ജീവിതം മടുത്തുവെന്ന് ഇനി പറയരുതേ...

ജീവിതം മടുത്ത് എങ്ങനെയെങ്കിലും എല്ലാം ഒന്നവസാനിച്ചാൽ മതി എന്നു നിരാശപ്പാറുണ്ടോ എപ്പോഴെങ്കിലും? എങ്കിൽ ഒന്നോർത്തുകൊള്ളൂ, നിങ്ങൾ വലിയ രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്. നിരാശയിൽനിന്നാണ് ശരീരം കടുത്ത രോഗങ്ങൾക്ക് അടിമപ്പെടുന്നത്.

എപ്പോഴും പോസിറ്റീവ് ആയി മാത്രം ചിന്തിക്കുന്നവർക്ക് ദീർഘായുസ്സുണ്ടാകുമെന്നാണ് യുഎസിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, തുടങ്ങിയ പല രോഗങ്ങളെയും പോസിറ്റീവ് ചിന്തകൾ കൊണ്ട് വലിയൊരു പരിധിവരെ ചെറുത്തുനിൽക്കാനാകുമെന്ന് ഡോക്ടർമാർ പറയുന്നു. മനസിന്റെ ആരോഗ്യമാണ് ശരീരത്തിന്റെ പ്രതിരോധശേഷിയെ നിലനിർത്തുന്ന നിർണായകഘടകം.

പോസിറ്റീവ് ആയി മാത്രം ചിന്തിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ പ്രതിരോധശേഷി ഉള്ളതായി ഡോക്ടർമാർ തെളിയിച്ചിരിക്കുന്നു. വിവിധ പ്രായത്തിലുള്ള, വ്യത്യസ്ത മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെപ്പേരിൽനടത്തിയ സർവേയിൽനിന്നാണ് ഈ നിഗമനം.

അതുകൊണ്ട് നിങ്ങളും ജീവിതത്തിൽ പോസിറ്റീവ് ആയി മാത്രം ചിന്തിക്കാൻ ശീലിക്കുക. നല്ല സൗഹൃദങ്ങളും വിനോദങ്ങളും നിങ്ങളുടെ മനസിനെ പോസിറ്റീവ് ആയി നിലനിർത്തും. നിഷേധാത്മകചിന്തകളെ പൂർണമായും അകറ്റിനിർത്തുക. ഈശ്വരവിശ്വാസം അതിനു നിങ്ങളെ സഹായിക്കുമെങ്കിൽ ആരാധനാലയങ്ങളിൽ പോകുന്നത് ശീലമാക്കുക.