പ്രമേഹത്തെ തുരത്താൻ ചക്ക കഴിക്കാം

ചക്കപ്പുഴുക്കോ, ഛായ്...എന്നു കരുതിയിരുന്നവരൊക്കെ പ്രമേഹം വന്നപ്പോൾ ചക്കയിലേക്കു തിരിയുകയാണ്. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പോലും ചക്കവിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തുന്നു. പാവങ്ങൾക്കു പണ്ടേ ചക്ക രഹസ്യം അറിയാമായിരുന്നു. ചോറിനോ, കഞ്ഞിക്കോ, ചപ്പാത്തിക്കോ പകരം ചക്കപ്പുഴുക്കു കഴിച്ചാൽ രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടില്ല. ഗുളികയും വേണ്ട ഇൻസുലിനും വേണ്ട. പാവങ്ങളുടെ പഴയ മുറിവൈദ്യത്തിന് ഇപ്പോൾ രാജ്യാന്തര അംഗീകാരമായിരിക്കുകയാണ്.

സിഡ്നി സർവകലാശാലയിലെ ഗ്ലൈസിമിക് ഇൻഡെക്സ് ഗവേഷണ വിഭാഗം പരീക്ഷണാടിസ്ഥാനത്തിൽ ചക്ക നൽകിയവർക്ക് കലോറി ഊർജവും ഗ്ലൈസിമിക് ലോഡും ചോറിനെക്കാളും ഗോതമ്പിനെക്കാളും തീരെ കുറവാണെന്നു കണ്ടെത്തിയിരിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിന് അനുസൃതമായി രക്തത്തിലെ പഞ്ചസാര എത്ര വർധിക്കുന്നു എന്നതിന്റെ സൂചകമാണു ഗ്ലൈസിമിക് ലോഡ്. പരീക്ഷണത്തിനു വിധേയരായവർ ഒരു കപ്പ് ചക്ക കഴിച്ചപ്പോൾ ഗ്ലൈസിമിക് ലോഡ് 17 മാത്രം. ചോറിന് 29, ഗോതമ്പിന് 27 എന്നിങ്ങനെയാണ് ഇതേ അളവിൽ കഴിക്കുമ്പോൾ ഗ്ലൈസിമിക് ലോഡ്.

ചക്ക എന്ന സൂപ്പർ ഫ്രൂട്ട്

ഊർജത്തിന്റെ അളവ് ചോറിൽ 185 കാലറി, രണ്ട് റോട്ടിയിൽ 238.8 കാലറി, ചക്കയിൽ 115 കാലറി മാത്രം. അന്നജം ചോറിൽ 41 ഗ്രാം, റോട്ടിയിൽ 45.6 ഗ്രാം, ചക്കയിൽ 27.3 ഗ്രാം മാത്രം. പച്ച ചക്ക ഉണക്കി ഉണ്ടാക്കുന്ന ജാക്ക്ഫ്രൂട്ട്365 എന്ന ഉൽപന്നം പൊടിച്ച് കഞ്ഞി പോലെയാക്കി കൊടുത്താണു സിഡ്നി സർവകലാശാല ഗവേഷണം നടത്തിയത്.

പഴുത്ത ചക്കയല്ല, പച്ച ചക്കയാണ് കഴിക്കുന്നതെന്നു പ്രത്യേകം ശ്രദ്ധിക്കുക. പ്രമേഹ രോഗികൾ ചക്ക കഴിക്കരുതെന്നു പറയാറുണ്ട്. പക്ഷേ പഴുത്ത ചക്കയാണു കഴിക്കരുതാത്തത്. പച്ച ചക്ക കൊണ്ടുള്ള പുഴുക്ക് കഴിക്കാം. പച്ച ചക്കയിൽ പഴുത്തതിന്റെ അഞ്ചിലൊന്ന് പഞ്ചസാര മാത്രമേയുള്ളുവെന്നതാണു കാരണം.

ചക്കയുടെ ഗുണങ്ങൾ അതുകൊണ്ടൊന്നും തീരുന്നില്ല. ചക്കയിൽ ഫൈബർ (നാരുകൾ) ധാരാളമുള്ളതിനാൽ സുഖശോധനയുണ്ടാകും. കുടലിന് ഉത്തമം. വീട്ടിൽ പ്ലാവുണ്ടെങ്കിൽ ആയുസ് പത്തു വയസ്സ് കൂടുമെന്ന ചൊല്ലിന് ഇതും കാരണമാണ്. ചക്കപ്പുഴുക്കു കഴിക്കുന്നതിനാൽ പ്രമേഹം കൂടുന്ന പ്രശ്നമില്ല, കുടൽ എപ്പോഴും കഴുകി വൃത്തിയാക്കിയതു പോലെ ഇരിക്കുന്നതിനാൽ കുടൽ സംബന്ധമായ അസുഖങ്ങൾ വരില്ല. മറ്റു പഴങ്ങളേക്കാൾ അസിഡിറ്റിയും തീരെ കുറവ്.

ചക്ക കൊണ്ടുള്ള വ്യത്യസ്തമായ രണ്ടു വിഭവങ്ങൾ പരിചയപ്പെടാം

ചക്ക മാഹാത്മ്യത്തിന് ശാസ്ത്രീയ അടിത്തറ ഉണ്ടാക്കിയത് മൈക്രോസോഫ്റ്റിലെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജയിംസ് ജോസഫാണ്. കെഎസ്ഐഡിസിയിൽ നിന്നു വായ്പയെടുത്ത് ഓസ്ട്രേലിയയിലെ സിഡ്നി സർവകലാശാലയുടെ ഗവേഷണത്തിനായി ഉപയോഗിക്കുകയായിരുന്നു. വിവിധ ഭക്ഷണ പദാർഥങ്ങൾ കഴിക്കുമ്പോൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് എത്ര കണ്ട് വർധിക്കുന്നു എന്നതിന്റെ സൂചികയായ ഗ്ലൈസിമിക് ഇൻഡെക്സ് പഠനത്തിൽ ലോകത്തു തന്നെ ഒന്നാം സ്ഥാനമാണ് സിഡ്നി സർവകലാശാലയ്ക്കുള്ളത്. അവരുടെ പഠന റിപ്പോർട്ട് പച്ച ചക്ക കഴിച്ചാൽ പ്രമേഹം നിയന്ത്രിക്കാമെന്നതിന് ആധികാരികത നൽകുകയാണ്.

പച്ച ചക്കയിൽ അന്നജത്തിന്റെ അളവ് കുറവാണെങ്കിലും നാരുകളും ജലാംശവും കൂടുതലായതിനാൽ വയർ നിറയും, വിശപ്പുമാറും. പക്ഷേ പ്രോട്ടീനിന്റെ അളവും കുറവാണ്. അതിനാൽ ചക്കപ്പുഴുക്കു കഴിക്കുന്നത് മീൻകറിയുടെയോ, ഇറച്ചിക്കറിയുടെയോ കൂടെയാകുന്നതാണു മെച്ചം. സസ്യാഹാരികൾ പ്രോട്ടീൻ ധാരാളമുള്ള കടലക്കറിയോ, പയറോ, പരിപ്പുകറിയോ ചക്കപ്പുഴുക്കിന്റെ കൂടെ കഴിക്കുക. കൂടെയുള്ള കറികൾ ദിവസവും മാറാമെന്നതിനാൽ ചക്ക ബോറടിക്കില്ല.

ചോറോ, ചപ്പാത്തിയോ, ദോശയോ പോലെ പ്രധാന ഭക്ഷണത്തിനു പകരമായിട്ടാണു ചക്കപ്പുഴുക്കു കഴിക്കേണ്ടതെന്നു പ്രത്യേകം ശ്രദ്ധിക്കുക. ചോറിന്റെ കൂടെ ഉപദംശമായിട്ടല്ല. ദിവസം ഒരു നേരം കഴിച്ചാൽ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ കുറവു വരുമെന്നതിനാൽ പ്രമേഹത്തിന്റെ മരുന്നുകളോ, ഇൻസുലിനോ എടുക്കുന്നവർ ഡോക്ടറെ അറിയിക്കേണ്ടതാണ്. ചക്കയുടെ കൂടെ മരുന്നോ ഇൻസുലിനോ ചേർന്നു ഷുഗർ അളവ് തീരെ കുറഞ്ഞു ഹൈപ്പോഗ്ലൈസീമിയ വരാതിരിക്കാനാണിത്.

പരീക്ഷണാർഥം ചക്കപ്പുഴുക്കു കഴിച്ചവർക്കെല്ലാം ഷുഗർ കുറയുകയും അതിനാൽ മരുന്നുകളോ ഇൻസുലിനോ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ചെലവും അതനുസരിച്ചു കുറയുന്നു. പൂർണമായും നിയന്ത്രണവിധേയമായവരേറെ. പറമ്പിലുള്ള ഭക്ഷണം ഉപേക്ഷിച്ചിട്ടാണ് മറ്റു വിഭവങ്ങൾ കഴിച്ചു മലയാളികൾ പ്രമേഹം വരുത്തി വയ്ക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രമേഹം വന്നവർക്കും പറമ്പിലെ ചക്കയുടെ പുഴുക്ക് മതി, വിലയേറിയ മരുന്നുകളും ഇൻസുലിനും ഒഴിവാക്കാം. കിലോ അഞ്ചു രൂപ മാത്രമാണു ചക്കയ്ക്ക്.

കേരളത്തിൽ വർഷം 600 കോടിയുടെ ചക്ക ഉണ്ടാകുന്നുവെന്നാണ് ഏകദേശ കണക്ക്. അതു മുഴുവൻ പ്രയോജനപ്പെടുത്തിയാൽ കേരളത്തിന്റെ പഞ്ചാരപ്രശ്നത്തിനു പരിഹാരമാവും. ചക്ക കർഷകനു വിലയും കിട്ടും. ഇടിച്ചക്കയും കടച്ചക്കയും മറ്റും കറിക്കുമാത്രമായി ഉപയോഗിക്കുന്നതിനാൽ ഇതിൽ ഉൾപ്പെടുന്നില്ല. പുഴുക്ക് ഉണ്ടാക്കാൻ കഴിയുന്ന വരിക്കച്ചക്കയോ, കൂഴച്ചക്കയോ ഏതുമാവാം.