രണ്ടര സെന്റിലെ സൂപ്പർ വീട്

പരിമിതമായ സ്ഥലത്ത് ഒരു കടമുറിയടക്കം 2500 ചതുരശ്രയടിയിൽ പണിതീർത്ത മൂന്നുനില വീട്

രണ്ടര സെന്റിൽ മൂന്നു നിലകളിലായി തീർത്തിരിക്കുന്ന ഇടപ്പള്ളിയിലുള്ള ഈ വീട്. ഇത്രയും കുറഞ്ഞ സ്ഥലത്തു പണിതിട്ടുപോലും അകത്തളത്തിനുള്ള വിസ്തൃതിയും സൗകര്യങ്ങളുമാണ് ഈ വീടിനെ സവിശേഷമാക്കുന്നത്. സ്ഥലപരിമിതിയിൽ ഇത്തരമൊരു വീടൊരുക്കിയതിൽ ഡിസൈനർ ഷനിൽ ആന്റണിയുടെ അനുഭവപാടവം വ്യക്തമാക്കുന്നു.

ഭർത്താവും ഭാര്യയും രണ്ടു പെൺമക്കളുമുള്ള ചെറിയ കുടുംബമാണു വർഗീസ് വെമ്പിള്ളിയുടേത്. വീടിനോടു ചേർന്ന് മെഡിക്കൽ ഷോപ്പും ഉണ്ട്. വളരെ പരിമിതമായ സൗകര്യത്തിൽ അത്യാവശ്യ സൗകര്യങ്ങൾ മാത്രമുള്ള വീടായിരുന്നു അത്. മക്കളുടെ വിവാഹശേഷം കുടുംബം വലുതായപ്പോൾ സ്ഥലപരിമിതികൾ കാരണം പുതിയ വീടു നിർമിക്കാനുള്ള തീരുമാനത്തിൽ എത്തുകയായിരുന്നു. സ്ഥലമില്ലായ്കയ്ക്കൊപ്പം വീടിനകത്തെ വെളിച്ചമില്ലായ്‌മയും പ്രധാന പ്രശ്നമായിരുന്നു. 

മുറികൾക്കെല്ലാം വലുപ്പക്കുറവ്, സൗകര്യങ്ങൾ കുറഞ്ഞ അടുക്കളയും ഡൈനിങ് ഏരിയയും ചെറിയ ഹാൾ തുടങ്ങിയ പോരായ്മകൾ എല്ലാം മാറ്റി നടത്തിയിരുന്ന മെഡിക്കൽ ഷോപ്പ് നിലനിർത്തിക്കൊണ്ടുള്ള ഒരു പ്ലാൻ അതായിരുന്നു വീട്ടുടമയ്ക്കു വേണ്ടിയിരുന്നത്. 

തന്റെ ആവശ്യങ്ങളെല്ലാം ഡിസൈനറുമായി വീട്ടുടമ പങ്കുവച്ചു. നിലവിൽ രണ്ടു നിലയായിരുന്നു വീട്. അതു  പുതുക്കിയെടുക്കുന്നത് അത്ര പ്രയോഗികമായിരുന്നില്ല. എല്ലാ മുറികൾക്കും നിലവിൽ ഉള്ളതിലും കൂടുതൽ വലുപ്പം വേണം. മക്കൾ ഭർത്താക്കന്മാരുമായി വരുമ്പോൾ അവർക്കു പ്രത്യേകം മുറികൾ വേണം. മൊത്തത്തിൽ ഒരു മാറ്റിയെഴുത്ത് ആവശ്യമായിരുന്നു. അങ്ങനെ വീടു പൊളിച്ചു പണിയാം എന്ന തീരുമാനത്തിലെത്തി. 

സ്റ്റെയറിനോടു ചേർത്ത് ഒരുക്കിയിരിക്കുന്ന ഷോ കേസ് തന്നെയാണ് വീടിന്റെ ഹൈലൈറ്റ്

മെഡിക്കൽ സ്റ്റോർ നിലനിർത്തിക്കൊണ്ടു തന്നെയുള്ള പുതിയ വീടു ഡിസൈൻ വെല്ലുവിളി ഉയർത്തുന്നതായിരുന്നെങ്കിലും ഉടമയുടെ തൃപ്തിക്കനുസരിച്ചു മൂന്നു നില വരുന്ന വീടിന്റെ പ്ലാൻ വരച്ചു.

ഗ്രൗണ്ട് ഫ്ലോറിൽ മെഡിക്കൽ സ്റ്റോറും അതിനോടു ചേർന്നു വീടിന്റെ പ്രധാന വാതിലും ലിവിങ് റൂമും ഒരു കിടപ്പുമുറിയും തയാറാക്കി. വീടുടമസ്ഥരുടെ കൂടിവരുന്ന പ്രായത്തിനു പടികൾ കയറി ഇറങ്ങുന്നതു ബുദ്ധിമുട്ടാകുന്നത് ഇവിടെ പരിഗണിച്ചു. 

കിടപ്പുമുറിയിൽത്തന്നെ സ്റ്റഡി ഏരിയയും ഒരുക്കിയിരിക്കുന്നു

ഒന്നാം നിലയിൽ ഒരു ബെഡ്റൂമും അടുക്കളയും വർക്ക് ഏരിയയും ഡൈനിങ് ഏരിയയും ഒരുക്കി. അവിടെ നിന്നു മൂന്നാമത്തെ നിലയിലേക്ക് എത്തുമ്പോൾ രണ്ടു ബെഡ്‌റൂമും ഒരു സ്റ്റഡി റൂമും ആണ് ഉള്ളത്. ഒന്നാം നിലയ്ക്കും രണ്ടാം നിലയ്ക്കും ബാൽക്കണി സെറ്റ് ചെയ്തിട്ടുണ്ട്. 

2500 ചതുരശ്രയടി വീട് ഇന്റീരിയർ അടക്കം  50 ലക്ഷത്തിനാണു മുഴുവനായി പണി തീർത്തത്. അടുക്കള രണ്ടാം നിലയിൽ ആക്കാൻ ഉടമസ്ഥൻ സമ്മതിച്ചതുകൊണ്ടാണു മനോഹരമായി ഈ വീടു ഡിസൈൻ ചെയ്യാൻ സാധിച്ചതെന്നു ഷനിൽ പറയുന്നു. ഡിസൈ നിങ്ങിൽ സ്വാതന്ത്ര്യമാണ് ഡിസൈനറെ സംബന്ധിച്ചിടത്തോളം പലപ്പോഴും ലഭിക്കാത്തത്. അത്തരം സാഹചര്യത്തിൽ ഉടമസ്ഥന്റെ ഇഷ്ടങ്ങൾക്ക് അനുസൃതമായി വീട് ഡിസൈൻ ചെയ്യുകയാണു പതിവ്. എന്നാൽ ഈ വീടിന്റെ നിർമാണത്തിൽ പൂർണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു.

രണ്ടാം നിലയിലെ അടുക്കളയും അതിനോടു ചേർന്നുള്ള വർക്ക് ഏരിയയ്ക്കൊപ്പം തന്നെ വാഷിങ് മെഷീൻ ഫ്രിഡ്ജ് എന്നിവയ്ക്കായി ഒരുക്കിയിരിക്കുന്നു. ഗ്രൗണ്ട് ഫ്ലോറിൽ സ്റ്റെയർ കേസിന്റെ താഴെയാണ് ടിവി വച്ചിരിക്കുന്നത്. 

നമ്മൾ ചിന്തിക്കുന്ന പരിമിതികളൊന്നും ഒരു പരിമിതിയേ അല്ലെന്ന് ഈ വീട് ഓർമിപ്പിക്കുന്നു.