'അങ്ങനെ ഞങ്ങളുടെ വ്യത്യസ്തമായ സ്വപ്നം പൂവണിഞ്ഞു'!

തൃശൂർ നെല്ലിക്കുന്നിലുള്ള ജോൺ ചിറ്റിലപ്പിള്ളിയുടെയും സിന്ധുവിന്റെയും വീടു നിർമാണ അനുഭവങ്ങൾ അറിയാം.

വ്യത്യസ്തതയോടാണ് എനിക്ക് എപ്പോഴും താൽപര്യം. അതുകൊണ്ടുതന്നെ, സാധാരണ കാണുന്നതുപോലുള്ള വീടുകൾ എന്നെ ആകർഷിക്കാറില്ലായിരുന്നു. വീടിന്റെ പ്ലാൻ സ്വന്തമായി തയാറാക്കാൻ കാരണം വ്യത്യസ്തതയോടുള്ള അടങ്ങാത്ത ആവേശം തന്നെ. ജോൺ ചിറ്റിലപ്പിള്ളി എന്ന ഞാൻ തൃശൂർ നെല്ലിക്കുന്നിലാണ് വീടു വച്ചത്. പതിമൂന്ന് സെന്റിൽ 4000 ചതുരശ്രയടിയുള്ള വീട്ടിൽ താമസം തുടങ്ങിയിട്ട് ഒരു വർഷമായി.

ഭംഗിയുള്ള വീടുവച്ചിട്ട് അതു മറയ്ക്കുന്ന മതിൽ പണിതിട്ടു കാര്യമില്ലല്ലോ. അതുകൊണ്ട് വീടിന്റെ മുൻഭാഗത്ത് വയർമെഷ് കൊണ്ടാണ് മതിൽ. തുറക്കാനുള്ള സൗകര്യത്തിന് മടക്കാവുന്ന ഗെയ്റ്റും പണിയിച്ചു. വീടിന്റെ ചുറ്റുമതിലിനുമുണ്ട് അൽപം വ്യത്യസ്തത. അടിത്തറയുടെ മുകളിൽ ലോഹത്തകിടുകൾ വച്ച്, ഇടയിൽ കോൺക്രീറ്റ് നിറച്ച് വാർക്കുകയാണു ചെയ്തത്. ഇഷ്ടികയോ കല്ലോ വച്ചു നിർമിച്ച മതിലിനേക്കാൾ ആയുസ്സ് കൂടുതലാണിതിന്. പുറത്ത് ടൈൽ ഒട്ടിച്ചതോടെ അറ്റകുറ്റപ്പണികളും കുറഞ്ഞു. മുറ്റത്തുതന്നെ കിണർ വന്നപ്പോൾ അതു മറയ്ക്കാൻ എന്തു ചെയ്യാം എന്നായി അടുത്ത ചിന്ത. കിണറിനോടു ചേർന്നുതന്നെ മഴവെള്ളം റീചാർജ് ചെയ്യാനുള്ള ചെറിയൊരു കിണറുമുണ്ട്. ഇവ രണ്ടിനും മുകളിൽ ഗ്രിൽ ഇട്ട് അവിടെ കാർ പാർക്കിങ്ങിന് സൗകര്യമൊരുക്കി. മൂന്നോ നാലോ കാറുകൾ ഒരേസമയം നിർത്തിയിടണമെങ്കിൽ അതിനുള്ള സംവിധാനമുണ്ട്. ആവശ്യമെങ്കിൽ L ആകൃതിയുള്ള, വിശാലമായ സിറ്റ്ഔട്ടിലേക്ക് കയറ്റിയും കാർ പാർക് ചെയ്യാം.

പൂന്തോട്ടത്തിലെ ഫൈബർ ശിൽപം

അഞ്ച് നിലവരെയാകാം

കോളം–ഫൂട്ടിങ് ശൈലിയിൽ അഞ്ച് നില കെട്ടിടത്തിനുള്ള അടിത്തറയാണ് പണിതത്. ഇപ്പോൾ ഇരുനില വീടാണെങ്കിലും ഭാവിയിൽ കൂട്ടിച്ചേർക്കാമല്ലോ. ഒറ്റനോട്ടത്തിൽ പ്രധാന വാതിലിന് പ്രത്യേകതയൊന്നും തോന്നില്ലെങ്കിലും അതിന്റെ കനത്തിൽനിന്ന് ഗുണമറിയാം. ഉള്ളിലെ ലോഹപ്പാളിയും ഇരുപുറത്തുമുള്ള പ്ലൈവുഡുമെല്ലാം ചേർന്ന് പ്രധാനവാതിലിന് കരുത്തേകുന്നു. വീടിന്റെ മുന്‍വശത്തെല്ലാം ബുള്ളറ്റ് പ്രൂഫ് ഗ്ലാസിട്ട വലിയ ഗ്ലാസ് ജാലകങ്ങളാണ്. ലിവിങ് റൂമിനെ പുറംലോകവുമായി ബന്ധിപ്പിക്കുക എന്ന ദൗത്യമാണ് ഈ ഗ്ലാസ് ജനലുകൾക്ക് നിർവഹിക്കാനുള്ളത്.

സ്വീകരണമുറിയുടെ ഇടത്തുള്ള വോൾപേപ്പർ പതിച്ച ഭിത്തിയിലാണ് ഷൂറാക്ക്. സോഫ, അകത്തളത്തിന്റെ നിറത്തിനനുയോജ്യമായി പണിയിച്ചു. റെക്സിൻ വൃത്തിയാക്കാൻ എളുപ്പമായതിനാൽ അപ്ഹോൾസ്റ്ററി എന്തുകൊണ്ടുവേണമെന്ന കൺഫ്യൂഷനേ ഉണ്ടായില്ല. അടുക്കളയിലേക്കും ഡൈനിങ് ഏരിയയിലേക്കും ആവശ്യാനുസരണം നീക്കാവുന്ന വിധത്തിൽ ഡിസൈൻ ചെയ്ത ഡൈനിങ് ടേബിൾ സ്ഥലനഷ്ടം പരിഹരിക്കാനുള്ള മാർഗം കൂടിയാണ്. അടുക്കളയെയും ഡൈനിങ് ഏരിയയെയും വേർതിരിക്കുന്ന ഭിത്തിയിലെ, കൗണ്ടറിലാണ് ഇതു ഘടിപ്പിച്ചിരിക്കുന്നത്. അതിഥികൾ വരുമ്പോൾ ഡൈനിങ് റൂമിലും അല്ലാത്തപ്പോൾ അടുക്കളയിലും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഡിസൈൻ.

നീളൻ അടുക്കളയാണ്. കൂടാതെ, നീക്കാവുന്ന ഒരു ഐലൻഡ് കിച്ചനുമുണ്ട്. ഫ്രിജിന്റെ പിൻഭാഗം സ്റ്റോറിലേക്ക് തള്ളിവയ്ക്കാവുന്ന വിധത്തിൽ, അടുക്കളയുടെയും സ്റ്റോറിന്റെയും ഭിത്തികൾക്കിടയിൽ കൊടുത്ത വിടവാണ് ഞങ്ങളുടെ മറ്റൊരു ആശയം. അടുക്കളയിൽ ഫ്രിജ് വയ്ക്കാനുള്ള ഇടം നഷ്ടമായില്ല എന്നതു മറ്റൊരു സ്പേസ് സേവിങ് ടെക്നിക്കാണ്.

പരമാവധി സ്റ്റോറേജ്

താഴെ മൂന്ന് കിടപ്പുമുറികളാണ്. ഇതിൽ കുട്ടികളുടെ മുറിക്ക് നിരക്കിനീക്കാവുന്ന വാതിലാണ് സ്ഥാപിച്ചത്. ആവശ്യാനുസരണം മടക്കിവയ്ക്കാവുന്ന കട്ടിലും മെസനൈൻ ഫ്ലോറും കിഡ്സ് റൂമിന്റെ പ്രത്യേകതയാണ്. മറ്റ് കിടപ്പുമുറികളിലും പരമാവധി സ്റ്റോറേജിനു സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

മാസ്റ്റർ ബെഡ്റൂമിലെ ടിവി സ്റ്റാൻഡ് ഒരു മൾട്ടിപർപ്പസ് സ്റ്റാൻഡ് ആണ്. ഇവിടം ഒന്നാന്തരം സ്റ്റോറേജ് ആണെന്നതിനു പുറമേ, സ്റ്റഡി ടേബിൾ ആയും കംപ്യൂട്ടർ ടേബിൾ ആയും അയണിങ് ടേബിളായുമൊക്കെ ഉപയോഗിക്കാം. കുളിച്ച് വസ്ത്രം ധരിച്ച് പുറത്തുകടക്കാവുന്നത്ര വിശാലമായാണ് ബാത്റൂമുകൾ ക്രമീകരിച്ചിരിക്കുന്നത്.

മുകളിലെ നിലയിൽ ഒരു കിടപ്പുമുറിയും ഹോംതിയറ്ററും വരാന്തയും മാത്രമേയുള്ളൂ. സ്വന്തമായി ഡിസൈൻ ചെയ്തതിനാൽ വളരെ കുറഞ്ഞ ചെലവിൽ ഹോംതിയറ്റർ പണി തീർന്നു. വീടിന്റെ ഇലക്ട്രിക്കൽ വർക്കുകൾ എല്ലാം സ്വന്തമായാണ് ചെയ്തത്. ലാംപ്ഷേഡുകളും കബോർഡുകളുമെല്ലാം സ്വന്തമായി ഡിസൈൻ ചെയ്തത് ചെലവു നിയന്ത്രിക്കാൻ സഹായിച്ചു. വാതിലുകളുടെ കാര്യവും അങ്ങനെത്തന്നെ. ബ്ലോക്ക് ബോർഡിനിരുവശത്തും പ്ലൈവുഡും മുകളില്‍ വെനീറുമൊട്ടിച്ചാണ് അകത്തെ മുറികളിലെ വാതിലുകളുടെ നിർമാണം. എല്ലാ വാതിലുകളുടെയും ഡിസൈൻ പ്രത്യേകതയുള്ളതാക്കാൻ ശ്രമിച്ചിട്ടുണ്ട്.

വയലറ്റ് ഇന്റീരിയർ

വയലറ്റ്, നീല, ചാര നിറങ്ങളാണ് മിക്ക ഭിത്തികൾക്കും നൽകിയിട്ടുള്ളത്. സാധാരണ വീടുകളിൽനിന്നു വ്യത്യസ്തമായി തടിയുടെ നിറമൊന്നും ഇവിടെ കാണാൻ സാധിക്കില്ല. ക്ലാഡിങ്ങും വോൾപേപ്പറുമൊക്കെ പല ഭിത്തികളും ഭംഗിയാക്കാന്‍ ഉപയോഗിച്ചു. എക്സ്റ്റീരിയറിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നുതന്നെ കോൺക്രീറ്റു കൊണ്ടു ചെയ്ത ക്ലാഡിങ്ങാണ്. അത് ഇവിടെ നിർമിച്ച് നിറം കൊടുക്കുകയായിരുന്നു. കുറച്ചധികം അധ്വാനവും സമയവും വീടുപണിക്ക് ചെലവഴിച്ചെങ്കിലും സ്വപ്നം സാക്ഷാൽകരിച്ചതിന്റെ സംതൃപ്തി ഞങ്ങൾക്കുണ്ട്.