പുനലൂർ സ്വദേശി അരുൺ നാസറിന് വീടിനെക്കുറിച്ച് ലളിതമായ ആഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന ചെറിയ കുടുംബത്തിനിണങ്ങുന്ന വീട്. വീടുപണി ഏറ്റെടുത്ത ഹാബിറ്റാറ്റിലെ പ്രോജക്ട് എൻജിനീയറായ നവീൻലാലിനോട് ഒരു കാര്യം പറയാൻ മറന്നില്ല; സമീപത്തുള്ള പ്ലോട്ടുകളിലെല്ലാം പുതിയ വീടുകൾ വരുന്നുണ്ട്. അതിനാൽ വീട്ടുകാരുടെ സ്വകാര്യതയെ മുൻനിർത്തിയായിരിക്കണം ഡിസൈൻ.
∙ നാലര സെന്റാണ് പ്ലോട്ടിന്റെ വിസ്തീർണം. സ്ഥലത്തിന്റെ സവിശേഷതകൾക്കനുസരിച്ചാണ് വീട് ഡിസൈൻ ചെയ്തത്.
∙ ഇന്റർലോക്ക് മൺകട്ടകൾ ഉപയോഗിച്ചാണ് ഭിത്തി നിർമിച്ചത്. കട്ട ഒന്നിന് 26 രൂപയായി.
∙ അൽപം ചരിച്ചാണ് മുൻവശത്തെ ജനാലകൾ നൽകിയത്. വീടിനു മുന്നിലൂടെ പോകുന്നവരിൽ നിന്ന് ഉള്ളിലെ കാഴ്ചകൾ മറയ്ക്കാനാണ് ഇങ്ങനെ ചെയ്തത്.
∙ രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള, സ്വീകരണമുറി എന്നിവയാണ് ഈ ഒറ്റനില വീട്ടിൽ ഉൾക്കൊള്ളിച്ചത്. ടെറസിലേക്ക് പോകാൻ കോണിപ്പടിയുമുണ്ട്. പച്ച, വെള്ള നിറങ്ങളാണ് ഇന്റീരിയറിൽ പൊതുവായി ഉപയോഗിച്ചത്.
∙ സ്റ്റീൽ ജനാലകളാണ് നൽകിയത്. തടി ഉപയോഗിക്കുന്നതിന്റെ 30 ശതമാനം ചെലവേ ഇവയ്ക്കുള്ളു.
∙ മുൻവശത്തെ ജനാലകൾക്ക് മുന്നിൽ ഫ്ലവർബെഡ് നൽകിയിട്ടുണ്ട്.
∙ ഭിത്തികൾ പുറംഭാഗത്ത് തേച്ചിട്ടില്ല. ഉൾഭാഗം പ്ലാസ്റ്റർ ചെയ്തിട്ടുണ്ട്.
∙ ഫില്ലര്‍ സ്ലാബ് വച്ചാണ് മേൽക്കൂര വാർത്തിരിക്കുന്നത്.
∙ ഹാളിലെയും കിടപ്പുമുറിയിലെയും ജനാലകൾക്ക് തടി ഉപയോഗിച്ച് ബേവിൻഡോ നൽകി.
∙ സ്വീകരണമുറിയിൽ നിഷ് സ്പേസ് നൽകി ക്യൂരിയോസ് വച്ചിട്ടുണ്ട്.
∙ ഓപൻ ശൈലിയിലാണ് അടുക്കള ഡിസൈൻ ചെയ്തത്. കാബിനറ്റുകൾക്ക് മൾട്ടിവുഡ് ഉപയോഗിച്ചു. കബോർഡുകളും മൾട്ടിവുഡ് കൊണ്ടാണ് ചെയ്തത്. ഇവയ്ക്കും പച്ച, വെള്ള നിറങ്ങൾ നൽകി.
∙ പ്രധാനവാതിലിന് മാത്രം തേക്ക് ഉപയോഗിച്ചു. ഇന്റീരിയറിൽ നൽകിയ റെഡിമെയ്ഡ് വാതിലുകൾക്ക് 2,500–3,000 രൂപയായി.
∙ കോണിപ്പടിക്ക് സ്റ്റീൽ റെയ്‌ലിങ് നല്‍കി. ലാൻഡിങ്ങിലെ ഭിത്തിയിൽ ജാളിവർക് ചെയ്തിട്ടുണ്ട്.
∙ ഫ്ലോറിങ്ങിന് വിട്രിഫൈഡ് ടൈലുകൾ ഉപയോഗിച്ചു.
Project Facts
Area: 1000 Sqft
Engineer: നവീൻലാൽ
ഹാബിറ്റാറ്റ് ടെക്നോളജീസ്, കൊല്ലം
habitatplr@gmail.com
Location: പുനലൂർ
Year of completion: ജൂലൈ, 2016
Cost: 14 ലക്ഷം