Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരിച്ചറിയാം വിഷാദവും സങ്കടവും

depression

വിഷാദവും സങ്കടവും ഒന്നല്ല. സങ്കടം വന്നുപോകും. വിഷാദം നിലനിൽക്കും. ഇതാ വാർധക്യത്തിലെ വിഷാദത്തെ നേരിടാൻ പ്രായോഗികമാർഗങ്ങൾ

ടെലിവിഷനിലെ സീരിയലുകൾ വിടാതെ കണ്ടിരുന്ന, തമാശ കേട്ട് പൊട്ടിച്ചിരിച്ചിരുന്ന വര്‍ഗീസിന്റെ മാറ്റം പ്രകടമായിരുന്നു. വയസ്സ് എഴുപത്തഞ്ചാണെങ്കിലും ഒരു വർഷം മുമ്പു വരെ ഉത്സാഹവാനായിരുന്നു. പക്ഷേ സാഹചര്യം മാറി. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടു സഹോദരങ്ങൾ നഷ്ടമായി. അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും അപകടത്തിൽ മരണപ്പെട്ടു. ഈ സംഭവങ്ങളാകണം വർഗ്ഗീസിന്റെ സന്തോഷത്തിന് വിരാമമിട്ടത്.

ഇടയ്ക്കിടെ അദ്ദേഹം പറയും – ‘‘ എന്തിനു നിങ്ങൾക്കൊക്കെ ഭാരമായി ഞാൻ ഇങ്ങനെ ജീവിച്ചിരിക്കണം. എന്റെ ജീവിതം കൊണ്ട് ഇനി എന്തു പ്രയോജനമാണുളളത്. എനിക്കിനി ഒരാഗ്രഹം മാത്രമേയുളളൂ, എത്രയും പെട്ടെന്ന് അങ്ങു പോകണം.’’ ഏകമകൾ അച്ഛനോടുളള അതിയായ സ്നേഹം കൊണ്ട് ആഴ്ചയിലൊരിക്കൽ അച്ഛന്റെ അടുത്തെത്തും. പക്ഷേ അതും അദ്ദേഹത്തിന് വിഷമമാണ്. ഇവർക്കെല്ലാം താൻ ഒരു ഭാരമാണല്ലൊ എന്ന ആശങ്ക.വാർധക്യത്തിലെ വിഷാദരോഗം 50 മുതൽ 80 ശതമാനം വൃദ്ധജനങ്ങളെയും ബാധിക്കുവാൻ സാധ്യതയുളള ഒന്നാണ്.

വിഷാദലക്ഷണങ്ങൾ

വിഷാദവും സങ്കടവും രണ്ടാണ്. സങ്കടം വന്നു പോകും. വിഷാദം നിലനിൽക്കും. മറ്റുളളവരുമായി സംസാരിക്കാൻ താൽപര്യമില്ലാതാകുക, ഉറക്കക്കുറവ്, മുമ്പ് പ്രിയപ്പെട്ടതായിരുന്ന ഭക്ഷണം, ഉത്സാഹത്തോടെ ചെയ്തിരുന്ന പ്രവൃത്തികൾ എന്നിവ ഉപേക്ഷിക്കുക, ഉറങ്ങുവാൻ ബുദ്ധിമുട്ട്, പകൽ സമയം കൂടുതലായി ഉറങ്ങുക, തന്നെക്കൊണ്ട് ഇനി ഉപയോഗമില്ലെന്ന ചിന്ത ഇതെല്ലാം വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ കാണുന്ന ഒരാൾ ദേഷ്യഭാവത്തോടെ ബന്ധുക്കളോട് ഇടപെടുകയും അതോടൊപ്പം ഭക്ഷണം കഴിക്കുവാനും കുളിക്കുവാനും ഒന്നിനും തന്നെ താൽപര്യം കാട്ടാതിരിക്കുകയും ചെയ്താൽ വിഷാദരോഗത്തിനുളള ചികിത്സ തേടണം.

എന്തുകൊണ്ട് വരുന്നു?

ഗുരുതരമായ എന്തെങ്കിലും രോഗം കാരണമുളള വേദന, ഏകാന്തവാസം, മരണത്തെക്കുറിച്ചോ അല്ലെങ്കിൽ രോഗങ്ങളെക്കുറിച്ചോ ഉളള ഭയം, ഏറ്റവും അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മരണം ഇതെല്ലാം ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്.

ഒാർമക്കുറവ്, അൽസ്ഹൈമേഴ്സ് ഡിസീസ്, തൈറോയ്ഡ് ഹോർമോൺ വ്യതിയാനങ്ങൾ, രക്തത്തിലെ വിറ്റമിൻ ബി12 വിന്റെ അഭാവം, പാർക്കിൻസൺസ് രോഗം, ശരിയായി ചികിത്സിക്കാത്ത പ്രമേഹം, ഹൃദ്രോഗം എന്നിവ മൂലമുളള രോഗലക്ഷണങ്ങൾ മാനസികമായി തളർത്തുന്നത് വിഷാദകാരണമാകാം. ചില മരുന്നുകൾ ചിലരിൽ വിഷാദമുണ്ടാക്കാം. ഉദാഹരണത്തിന് രക്തസമ്മർദ്ദ ചികിത്സയ്ക്കുപയോഗിക്കുന്ന ക്ലോണിഡിൻ, അറ്റനലോൾ, റിസർപിൻ എന്നിവ അപൂർവം ചിലരിൽ വിഷാദരോഗത്തിനു കാരണമാകാം. അങ്ങനെയുളള ഒൗഷധങ്ങൾ തിരിച്ചറിഞ്ഞാൽ മറ്റു പാര്‍ശ്വഫലങ്ങളില്ലാത്ത ഒൗഷധങ്ങളിലേക്ക് മാറുകയാകും നല്ലത്.

മദ്യവും വിഷാദവും

മദ്യം ആദ്യമൊക്കെ വിഷാദം കുറയ്ക്കുന്നതായി തോന്നാം. എന്നാൽ കാലക്രമത്തിൽ അത് വിഷാദരോഗത്തെ കൂടുതൽ ഗുരുതരമാക്കി മാറ്റുന്നു. അത് ഒാർമയെ ബാധിക്കുന്നു. രോഗിയെ കൂടുതൽ ദേഷ്യസ്വഭാവമുളളയാളാക്കി മാറ്റുന്നു. സംസാരിക്കുവാനും നടക്കുവാനും ബുദ്ധിമുട്ടു വർദ്ധിക്കുന്നു.

എങ്ങനെ പരിഹരിക്കാം

ആവശ്യത്തിന് ഉറക്കം: കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക. ഒൻപത് മണിക്കൂറായാലും കുഴപ്പമില്ല. മനസ്സിന്റെ ആരോഗ്യം വർധിക്കാൻ ഉറക്കം നല്ല മരുന്നാണ്. നന്നായി ഉറങ്ങുന്നവരിൽ വിഷാദം കുറഞ്ഞു വരുന്നതായി കാണുന്നു.

വ്യയാമം: വിഷാദത്തിനുപയോഗിക്കുന്ന മരുന്നുകൾക്കു തുല്യം ഗുണം ചെയ്യുന്നു വ്യായാമം. അതി കഠിനമായ വ്യായാമം വേണ്ട. പ്രായവും ആരോഗ്യസ്ഥിതിയും മാനിച്ച് സുരക്ഷിതമായതു മതി.

സൗഹൃദങ്ങൾ: സൗഹൃദങ്ങൾ മനസ്സിന് ഉണർവു നൽകും. പുതിയ സൗഹൃദങ്ങൾ രൂപപ്പെടുത്താൻ പ്രായം തടസ്സമല്ല. അത് എപ്പോൾ വേണമെങ്കിലും ആകാം. ഒാർക്കുക പുതിയ വിഷയങ്ങൾ പഠിക്കുവാനോ പുത്തൻ അറിവുകള്‍ നേടാനോ ബിരുദങ്ങൾ നേടാനോ പ്രായം ഒരിക്കലും തടസ്സമല്ല. മനസ്സു മാത്രമാണ് തടസ്സമാകുന്നത്. അതിനെ അതിജീവിക്കുക.

ആരോഗ്യമുളള ഭക്ഷണരീതി: പഞ്ചസാരയും കൊഴുപ്പും കുറയ്ക്കുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം വിറ്റാമിനുകളും കാത്സ്യം ഗുളികകളും കഴിക്കാം.

ചിരിക്കുക: ഉറക്കെ ചിരിക്കുക. നമുക്ക് ഏറ്റവും സന്തോഷമുളള കാര്യങ്ങളിൽ ഏർപ്പെടുക. നർമ്മരസമുളള കഥകളോ സിനിമകളോ കാണാം.

ഇതൊന്നും പ്രയോജനകരമായി തോന്നുന്നില്ലെങ്കിൽ ഒരു സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ കാണുക.

വയസ്സ് പതിനേഴോ തൊണ്ണൂറോ ആണെങ്കിലും സുഖ ദുഃഖസമ്മിശ്രമാണ് ജീവിതം. വാർധക്യത്തിൽ ദുഃഖം മാത്രമേയുളളൂ എന്ന ചിന്ത ഉപേക്ഷിക്കുക. എന്നെ ആർക്കും വേണ്ട എന്ന ചിന്ത വേണ്ട. സന്തോഷങ്ങളെ തിരിച്ചറിയുവാനും കണ്ടെത്തുവാനും കഴിയണം. ജീവിതത്തെ ഉത്സാഹപൂർവം ആഘോഷിക്കുക. അസുഖകരമായ ചിന്തകൾ കൈവെടിയുക.

ഡോ.ജ്യോതിദേവ് കേശവദേവ്

ജ്യോതിദേവ്സ് ഡയബറ്റിസ് സെന്റർ,

തിരുവനന്തപുരം

Your Rating: