ഇരുപതു ലക്ഷത്തിന് രണ്ടുനില വീട്

പൂർണമായും ജിപ്സം ബോർഡ് ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ പണിതീർത്ത വീട്

കോട്ടയം മണിപ്പുഴയ്ക്കടുത്തു കടുവാക്കുളത്താണ് പൂർണമായും ജിപ്‌സം ബോർഡിൽ പണി പൂർത്തിയാക്കിയിരിക്കുന്ന ഈ വീട്. എല്ലാ സൗകര്യങ്ങളോടും കൂടി ചുരുങ്ങിയ ചെലവിൽ ആയിരിക്കണം വീട് എന്നായിരുന്നു വീട്ടുടമ  സിംസൺ സണ്ണിയുടെ ആഗ്രഹം. ചെലവു ചുരുക്കാനുള്ള മാർഗങ്ങളെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയതു ജിപ്സം ബോർഡ് കൊണ്ടു വീടു നിർമിക്കുന്ന പ്രിൻസ് ജേക്കബിന്റെ അടുത്താണ്. 

1530 സ്ക്വയർഫീറ്റിൽ മൂന്നു കിടപ്പുമുറികൾ ഉള്ള വീടായിരുന്നു സിംസണിന്റെ ആവശ്യം. രണ്ടു കിടപ്പുമുറികൾ താഴെയും ഒന്ന് മുകളിലുമായി സജ്ജീകരിച്ചു. ജിപ്സം ബോർഡ്കൊണ്ടു പണിതതിനാൽ ഭിത്തിക്കു വീതി കുറയും. അങ്ങനെ വീടിന്റെ അകത്തു കൂടുതൽ സ്ഥലം കിട്ടിയിട്ടുണ്ട്.

ഇലക്ട്രിക് വയർ ഫിറ്റിങ്ങുകളും സ്വിച്ചുകളും ബാത്റൂം ഫിറ്റിങ്സും കോയമ്പത്തൂരിൽ നിന്നു വാങ്ങിയതിനാൽ ബജറ്റിൽ നല്ലൊരു തുക ലാഭിക്കാൻ സാധിച്ചു.

ഈ വീടു വാർക്കാൻ മാത്രം ജിപ്സം ഉപയോഗിച്ചിട്ടില്ല. സാധരണ വാർക്കതന്നെയാണു ചെയ്തിരിക്കുന്നത്. ജിപ്സംബോർഡ്കൊണ്ടു വീടു വാർക്കുമ്പോൾ ജിപ്സം മുറിച്ച് അതിലാണു വാർക്ക ഇടുന്നത്. അങ്ങനെ മുറിച്ചു മാറ്റാതെ നേരിട്ടു വാർത്തു.വീട്ടിലെ കബോർഡുകൾ എല്ലാം തന്നെ ഫെറോ സിമന്റിൽ ആണ് ചെയ്തിരിക്കുന്നത്.

ബ്ലാക് ആൻഡ് വൈറ്റ് തീമാണ് ഹാളിനും ഡൈനിങ് ഏരിയയ്ക്കും പിന്തുടർന്നിരിക്കുന്നത്

വീടുപണിയുടെ ആദ്യഘട്ടം മുതൽത്തന്നെ ചെലവു കുറയ്ക്കാനായി എന്തെല്ലാം ചെയ്യാമെന്നു സിംസൺ അന്വേഷിച്ചിരുന്നു. അങ്ങനെയാണ് ഇലക്ട്രിക് വയർ ഫിറ്റിങ്ങുകളും സ്വിച്ചുകളും ബാത്റൂം ഫിറ്റിങ്സും കോയമ്പത്തൂരിൽനിന്നു വാങ്ങിയത്. അവിടെനിന്നു വാങ്ങി നാട്ടിലേക്കു കുറിയർ ചെയ്യുകയായിരുന്നു. അതുവഴി മൊത്തം ഇലക്ട്രിക്കൽ ജോലിയിൽ മുപ്പതു ശതമാനത്തോളം ലാഭമുണ്ടാക്കാൻ കഴിഞ്ഞു.

വീട്ടിലേക്കു ടൈൽ എടുത്തപ്പോഴും കമ്പനി സെക്കൻഡ്‌സ് ആണ് വാങ്ങിയത്. സെക്കൻഡ്‌സ് വാങ്ങുമ്പോൾ അതിൽ ചില ടൈലുകൾക്കു നിറവ്യത്യാസം ഉണ്ടാകുമെന്ന ഒരു കുഴപ്പമുണ്ട്. അത് ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് അങ്ങനെയുള്ള ടൈലുകൾ കട്ടിലിന്റെ അടിയിലേക്കും സോഫാ സെറ്റ് വരുന്ന ഭാഗത്തിന്റെ അടിയിലേക്കും മാറ്റി ഒട്ടിക്കാൻ ജോലിക്കാരോടു പറഞ്ഞു. മൂന്നോ നാലോ ടൈൽ അങ്ങനെ കാണാൻ പറ്റാത്ത വിധത്തിൽ ചെയ്തിട്ടുണ്ട്.

വീട്ടിലെ ഡൈനിങ് ടേബിൾ എക്സിബിഷനു കണ്ടു ബുക്ക് ചെയ്‌തു വാങ്ങി. മുകൾ നിലയിലെ ബുക്ക് ഷെൽഫ് ഓൺലൈനായി വാങ്ങിയതാണ്. അങ്ങനെ വീടുപണിയുടെ ഓരോ ഘട്ടത്തിലും നേരിട്ടു തീരുമാനങ്ങൾ എടുത്തത് വഴി സിംസൺ ചെലവ് കുറച്ചു.

ജിപ്സം ബോർഡ് കൊണ്ടുള്ള വീടുകൾക്ക് ബലവും ഉറപ്പുമൊക്കെ ഉണ്ടാകുമോ എന്ന് ചോദിക്കുന്നവരോട് 100 വർഷമാണ് ഇതിന്റെ ഗാരന്റി എന്നാണ് കോൺട്രാക്ടർ പ്രിൻസിന്റെ മറുപടി. 

Project Facts

Location- Kaduvakkulam, Kottayam

Area- 1530 SFT

Designer- Prince Jacob

Owner- Simson

Budget- 20 Lakh