ഒരു കഷണം മരം പോലും ഉപയോഗിച്ചിട്ടില്ല! 14 ലക്ഷത്തിനു വീട് റെഡി

ഒരു കഷണം മരം പോലും ഉയോഗിക്കാതെ ജിപ്സം ബോർഡിൽ 14 ലക്ഷത്തിനു അഞ്ചു സെന്റിൽ പണിതീർത്ത 950 ചതുരശ്രയടി വീട്.

കോട്ടയത്തു വന്നു താമസിക്കുന്നവരാണ് ചാലക്കുടിക്കാരായ സുരേഷ് കെ. ‍ഡിയും കുടുംബവും. കോട്ടയത്തു സ്പെയർ പാർട്സ് ബിസിനസ് നടത്താൻ തുടങ്ങിയ കാലം മുതൽ വാടകയ്ക്കാണു താമസിച്ചിരുന്നത്. സ്വന്തം നാടല്ലല്ലോ എന്നോർത്തു വാടകവീടുകളിൽ താമസിച്ചു. എന്നാൽ കോട്ടയത്തെ സ്നേഹിച്ചു തുടങ്ങിയപ്പോൾ വിട്ടുപോരാൻ മടിയായി. അങ്ങനെയാണു സുരേഷും കുടുംബവും സ്വന്തമായൊരു വീടിനു മുളങ്കുഴയിൽ അഞ്ചു സെന്റ് സ്ഥലം വാങ്ങിയിടുന്നത്.

അധികച്ചെലവ് ഇല്ലാതെ വീടുപണിയണമെന്ന നിർബന്ധം സുരേഷിന് ഉണ്ടായിരുന്നു. ഭാര്യ മിനിയും രണ്ട് ആൺകുട്ടികളും അടങ്ങുന്ന കുടുംബത്തിന് ഒരു കൊച്ചു വീടായിരുന്നു ലക്ഷ്യം. ജിപ്സം ബോർഡിൽ വീടുപണിയുന്നതു ചെലവു കുറവാണെന്ന് അറിയാൻ ഇടയായപ്പോഴാണ് ആ വഴിക്ക് അന്വേഷണം തുടങ്ങിയത്. അങ്ങനെ ജിപ്‌സം ബോർഡിൽ വീടു പണിയുന്ന കോൺട്രാക്ടർ പ്രിൻസ് ജേക്കബിനെ പരിചയപ്പെട്ടു. പ്രിൻസ് പണിത വീടുകളും പോയി കണ്ടപ്പോഴേക്കും ഇതുമതിയെന്നു തന്നെ  ഉറപ്പിച്ചു.

ഉടമസ്ഥന്റെ ആവശ്യങ്ങൾ അനുസരിച്ചു പ്ലാൻ വരച്ചു. അഞ്ചു സെന്റ് സ്ഥലത്തു 950 ചതുരശ്രയടി വീട്. കൃത്യമായി പ്ലാനിങ് നടത്തി 14 ലക്ഷം രൂപ ബജറ്റും വച്ചു. കൃത്യം 14 ലക്ഷത്തിനുതന്നെ പ്രിൻസ് വീടിന്റെ പണിയും തീർത്തു കൊടുത്തു. 

എഫ്എസിടിയിൽ സമരം നടന്ന സമയത്തു ജിപ്സം ബോർഡ് കിട്ടാനുള്ള കുറച്ചു കാലതാമസം മാറ്റി നിർത്തിയാൽ നാലു മാസംകൊണ്ടു വീടുപണി പൂർത്തിയായി. രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും ഡൈനിങ് ഏരിയയും ഉള്ള വീടാണിത്. 

മരത്തിന്റെ ഒരു കഷണം പോലും ഉപയോഗിക്കാതെയാണ് ഇവർ വീടു നിർമിച്ചിരിക്കുന്നത്. പ്ലൈവുഡിൽ തീർത്ത ടിവി സ്റ്റാൻഡ് മാറ്റിനിർത്തിയാൽ മറ്റു മരം ഒന്നും തന്നെയില്ല. പ്രധാന വാതിൽ സ്റ്റീൽ കൊണ്ടുള്ളതാണ്. ജനലും കട്ടിളകളും അലുമിനിയം, സ്റ്റീൽ എന്നിവയിലാണു ചെയ്തിരിക്കുന്നത്. നിലത്തു ടൈലിനു പകരം വിനൈൽ ഷീറ്റ് ഉപയോഗിച്ചിരിക്കുന്നു. 

എളുപ്പത്തിലുള്ള പെയിന്റിങ് ടെക്‌നിക്കിലാണു സുരേഷ് വീടു ഭംഗിയാക്കിയിരിക്കുന്നത്. കോമ്പൗണ്ട് വോൾ അടക്കം ബജറ്റിൽ നിർത്താനും കഴിഞ്ഞു.

ലളിതമായും ചെലവു കുറച്ചും എല്ലാ സൗകര്യങ്ങളോടു കൂടിയും ഒരു വീടുണ്ടാക്കാമെന്നതിന്റെ ഉത്തമ ഉദാഹണമാണു സുരേഷിന്റെ ഈ വീട്. മുകളിലേക്ക് ഒരു നില കൂടി പണിയുവാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ സുരേഷ്.