Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു തരി കോൺക്രീറ്റ് പോലും കാണാനില്ല! ഇതാണ് പ്രകൃതിവീട്

thanal-eco-friendly-homes തനത് ഗൃഹനിർമാണ രീതികൾ തിരികെ പിടിക്കാൻ ശ്രമിക്കുന്ന തണൽ എന്ന കൂട്ടായ്മയുടെ വിശേഷങ്ങൾ.

കോൺക്രീറ്റും കോൺട്രാക്ടറുമൊക്കെ ഉണ്ടായിട്ട് എത്രകാലമായി. ഏറിയാൽ എൺപതോ തൊണ്ണൂറോ വർഷം. അതിനു മുൻപത്തെ വീടുകളോ..? വീട്ടുകാരുടെയും അയൽക്കാരുടെയും കൂട്ടായ്മയിലായിരുന്നു ഓരോ വീടുകളുടെയും പിറവി. മിക്ക ഗ്രാമങ്ങൾക്കുമുണ്ടായിരുന്നു അവരുടേതായ നിർമാണവിദ്യകൾ... പ്രതിഭാവിലാസങ്ങള്‍. ഇന്നോ..? 

തനത് ഗൃഹനിർമാണവിദ്യകൾ തിരികെപ്പിടിക്കാൻ ശ്രമിക്കുകയാണ് ‘തണൽ’ എന്ന കൂട്ടായ്മ; പാരമ്പര്യവിജ്ഞാനം സമാഹരിക്കുകയും മറ്റുള്ളവരിലേക്കു പകരുകയും ചെയ്തുകൊണ്ട്.

ആർക്കിടെക്ട് ബിജു ഭാസ്കറിന്റെ നേതൃത്വത്തിൽ 2011 ലാണ് തണല്‍ പിറവിയെടുക്കുന്നത്. ബയോഇൻഫർമാറ്റിക്സിലെ ജോലിയുപേക്ഷിച്ചെത്തിയ ശ്രീരാമൻ ഗൗതമൻ, പ്രകൃതിസ്നേഹിയായ കല്ലാശാരി ചന്ദ്രൻ, മേൽക്കൂര മെടയുന്ന നാരായണസ്വാമി, ബിജു ഭാസ്കറിന്റെ ഭാര്യ സിന്ധു തുടങ്ങി സമാനചിന്താഗതിക്കാരായ ഒരുകൂട്ടം ആളുകളാണ് തണലിന്റെ ഊർജം.

മണ്ണിൽ മെനഞ്ഞ വീടുകൾ

തിരുവണ്ണാമലയിൽ രമണാശ്രമത്തിന് അടുത്തുള്ള പണ്ഡിതപ്പേട്ട് ഗ്രാമത്തിലാണ് തണലിന്റെ ആസ്ഥാനം. വരണ്ട മൊട്ടക്കുന്നിൽ പച്ചപ്പിന്റെ ഒരു കൂടാരം. ഗെയ്റ്റ് കടന്നാല്‍പ്പിന്നെ ഒരു തരി കോൺക്രീറ്റ് പോലും കാണാനില്ല! ബിജുവിന്റെ വീടായ ‘വ്യക്ഷ’ അടക്കം ഇവിടെയുള്ള കെട്ടിടങ്ങളെല്ലാം മണ്ണും മുളയും ഓലയുംകൊണ്ട് നിർമിച്ചവയാണ്. ഒരിടത്തും വാട്ടർ ടാങ്കിനുപോലും കോൺക്രീറ്റോ പ്ലാസ്റ്റിക്കോ ഉപയോഗിച്ചിട്ടില്ല!

soil-pillar

തനത് നിർമാണവിദ്യകളിലുള്ള ഗവേഷണവും വിവരസമാഹരണവും അടിസ്ഥാനമാക്കിയാണ് തണലിന്റെ പ്രവർത്തനം. ഈ അറിവുകള്‍ പ്രയോജനപ്പെടുത്തി പ്രകൃതിസൗഹാർദ വീടുകൾ നിർമിക്കാനുള്ള പരിശീലനവും നൽകും. അഞ്ച് വയസ്സുള്ള കുട്ടികൾക്കു മുതൽ ആർക്കിടെക്ടുമാർക്കു വരെയുള്ള പണിപ്പുരകൾ ഇതിൽ ഉൾപ്പെടും. തിരുവണ്ണാമലയിൽ മാത്രമല്ല, ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇവ സംഘടിപ്പിക്കാറുണ്ട്.

soil-interiors

പ്രകൃതിസൗഹാർദ വീടുകളുടെ നിർമാണത്തിൽ വിദഗ്ധ പരിശീലനം നൽകുന്ന തണൽ സ്കൂൾ ഓഫ് ആർക്കിടെക്ചർ ആണ് മറ്റൊരു ഉദ്യമം. വിരലിലെണ്ണാവുന്നവർക്കാണ് ഓരോ വർഷവും പ്രവേശനം. ക്ലാസ്മുറികളിലൂടെയല്ല, മൺവീടുകൾ നിർമിച്ചുതന്നെയാണ് പഠനം.

വീട് ഒരു സമ്മാനം

thanal-eco-friendly-home

വർഷം മൂന്നോ നാലോ വീടുകൾ. അത്രയേ തണൽ നിർമിക്കാറുള്ളു. പ്രതിഫലമായി പണം വാങ്ങാറില്ല. വേണമെങ്കിൽ വിത്തോ പണിയായുധങ്ങളോ നൽകാം. തണലിനെ സംബന്ധിച്ചിടത്തോളം പ്രകൃതിക്കുള്ള സമ്മാനമാണ് ഓരോ വീടുകളും.

soil-house-construction

ഫാം ഹൗസ്, അവധിക്കാല വസതി എന്നിവയൊന്നും തണൽ നിർമിക്കില്ല. നിലവിൽ വീടില്ലാത്തവർക്കായിരിക്കും മുൻഗണന.

soil-house-basement

താൽപര്യമുള്ള എല്ലാവർക്കും പഠനത്തിനും പരിശീലനത്തിനും അവസരം ലഭിക്കുംവിധമാണ് ഓരോ വീടും നിർമിക്കുക. നിർമാണത്തിൽ വീട്ടുകാരുടെ പങ്കാളിത്തവും നിർബന്ധമാണ്. അവനവന്റെ കൈമുദ്രകൾ പതിയുമ്പോഴേ വീടുമായി ആത്മബന്ധം രൂപപ്പെടൂ എന്നാണ് തണൽ മതം. ഒരാൾ വീട് നിർമിക്കാൻ പഠിച്ചു കഴിഞ്ഞാല്‍ പിന്നെ നാട്ടിലെ മറ്റു വീടുകളുടെ നിർമാണത്തിൽ സഹായിക്കാം. താൽപര്യമുള്ളവരെ പഠിപ്പിക്കുകയുമാകാം.

tourist-practising-soil-construction

നിർമാണത്തിൽ പങ്കാളിയാകാൻ ഓരോരുത്തരും പ്രാപ്തരാകുന്നതോടെ വീടുപണി സങ്കീർണമല്ലാതാകും. നഷ്ടപ്പെട്ട ലാളിത്യം വീണ്ടെടുക്കാനാകും. അതാണ് തണലിന്റെ സ്വപ്നം.