കാഴ്ചയിൽ മാത്രമല്ല സൗകര്യത്തിലും കേമൻ

ഒരു ഫങ്ഷണൽ വീടിന്റെ എല്ലാ സാധ്യതകളും ഇവിടെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

മലപ്പുറം മോങ്ങം എന്ന സ്ഥലത്ത് 33 സെന്റിൽ 3000 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്. കന്റെംപ്രറി+ മോഡേൺ മിശ്രശൈലിയിലാണ് ഡിസൈൻ. ഫ്ലാറ്റ്- സ്ലോപ് റൂഫുകളുടെ സങ്കലനമാണ് പുറംകാഴ്ചയെ വ്യത്യസ്തമാക്കുന്നത്. വൈറ്റ്, യെലോ, ഓറഞ്ച് നിറങ്ങൾ പുറംഭിത്തിയിൽ ഹാജർ വച്ചിരിക്കുന്നു. ഇതിനു വേർതിരിവ് നൽകുന്നതിനായി ക്ലാഡിങ് ടൈലുകളും പതിച്ചിട്ടുണ്ട്. ബാംഗ്ലൂർ സ്‌റ്റോൺ കൊണ്ടാണ് മുറ്റം ഉറപ്പിച്ചത്.

അനാവശ്യ പാർടീഷനുകൾ ഇല്ലാത്ത ഓപ്പൺ ശൈലിയിലുള്ള അകത്തളങ്ങൾ കൂടുതൽ സ്ഥലലഭ്യതയും വെന്റിലേഷനും നൽകുന്നു. ഗോവണി, ഫാമിലി ലിവിങ്, ഡൈനിങ് എന്നിവയെല്ലാം ഹാളിന്റെ ഭാഗമാണ്. ഫോർമൽ ലിവിങ് സ്വകാര്യത നൽകി ഒരുക്കി. 

ഹാളിന്റെ ഒത്തനടുക്കായി ഡബിൾ ഹൈറ്റ് ഭിത്തിയും മുകളിൽ സ്‌കൈലൈറ്റുകളും നൽകി. സ്‌കൈലൈറ്റുകൾക്ക് വെനീർ പാനലിങ് കലാപരമായി നൽകി. ഇതിലൂടെ പ്രകാശം സമൃദ്ധമായി അകത്തളങ്ങളിലേക്കെത്തുന്നു. താഴെ നിന്നും മുകളിലേക്കുള്ള കാഴ്ചയും മനോഹരമാണ്.

ഫോൾസ് സീലിങ് അകത്തളങ്ങളിൽ കുത്തിനിറയ്ക്കാൻ ശ്രമിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പൊതുവെ വൈറ്റ് തീമിലാണ് അകത്തളങ്ങൾ. എന്നാൽ ഇടങ്ങളെ വേർതിരിക്കാനായി ചില ഭിത്തികളിൽ ഹൈലൈറ്റർ നിറങ്ങൾ നൽകിയതും രസകരമാണ്. നാനോവൈറ്റ് ടൈലുകളാണ് പ്രധാന ഇടങ്ങളിൽ നൽകിയത്. കിടപ്പുമുറിയിൽ ഗ്രാനൈറ്റ് വിരിച്ചു.

പ്ലൈ+ വെനീർ കൊണ്ടാണ് ഫർണിച്ചറുകൾ. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഊണുമുറിക്കും അടുക്കളയ്ക്കും മധ്യത്തിലായി സ്‌റ്റഡി ഏരിയ ക്രമീകരിച്ചു. വൈറ്റ് തീമിലാണ് ഏരിയ. മൾട്ടിവുഡ് കൊണ്ട് കബോർഡുകളും മേശയും സജ്ജീകരിച്ചു.

സ്‌റ്റെയിൻലെസ്സ് സ്‌റ്റീൽ, വെനീർ എന്നിവകൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണി കയറി എത്തുന്നത് വിശാലമായ അപ്പർ ഹാളിലേക്കാണ്. ഇവിടെയും ലിവിങ് സ്‌പേസ് ഒരുക്കിയിട്ടുണ്ട്.

അഞ്ചു കിടപ്പുമുറികളാണ് വീട്ടിൽ. ലളിതവും സൗകര്യപ്രദവുമായ കിടപ്പുമുറികൾ. കിഡ്സ് റൂം വർണാഭമായാണ് ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും ഇവിടെ നൽകി. 

കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ കിട്ടാനായി മാസ്റ്റർ ബെഡ്‌റൂമിൽ നിന്നും കിഡ് റൂമിലേക്ക് ഒരു എൻട്രിയും പ്രത്യേകമായി നൽകിയിട്ടുണ്ട്.

മോഡേൺ അടുക്കള. മോഡുലാർ സ്ററൗവിനൊപ്പം ടിവി യൂണിറ്റും ഇവിടെ സജ്ജീകരിച്ചു. ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും നൽകിയിട്ടുണ്ട്. സമീപം വർക്ക് ഏരിയ. 

സ്ഥലഉപയുക്തത നൽകുന്ന അകത്തളങ്ങൾ. ക്രോസ് വെന്റിലേഷൻ ചെയ്തിരിക്കുന്ന ഇവിടെ ചൂടും വളരെ കുറവാണ്. ചുരുക്കത്തിൽ ഒരു ഫങ്ഷണൽ വീടിന്റെ എല്ലാ സാധ്യതകളും ഇവിടെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Mongam, Malappuram

Area- 3000 SFT

Plot- 33 cent

Owner- Noushad

Designer- Shameer Babu

Shameer Associates, Manjeri

Mob- 7510600504