കണ്ണേറും കരിനാക്കും മറ്റ് ആരോഗ്യ അനുഷ്ഠാനങ്ങളും

Representative Image

എന്താ അമ്മുവേ കുഞ്ഞിന്റെയൊരു ചേല്.. തനി സ്വർണക്കട്ട തന്നെ.. പൊന്നിന്റെ നിറം... അയൽവക്കത്തെ നാണിയമ്മ പറഞ്ഞതുകേട്ടതേ അമ്മൂവമ്മയുടെ മുഖമിരുണ്ടു. പക്ഷേ, ഉള്ളിൽ തോന്നിയ ദേഷ്യം പുറത്തുകാണിച്ചില്ല... നാണിയമ്മ മുറ്റം കടന്നു മറഞ്ഞതേ അവർ ഓടിപ്പോയി ഒരുപിടി ചുവന്ന മുളകെടുത്ത് കുഞ്ഞിനെയുഴിഞ്ഞ് അടുപ്പിലേക്കിട്ടു... പൊട്ടെട്ടെ... കണ്ണേറും കരിനാക്കും ഒക്കെ പോയി തുലയട്ടെ

ഇങ്ങനെ രസകരമായ പല വിശ്വാസങ്ങളുടെയും നുറുങ്ങുചികിത്സകളുടെയും വേദിയായിരുന്നു നമ്മുടെ പഴയ നാട്ടിൻ പുറങ്ങൾ. ഇന്ന് അവ നമുക്കു അന്ധവിശ്വാസമായി തോന്നാം. എന്നാൽ നിത്യജീവിതത്തിൽ ഉയർന്നു വന്നിരുന്ന ചെറിയ സമാധാനക്കേടുകളെ അവർ ഇത്തരം ലളിതമായ ചില സൂത്രവിദ്യകളാൽ ഇല്ലായ്മ ചെയ്തു പോന്നു. കണ്ണേറും കരിനാക്കും കിട്ടാതെ ഉണ്ണികൾ വളർന്നുവരാൻ അടുക്കളപ്പുരയിൽ കടുകും മുളകുമെരിഞ്ഞു. പണ്ട് പൂജാരിയും വീട്ടുകാരണവന്മാരും തന്നെയായിരുന്നു നാട്ടുവൈദ്യന്മാർ . വിവിധ പച്ചമരുന്നുകളെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും അപ്പനപ്പൂപ്പന്മാർ വഴി പകർന്നു കിട്ടിയ അറിവുകളെ ആത്മവിശ്വാസത്തിൽ ചാലിച്ച് അവർ അസുഖങ്ങളിൽ പ്രയോഗിച്ചു . മനസ്സു കെട്ടുപോയാൽ രോഗം മൂർച്ഛിക്കുമെന്ന തിരിച്ചറിവിൽ മനസ്സിനു വീര്യം പകരാൻ ഊതിക്കെട്ടലുകളും വിലക്കുകളും നടത്തി. ഗ്രാമ്യമായ അന്തരീക്ഷത്തിൽ നിലനിന്നിരുന്ന ഇത്തരം വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലുമുള്ള ആരോഗ്യവശം പരിശോധിക്കുകയാണ് ഇവിടെ.

കണ്ണേറും കരിനാക്കും

കണ്ണേറ് എന്ന വാക്കിന് ദൃഷ്ടിദോഷം എന്നാണർഥം. പണ്ടൊക്കെ കുഞ്ഞുങ്ങൾക്ക് കവിളത്ത് ഒരു കറുത്ത പൊട്ടിടാതെ പുറത്തിറക്കില്ല. ആരെങ്കിലും കുഞ്ഞിനെ കണ്ട് നല്ല ഭംഗി യുള്ള കുട്ടി എന്നു മനസ്സിൽ വിചാരിച്ചാൽ മതി, അവരുടെ കൺദോഷം കുട്ടിക്കു കിട്ടും എന്നായിരുന്നു വിശ്വാസം. ചെറിയ തോതിലുള്ള കണ്ണേറൊക്കെ ഒരൽപം കടുകോ മുളകോ കുഞ്ഞിന്റെ തലയ്ക്കു ചുറ്റും ഉഴിഞ്ഞെടുത്ത് അടുപ്പിലേക്കിട്ടാൽ മാറുമെന്ന് അമ്മൂമ്മമാർ പറയും. കണ്ണേറു മൂലമാണെന്നു കരുതുന്ന അസ്വസ്ഥതകൾ ഒഴിവാക്കാൻ കണ്ണേറുപാട്ട് നടത്തിയിരുന്നു. നിലവിളക്കു കൊളുത്തി ഗണപതിക്കും ദേവതകൾക്കും നിവേദ്യങ്ങളർപ്പിച്ച് മന്ത്രവാദ പാട്ടുപാടും. മലയരും ചിലയിടങ്ങളിൽ പാണന്മാരുമാണ് ഇതു നടത്തിയിരുന്നത്. കുഞ്ഞുങ്ങൾക്കു മാത്രമല്ല വിളകൾക്കും പുതിയ വീടിനും ഗർഭിണികൾക്കും മൃഗങ്ങൾക്കുമൊക്കെ ഇങ്ങനെ കണ്ണേറു ദോഷം വരുമെന്നു കരുതിയിരുന്നു. ദൃഷ്ടിദോഷം മാറാൻ അരിയും ഭസ്മവും മന്ത്രിച്ചിടൽ , തിരിയുഴിച്ചിൽ എന്നിവയും ചെയ്തിരുന്നു. ചിലർ വെറുതെയൊന്നു നോക്കിയാൽ മതി കണ്ണുപെടും. ഇത്തരക്കാരുടെ നിഴലു കാണുമ്പോഴേ മുത്തശിമാർ പറയും വെടിക്കണ്ണൻ വരുന്നുണ്ട്, കുട്ട്യോളെ പിന്നാമ്പുറത്തേക്കു പോയ്ക്കോള്ളൂ എന്ന്.

ചലർ നാവുദോഷക്കാരാണ് . കരിനാക്കന്മാർ . ആ വാഴക്കുല നല്ലപോലെ വിളഞ്ഞങ്ങു വരുന്നുണ്ടല്ലോ എന്നു പറഞ്ഞു നാവു വായിലിടുംമുമ്പേ വാഴ ഒടിഞ്ഞു വീണിരിക്കും. പ്രത്യേക ജന്മനക്ഷത്രത്തിലുള്ളവർക്ക് ഇത്തരം ദോഷമുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.

കണ്ണേറിനും കരിനാക്കിനുമൊക്കെ ചെയ്തിരുന്ന പ്രതിവിധികളിൽ ആരോഗ്യകരമായ എന്തെങ്കിലും അടിസ്ഥാനമുണ്ട് എന്നു പറയാനാവില്ല. പക്ഷേ , അവ കണ്ണേറു തട്ടിയ കുടുംബാംഗങ്ങളുടെ മനസ്സിന് ആശ്വാസം നൽകിയിരുന്നു. ദോഷമൊക്കെ മാറി , ഇനിയൊന്നും ഭയപ്പെടാനില്ല എന്ന പോസിറ്റീവ് ചിന്ത രൂപം കൊള്ളുന്നതോടെ ചെറിയ അസ്വസ്ഥതകളൊക്കെ മാറിപോകും . മിക്ക അസുഖങ്ങളും ആദ്യം രൂപം കൊള്ളുന്നത് മനസ്സിലാണല്ലോ? മനസ്സിനു ശക്തിയുണ്ടായാൽ പാതി രോഗം മാറും.

കൊതിക്കു മന്ത്രിക്കൽ

ദൃഷ്ടിദോഷത്തിന്റെ മറ്റൊരു ഭാവമായാണ് കൊതിയെ കണ്ടിരുന്നത്. നല്ല ഭക്ഷണം കണ്ടു കൊതിച്ചാൽ അതു കഴിക്കുന്ന ആൾക്ക് കൊതിയേൽക്കും. അതിനാൽ കൊതിയനോ കൊതിച്ചിയോ കാൺകെ നല്ല ഭക്ഷ്യപദാർഥങ്ങൾ പുറത്തെടുത്തിരുന്നില്ല. എന്തെങ്കിലും വിശേഷഭക്ഷണം കുട്ടികൾ കഴിക്കുന്ന സമയത്ത് ആരെങ്കിലും വരുന്നതു കണ്ടാൽ അപ്പോൾ വീട്ടുകാർ ധൃതികൂട്ടും .വേഗം കഴിച്ചുതീർക്ക് . കണ്ട് കൊതി കിട്ടാണ്ടിരിക്കട്ടെ. ഭക്ഷണം വേഗം കഴിക്കാനുള്ള വെപ്രാളത്തിൽ കഴിക്കുന്നതിനു പകരം വിഴുങ്ങും. അതോടെ എക്കിളെടുക്കാൻ തുടങ്ങും . കൊതികിട്ടിയെന്നു കരുതാൻ ഇതൊരു കാരണമാണ്. ഭക്ഷണത്തിന്റെ പാകപ്പിഴ കൊണ്ടോ ദഹനക്ഷയം കൊണ്ടോ ഗ്യാസ് കയറി വയർ സ്തംഭിച്ചാലോ പുളിച്ചു തികട്ടിയാലോ കൊതികിട്ടി എന്നു ഗ്രാമീണർ പറഞ്ഞിരുന്നു. മന്ത്രിച്ചു നൽകലാണ് കൊതിക്കുള്ള പരിഹാരം. പുളി , ഉപ്പ് , കുരുമുളകുപൊടി എന്നിവയാണ് സാധാരണയായി മന്ത്രിച്ചു കൊടുക്കുക. ഇവയെല്ലാം ദഹനപ്രശ്നങ്ങൾക്കുള്ള പരിഹാരമാണല്ലൊ.

വിലക്കും ഊതിക്കെട്ടലും

മനസ്സും രോഗവും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളവയാണ് കൊടിഞ്ഞിവിലക്കും കരപ്പൻ ഊതിക്കെട്ടലും . ചില പ്രത്യേക മന്ത്രങ്ങൾ ചൊല്ലി നടത്തിയിരുന്ന ഇത്തരം ചികിത്സകൾ രോഗിയുടെ മനസ്സിന് ശാന്തിയും സമാധാനവും നൽകാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. മനഃശാസ്ത്രപരമായ സംഘർഷങ്ങളാൽ കൊടിഞ്ഞി അഥവാ മൈഗ്രേൻ വരാമെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നുമുണ്ട്. ഒന്നു കണ്ണടച്ചിരുന്ന് പ്രാർഥിച്ചാൽ അതിനു കുറവു വരുകയും ചെയ്യും. കൊടിഞ്ഞിവിലക്കിൽ ഇത്തരമൊരു ആത്മീയതയുടെ അംശമുണ്ടു താനും. കരപ്പനു മാത്രമല്ല, കൊച്ചുകുട്ടികൾക്ക് പനി വന്നാലും വെളിച്ചപ്പാടിന്റടുത്തു കൊണ്ടു പോയി ഊതിക്കുമായിരുന്നു.

കൺകുരുവും എച്ചം വീഴലും

മരുന്നുപ്രയോഗത്തെ ബന്ധപ്പെടുത്തിയും ചില നാട്ടുചികിത്സകളുണ്ട്. ഉദാഹരണത്തിന് കൺകുരുവിന് കൈവിരൽ ഔഷധം. ആയൂർവേദത്തിൽ കൺകുരു എന്നാൽ ജനപീഡികയാണ്. കൺപോളയിലെ രോമകൂപങ്ങളിലുണ്ടാകുന്ന ഫോളിക്കുലൈറ്റിസ് ആണ് ജനപീഡിക. അത് പൊട്ടിപ്പോയാലേ കൺകുരു മാറൂ. കണ്ണിനുള്ളിലായതിനാൽ മരുന്നരച്ചിടാൻ വയ്യ. അതുകൊണ്ട് കൈവിരലുകൾ ചേർത്തുരസി ചൂടാക്കിയിട്ട് കൺകുരുവിന്മേൽ വയ്ക്കും ചൂട് ചെല്ലുമ്പോൾ കുരു മൂലമുള്ള സ്വസ്ഥതയും വീക്കവും കുറയും. കൺകുരുവിന് നാവിനടിയിലെ നീര് പുരട്ടാനും പഴമക്കാർ പറയുമായിരുന്നു. അതും കൈവിരൽ കൊണ്ട് തൊട്ടാണ് പുരട്ടാറുള്ളത്.

വിഷചികിത്സയുടെ കാര്യത്തിലുമുണ്ട് ചില നാടൻ പ്രയോഗങ്ങൾ. എച്ചം വീണാൽ വെള്ളം തളിക്കണം എന്നു പറയും. എട്ടുകാലി , ചിലന്തി, പല്ലി തുടങ്ങിയ ചെറുജീവികളുടെ വിസർജ്യത്തിനാണ് പഴമക്കാർ എച്ചം എന്നു പറഞ്ഞിരുന്നത്. പല്ലിയുടെ എച്ചം കറുപ്പും വെളുപ്പും നിറത്തിലാണ്. എട്ടുകാലിയുടേതിന് കടും കറുപ്പോ തവിട്ടോ നിറമാണ്. തീരെ ചെറിയ വലുപ്പമായതിനാൽ എച്ചം വീണാലും അറിയില്ല. എച്ചം കൈയിലോ കാലിലോ വീണാലോ ഭക്ഷണത്തിൽ വീണു വയററിൽ ചെന്നാലോ വലിയ പ്രശ്നമാണെന്നായിരുന്നു പഴമക്കാരുടെ വിശ്വാസം .ചെറു ജീവികളുടെ വിസർജ്യത്തിന് വിഷസ്വഭാവമുണ്ടെന്ന് ആയൂർവേദ വൈദ്യന്മാരും പറയുന്നു. എച്ചം വീണെന്ന് അറിഞ്ഞാൽ ഉടൻ തന്നെ സോപ്പും വെള്ളവും കൊണ്ട് വെടിപ്പായി കഴുകണം . ഇതു സൂചിപ്പിക്കുന്നതാണ് എച്ചം വീണാൽ വെള്ളം തളിക്കണം എന്ന ചൊല്ല്.

ചിലയിടങ്ങളിൽ ചിലന്തിയുടെ കർണിക മാറ്റുക എന്നൊരു ചികിത്സയുണ്ട്. ചെറുജീവികളുടെ വിസർജ്യത്തിലെ വിഷപദാർഥങ്ങൾ വീണ സ്ഥലത്ത് പൊറ്റൻ ഉണ്ടാകും. ഈ പൊറ്റൻ ഇളക്കിക്കളയണം. ഇതിനാണ് കർണിക മാറ്റൽ എന്നു പറയുന്നത്. ചെറിയ പൊറ്റനാണെങ്കിൽ നഖം കൊണ്ട് പൊളിച്ചു കളയാം. നാൽപാമരാദി വെളിച്ചെണ്ണ തേച്ചോ ഏലാദി ചൂർണമിട്ടോ ചെറുതായി ഉരച്ചു വേണം വലുത് കളയാൻ

യാതൊരു അടിത്തറയുമില്ലാത്ത നാടൻ ചൊല്ലുകളുമുണ്ട്. ആനപ്പിണ്ടത്തിൽ അറിയാതെ ചവിട്ടിയാൽ മുടിവളരും എന്നു പറയുന്നത് ശുദ്ധ അബദ്ധമാണെന്നേ പറയാൻ പറ്റു.

ബാലചികിത്സയിലെ നാട്ടുരീതികൾ

നാടൻ പ്രയോഗങ്ങൾ ഏറ്റവുമധികം ഉണ്ടായിരുന്നത് ബാലചികിത്സയിലാണ്. ബാലചികിത്സയിൽ രോഗലക്ഷണത്തിനും രോഗകാരണത്തിനും പ്രത്യേകം ചികിത്സയുണ്ട്. എങ്കിലും രോഗകാരണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് മിക്കബാലചികിത്സകളും. എന്തെങ്കിലും കണ്ട് പേടിച്ചു പനി പിടിച്ചതാണെങ്കിൽ മന്ത്രവാദിയെ കൊണ്ട് ഊതിക്കുകയാണ് ചെയ്യുക. സാധാരണ പനിക്കാണെങ്കിൽ മച്ചിങ്ങ അരച്ച് നെറ്റിയിൽ ഇടും. അല്ലെങ്കിൽ ചൂടു കുറയ്ക്കാൻ തുണി നനച്ച് നെറ്റിയിൽ ഇടും. എന്നാൽ എല്ലാ പ്രയോഗങ്ങളും രോഗം കുറയ്ക്കാൻ മാത്രമുള്ളതാകണമെന്നില്ല. മുണ്ടിനീരിന് ചിരട്ട കെട്ടിത്തൂക്കുന്നത് തന്നെ ഉദാഹരണം. നീരുമാറാൻ ചിരട്ട അസ്സലാണ്. കുട്ടികൾക്ക് ചിരട്ട അരച്ചു പുരട്ടിക്കൊടുത്താലും ഓടിപാഞ്ഞുള്ള നടപ്പു മൂലം അതു ദേഹത്തു കിടക്കില്ല. കെട്ടിത്തൂക്കി കൊടുത്താൽ ആ സ്പർശനം കൊണ്ടെങ്കിലും നീരു വലിയും എന്നു കരുതിയിട്ടുണ്ടാവണം. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ ഇത് ഒരു മുന്നറിയിപ്പും കൂടിയാണ് . രോഗമുണ്ടെന്ന മുന്നറിയിപ്പ്. ഉമിനീരിലൂടെയും രോഗി ഉപയോഗിച്ച വസ്തുക്കൾ സ്പർശിക്കുന്നതിലൂടെയും പകരുന്ന രോഗമാണല്ലോ മുണ്ടിനീര്. ചിരട്ട കെട്ടിയാൽ കുട്ടികൾ തമ്മിൽ വളരെയടുത്ത് ഇടപഴകുന്നത് ഒഴിവാക്കാം. നീരുള്ളിടത്ത് കൈകൊണ്ട് തൊടുന്നത് നീരും വേദനയും കൂട്ടുമെന്നായിരുന്നു പഴം പ്രമാണം.

വയറുവേദന മാറ്റാൻ ഉങ്ങിന്റെ തോല് അരയിൽ ബൽറ്റുപോലെ കെട്ടുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. ഇത് ഉങ്ങിന്റെ ഔഷധഗുണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിശ്വാസമാണ്.

കുട്ടികൾക്കു കൂച്ച് കെട്ടിക്കുക എന്നൊരു രീതിയുണ്ട്. വിശ്വാസവും വൈദ്യവും ചേർന്നതാണിത്. പഞ്ചലോഹം കൊണ്ടുള്ള ഒരു മണി അരയിൽ കെട്ടിക്കൊടുക്കും . പിശാചുക്കളെ ഓടിക്കാനാണെന്ന് വയ്പ് . യഥാർത്തിൽ കുട്ടിയുടെ ചുറ്റുവട്ടത്ത് ഒരു പോസിറ്റീവ് എനർജി നൽകുകയാണ് ഇതിന്റെ ലക്ഷ്യം .ലോഹങ്ങൾക്ക് ചുറ്റുപാടും നിന്ന് ശുദ്ധവായു വലിച്ചെടുക്കാനുള്ള കഴിവുണ്ടെന്നതും ഒരു കാരണമാകാം.

വിചിത്രമെന്നു തോന്നാവുന്ന പ്രയോഗങ്ങളുമുണ്ട്. കുട്ടികൾക്ക് നാവുദോഷം വന്നാൽ കാരണക്കാരനായ ആൾ നടന്നുകഴിഞ്ഞ് പാദത്തിനടിയിൽ നിന്ന് ചെരുപ്പ് ഉപയോഗിക്കാതെ പൂഴി എടുക്കും . ഇത് ഏതെങ്കിലും കലത്തിൽ വറുത്ത് ചൂടാക്കി കൈതച്ചെടിയുടെ മുകളിൽ കൊണ്ടെറിയുന്നു. അപ്പോൾ നാവുദോഷം ചെയ്ത ആളുടെ നാവു പിന്നീട് ചലിക്കില്ലത്രെ. ചെറിയ കുട്ടികൾ പായിൽ മൂത്രമൊഴിച്ചാൽ കുട്ടികൾ അറിയാതെ കുറച്ച് അരി മൂത്രത്തിൽ നനച്ച് വറുത്തു കൊടുക്കുമായിരുന്നു. .

പാണലും 90 ദിവസം മുറുക്കും

ബാലചികിത്സ കഴിഞ്ഞാൽ നാടോടിപ്രയോഗങ്ങളുള്ളത് ഗർഭിണികൾക്കാണ്. ഗർഭിണി കിടക്കുന്ന കട്ടിൽ കാൽക്കൽ ചൂലൂം പാണലും വയ്ക്കാറുണ്ടായിരുന്നു. ചിലയിടങ്ങളിൽ ഇരുമ്പും വയ്ക്കും. ഗർഭകാലം രോഗം പിടിപെടാൻ സാധ്യതയേറെയുള്ള കാലമാണല്ലോ. പാണനില വൈറസുകൾക്കെതിരെയുള്ള ഒൗഷധമാണ്. ഇരുമ്പ് ആവശ്യമില്ലാത്ത പ്രാണവായുവിനെ വലിച്ചെടുക്കും. ദുർശക്തികളെ ചൂല് പ്രതിരോധിക്കും. ചൂല് പൊതുവേ മന്ത്രവാദിനികളുടെ വാഹനമായാണല്ലോ കരുതുന്നത്. ഗർഭിണിക്ക് പോസിറ്റീവായ ഒരു ചുറ്റുപാട് സൃഷ്ടിക്കുക എന്ന ഉദേശമായിരുന്നു ഇത്തരം പ്രയോഗങ്ങൾക്കു പിന്നിൽ.

പ്രസവിച്ച സ്ത്രീകൾക്കുമുണ്ടായിരുന്നു ചില ചിട്ടകൾ. ഒൗഷധങ്ങൾ ഇട്ടുതിളപ്പിച്ച വേതുവെള്ളത്തിൽ കുളിക്കണം. 90 ദിവസം മുറുക്കണം എന്നൊക്കെ. പ്രസവശേഷമുള്ള ദേഹരക്ഷയ്ക്കു വേണ്ടുന്നതായ വേതുവെള്ളത്തിൽ കുളി ഇന്നും തുടരുന്നുണ്ട്. മുറുക്കൽ ഇപ്പോഴില്ല. അന്നത്തെ മുറുക്കലും ഇന്നത്തെ മുറുക്കലും തമ്മിൽ വ്യത്യാസമുണ്ട്.

പണ്ടൊക്കെ പുകയില കൂട്ടിയുള്ള മുറുക്കല്ല ഉണ്ടായിരുന്നത്. താംബുലചർവണം ആയിരുന്നു. കന്നിവെറ്റില, അടയ്ക്ക, ജാതിക്ക, ഗ്രാമ്പു എന്നിങ്ങനെയുള്ള ഔഷധങ്ങളും ചുണ്ണാമ്പും ചേർത്തായിരുന്നു മുറുക്കിയിരുന്നത്. ഇത് പ്രസവശേഷം സ്ത്രീക്കു ലഭിക്കേണ്ട കാത്സ്യത്തിന്റെ ആവശ്യം നികത്തിയിരുന്നു. കുഞ്ഞിന്റെ കാര്യങ്ങൾ ഏറെ ജാഗ്രതയോടെയും കരുതലോടെയും നോക്കാൻ ഇത്തരം നാടൻ വൈദ്യം സ്ത്രീയെ സഹായിക്കുമെന്നായിരുന്നു പഴയ വിശ്വാസം.

നാടിന്റെ അറിവിൽ നിന്നും അനുഭവത്തിൽ നിന്നും രൂപംകൊണ്ട പൊടിക്കൈകൾ ഇനിയുമുണ്ടേറെ. ഇവയിൽ ചിലതെങ്കിലും നമുക്ക് ജീവിതത്തിൽ നമുക്ക് ജീവിതത്തിൽ കൂട്ടാവുന്നതാണ്, ചിലതൊക്കെ ശുദ്ധ അബദ്ധങ്ങളും.

ഡോ. എ. ശ്രീകൃഷ്ണൻ

ധന്വന്തരി ഭവൻ, നെല്ലുവായ

ഡോ. എം. എൻ ശശിധരൻ

അപ്പാവു വൈദ്യശാല. തിരുനക്കര, കോട്ടയം