ഇടത്തരം കുടുംബങ്ങൾ ലൈക് ചെയ്യുന്ന വീട്

മലപ്പുറം ടൗണിൽ തന്നെയുള്ള 35 സെന്റ് പ്ലോട്ടിൽ 2850 ചതുരശ്രയടിയിലാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്.

എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ കന്റംപ്രറി വീടുകൾ ഇത്രയധികം നിർമിക്കപ്പെടുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? വളരെ വേഗം ആവർത്തിക്കപ്പെടുന്ന കാഴ്ചയായി മാറിയെങ്കിലും ഉപയുക്തത കൂടുതലും പരിപാലനം താരതമ്യേന കുറവ് മതി എന്നതുമായിരിക്കാം അതിനു കാരണം. പല ശൈലികൾ അനായാസമായി സമന്വയിപ്പിക്കാം എന്നതും കന്റെംപ്രറി ശൈലിക്ക് പ്രിയമേകി.

മലപ്പുറം ടൗണിൽ തന്നെയുള്ള 35 സെന്റ് പ്ലോട്ടിൽ 2850 ചതുരശ്രയടിയിലാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്. കന്റെംപ്രറി- ട്രഡീഷണൽ ശൈലിയുടെ മിശ്രണമാണ് എലിവേഷനിൽ കാണാൻ കഴിയുക. പല തട്ടുകളായി നിർമിച്ച സ്ലോപ് റൂഫുകളാണ് വീടിന്റെ പുറംകാഴ്ചയ്ക്ക് എടുപ്പ് നൽകുന്നത്. ഷിംഗിൾസാണ് മേൽക്കൂരയ്ക്ക് അഴക് പകരുന്നത്. മുറ്റം വൃത്തിയായി ലാൻഡ്സ്കേപ് ചെയ്തിട്ടുണ്ട്.

അധികം കടുംനിറങ്ങളൊന്നും ഇന്റീരിയറിൽ നൽകിയിട്ടില്ല. വൈറ്റ്+ വാം ടോൺ തീം അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു. വെള്ള നിറത്തിനു വേർതിരിവ് നൽകാൻ ലൈറ്റ് ഗ്രീൻ നിറവും ഇന്റീരിയറിൽ കലാപരമായി മിശ്രണം ചെയ്തിട്ടുണ്ട്. സ്വീകരണമുറിയിൽ വുഡൻ ഫിനിഷ് ടൈലുകൾ പാകിയത് പ്രൗഢി പകരുന്നു. ബാക്കിയിടങ്ങളിൽ വിട്രിഫൈഡ് ടൈലുകളാണ് ഫ്ളോറിങ്ങിന് ഉപയോഗിച്ചത്.

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. ഇതിനു സമീപം വാഷ് ഏരിയ ക്രമീകരിച്ചു. ഇതിനു മറുവശത്ത് ഗോവണിയിലേക്ക് പ്രവേശിക്കുന്ന ഭാഗമാണ്. അതിനാൽ പ്രൈവസി നൽകാനായി ഒരു ഭിത്തി ഇടയിൽ നിർമിച്ചു. അതിൽ ക്ലാഡിങ് ടൈലുകൾ പാകി ഹൈലൈറ്റ് ചെയ്തതോടെ ഹാളിലെ ശ്രദ്ധാകേന്ദ്രം തന്നെ ഈ ഭിത്തിയായി. 

തടി കൊണ്ടാണ് സ്‌റ്റെയർകേസ്. തടിയും ഗ്ലാസും കൈവരികളിൽ നൽകി. ഗോവണിയുടെ ആദ്യ ലാൻഡിങ്ങിനു മുകളിൽ ഡബിൾ ഹൈറ്റിൽ സ്‌കൈലൈറ്റുകൾ നൽകിയിട്ടുണ്ട്. ഇതിലൂടെ പ്രകാശം സമൃദ്ധമായി അകത്തളങ്ങളിലേക്കെത്തുന്നു.

അഞ്ചു കിടപ്പുമുറികളാണ് വീട്ടിൽ. ലളിതവും സൗകര്യപ്രദവുമായി മുറികൾ ഒരുക്കിയിരിക്കുന്നു. മിനിമൽ ശൈലിയിൽ ജിപ്സം ഫോൾസ് സീലിങ്ങും മുറികളിൽ നൽകിയിട്ടുണ്ട്.

സൗകര്യപ്രദമായ അടുക്കള. നാനോവൈറ്റാണ് പാതകത്തിനു നൽകിയത്. പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കി. 

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Malappuram Town

Area- 2850 SFT

Plot- 35 cent

Owner- Nishad

Designer- Asar Juman

AJ Designs, Manjeri

ajdesignsmanjeri@gmail.com

Mob- 9633945975

Completion year- 2017

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ...