേണ്ടത്? തീർച്ചയായും പ്രിൻസിപ്പിള്‍സിനു തന്നെ. പക്ഷേ, ചില അവസരങ്ങളിൽ പ്രത്യേകിച്ചും നമ്മുടെ നിലനിൽപിനെ ബാധിക്കുന്ന അവസരങ്ങളിൽ പേഴ്സണാലിറ്റിക്കു പ്രാധാന്യം നൽകേണ്ടിവരും. ഉദാഹരണത്തിന് ആദ്യം വിവരിച്ച ബോസിനെപ്പോലെയുളളവരുമായി ഇടപഴകുന്ന സന്ദർഭങ്ങളിൽ. ഇക്കാര്യത്തിൽ ഏറ്റവും മികച്ച അഭിപ്രായങ്ങളിലൊന്ന് സ്വാമി വിവേകാനന്ദന്റേതാണ്. അദ്ദേഹം ഇങ്ങനെ കുറിച്ചു: ‘‘ആദർശം താഴ്ത്താനും പാടില്ല പ്രായോഗികത മറക്കാനും പാടില്ല. ഉന്നതമായ ആദർശവും പ്രായോഗികതയും സ്വജീവിതത്തിൽ സമ്മേളിപ്പിക്കാൻ ശ്രമിക്കണം.’’

ഉദാഹരണത്തിന് നിങ്ങളൊരു സെയിൽസ് പേഴ്സണ്‍ ആണെങ്കിൽ, ആ മേഖലയിലുളള നിങ്ങളുടെ വിജയം, നിങ്ങൾ വിൽക്കുന്ന വസ്തുവിന്റെ ഗുണത്തെക്കാളുപരി നിങ്ങളുടെ അവതരണശൈലിയേയും ശരീരഭാഷയേയും ആശ്രയിച്ചിരിക്കും. നിങ്ങൾ വിൽക്കുന്ന വസ്തു എത്ര നല്ലതാണെങ്കിൽക്കൂടിയും അതിനെക്കുറിച്ചു മുന്നറിവില്ലാത്ത ഒരാൾ അതു വാങ്ങുമ്പോൾ, അതിനെ വിൽക്കുന്ന നിങ്ങളുടെ പേഴ്സണാലിറ്റിയേയാണ് വിശ്വസിക്കുക. ഇത്തരം വിശ്വാസം(മുൻവിധി!) നമ്മുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിക്കഴിഞ്ഞു. അതിനെ വെല്ലുവിളിക്കുക അത്ര സാധ്യമല്ല. പക്ഷേ, നിങ്ങളിൽ നിന്നും സാധനം വാങ്ങിയ ആ വ്യക്തി വീണ്ടും നിങ്ങളെ സമീപിക്കുന്നുവെങ്കിൽ നിങ്ങൾ വിറ്റ വസ്തുവിന്റെ ഗുണമേന്മ തന്നെയാകും അതിനു കാരണം.

ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. പേഴ്സണാലിറ്റി എന്നതു വ്യക്തിബന്ധങ്ങളിലേക്കുള്ള ഒരു മികച്ച ‘എൻട്രി കാർഡ്’ ആണെങ്കിൽ, പ്രിൻസിപ്പിൾ എന്നതു വ്യക്തിബന്ധങ്ങളുടെ ആഴവും കാലാവധിയും നിശ്ചയിക്കുന്ന ‘ഗ്യാരന്റി കാർഡ്’ ആണ്! അതുകൊണ്ടാണ് കോട്ടും സ്യൂട്ടും ധരിച്ച, തിളങ്ങുന്ന പേഴ്സണാലിറ്റിയുടെ ഉടമയായിട്ടും തനിക്കു സാധിക്കാതെ പോയ ജനപിന്തുണ ആർജിക്കാൻ പ്രിൻസിപ്പിൾസിന്റെ പ്രഭാവത്താൽ, ഒരു ഒറ്റമുണ്ടു മാത്രമണിഞ്ഞ ഗാന്ധിജിക്ക് സാധിച്ചത്.

അതെ, പേഴ്സണാലിറ്റിയും പ്രിൻസിപ്പിൾസും ജീവിതത്തിന്റെ ഘടകങ്ങൾ തന്നെയാണ്. ഇവ രണ്ടും തമ്മിലുളള സമന്വയമാണ് വിജയകരമായ ജീവിതത്തിന്റെ അടിസ്ഥാനം.

വ്യക്തിത്വം അളക്കാൻ ലഘുമാർഗങ്ങൾ

പേഴ്സണാലിറ്റിക്ക് ഇന്നു ലോകം അംഗീകരിക്കുന്ന നിർവചനം ഇതാണ്.‘ഒരു വ്യക്തിയുമായി സഹകരിക്കുന്നവർ അയാളെ ഏതു വിധത്തിലാണു കണക്കാക്കുന്നത് അതാണ് അയാളുടെ വ്യക്തിത്വം.’ പക്ഷേ, പേഴ്സണാലിറ്റിയെ ‘സ്കാൻ’ ചെയ്യാവുന്ന ഉൾക്കാഴ്ച പൊതുവെ മനുഷ്യർക്കെല്ലാം ഉണ്ടെന്നുളളതാണു സത്യം. കേൾക്കുമ്പോൾ തീരെ അവിശ്വസനീയമായി തോന്നാമെങ്കിലും സംഗതി സത്യം തന്നെയാണ്. ഉദാഹരണത്തിനു കളളം പറയാൻ ശ്രമിക്കുന്ന ഒരു വ്യക്തി ഇടയ്ക്കിടെ കൈ കൊണ്ടു മുഖത്തെവിടെയെങ്കിലും ചൊറിയുകയോ ചുരണ്ടുകയോ ഒക്കെ ചെയ്യും. അഹങ്കാരം ഉള്ളിലൊതുക്കാത്ത ഹസ്തദാനത്തിൽ കൈപ്പത്തിയുടെ ഉൾഭാഗം മുകളിലേക്കാകാനാണ് സാധ്യത. പുരുഷന്മാർ വസ്ത്രം ധരിക്കുമ്പോൾ ആദ്യം വസ്ത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നത് ഇടതു കൈയാണെങ്കിൽ സ്ത്രീകൾക്കിതു വലതു കൈയാണ്!

എം.എസ്.രഞ്ജിത്, മോട്ടിവേഷനൽ ഇൻസ്ട്രക്റ്റർ, തിരുവനന്തപുരം

Your Rating: