Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാണ് ഇങ്ങനെ ഒരു വീട് ആഗ്രഹിക്കാത്തത്!

luxury-aluva-home ആഡംബര വീട് പണിയുമ്പോഴും പ്രകൃതിയെയും കാലാവസ്ഥയെയും കഴിവതും ഹനിക്കാതെയിരിക്കാം എന്ന മാതൃക കാണിച്ചു തരികയാണ് ഈ വീട്.

ആലുവയിലാണ് ഷിയാസ് അലിയുടെ വീട് തലയുയർത്തി നിലകൊള്ളുന്നത്. വിശാലമായ 50 സെന്റ് പ്ലോട്ടിൽ 4976 ചതുരശ്രയടിയിലാണ് കന്റെംപ്രറി ശൈലിയിൽ നിർമിച്ച വീട്. കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയെയും പ്ലോട്ടിന്റെ കിടപ്പിനെയും ഒപ്പം വീട്ടുകാരുടെ ആവശ്യങ്ങളെയും തൃപ്തിപ്പെടുത്തിയാണ് വീട് ഡിസൈൻ ചെയ്തത്. പുറത്തുള്ള പച്ചപ്പിനെയും കാറ്റിനെയും അകത്തേക്ക് ക്ഷണിച്ചുകൊണ്ട് പോവുകയാണ് ഈ വീട്ടിൽ. നമുക്ക് വീടിനകത്തേക്ക് പോയി അത് കാണാം. 

luxury-home-aluva-night

ഭൂമിയുടെ അല്പം ചരിഞ്ഞ സ്വാഭാവിക പ്രകൃതിക്ക് മാറ്റം വരുത്താതെയാണ് വീട് പണിതത്. സ്വകാര്യതയ്ക്കായി പ്രധാന ഇടങ്ങൾ പല ബ്ലോക്കുകളായി തിരിച്ചു. ഇതിനിടയ്ക്കായി കോമൺ സ്‌പേസ് നൽകി. വിശാലത തന്നെയാണ് ഈ വീടിന്റെ മുഖമുദ്ര. ഡബിൾ ഹൈറ്റിലും കൂടുതൽഉയരത്തിലാണ് പലയിടത്തും മേൽക്കൂര നിർമിച്ചത്. കാർ പോർച്ച് മുതൽ തുടങ്ങുന്നു ഉയരത്തിലെ കേമത്തം. പുറംഭിത്തികളിൽ കോൺട്രാസ്റ്റ് നൽകുന്നതിനായി സ്ളേറ്റ് സ്‌റ്റോൺ ക്ലാഡിങ് നൽകിയിട്ടുണ്ട്. വെന്റിലേഷനായി ഭിത്തികളിൽ ലൂവർ ഓപ്പണിങ്ങുകളും നൽകിയിട്ടുണ്ട്.

luxury-home-aluva-view

ഗെയ്റ്റിൽ നിന്നും പോർച്ച് വരെ ഡ്രൈവ് വേ ഒരുക്കി. പോർച്ചിൽ നിന്നും ഒരു ഫോയർ വഴിയാണ് അകത്തേക്ക് കയറുന്നത്. സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. ലിവിങ്, ഡൈനിങ്, കോർട്യാർഡ് എന്നിവയെല്ലാം പ്രധാന ഹാളിലായി സജ്ജീകരിച്ചു.

luxury-home-aluva-living

ധാരാളം തുറസായ ഇടങ്ങളും പച്ചപ്പും നിറയുന്നത് കൊണ്ട് വീടിനുള്ളിൽ എപ്പോഴും സുഖകരമായ അന്തരീക്ഷം നിലനിൽക്കുന്നു. ഗ്ലാസ് ജനാലകളിലൂടെ ധാരാളം പ്രകാശവും അകത്തെത്തുന്നു. ഇതിനാൽ പകൽസമയങ്ങളിൽ ലൈറ്റ് ഇടേണ്ട കാര്യവുമില്ല. വുഡൻ ഫ്ലോറിങ്ങിനൊപ്പം വുഡൻ ലാമിനേറ്റഡ് ടൈലുകളും നിലത്തു വിരിച്ചിരിക്കുന്നു. വുഡൻ ലാമിനേറ്റ് ഫിനിഷിലാണ് ഫർണിഷിങ് കൂടുതലും ചെയ്തത്.

luxury-home-courtyard

പത്തുപേർക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന ഊണുമേശയുടെ ഡിസൈൻ ശ്രദ്ധേയമാണ്. നാനോവൈറ്റ് കൊണ്ടാണിത് നിർമിച്ചത്. വീട്ടിൽ ഏറ്റവും ഹൃദ്യമായ അനുഭവം ഊണുമുറിയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതായിരിക്കും. ഇവിടെ വശത്തുള്ള ഭിത്തികൾ മുഴുവൻ ഗ്ലാസ് പാനലിങ് ആണ്. പുറത്ത് പാഷ്യോ നൽകി. നേരിട്ട് അടിക്കുന്ന വെയിലിനെ പ്രതിരോധിക്കാനായി ലൂവർ സീലിങ്ങുകളും നൽകി. രാവിലെയും വൈകിട്ടും പ്രകൃതി ഒരുക്കുന്ന മൂഡ് ലൈറ്റിങ് ആസ്വദിച്ചു കൊണ്ട് ഭക്ഷണം കഴിക്കാം.

luxury-home-aluva-dining

നടുമുറ്റമാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. പെബിളുകളും വുഡൻ ഡെക്കും സിറ്റിങ് സ്‌പേസും ഇവിടെ നൽകി. മുകളിലുള്ള ഓപ്പൺ സീലിങ്ങിലൂടെ ധാരാളം പ്രകാശം അകത്തേക്ക് വിരുന്നെത്തുന്നു. വീടിന്റെ പല ഇടങ്ങളിലും പച്ചപ്പ് കാണാം. ഇത് ഹൃദ്യമായ അനുഭവമാണ്.

luxury-home-court

നാലു കിടപ്പുമുറികളാണ് വീട്ടിൽ. താഴത്തെ നിലയിൽ മൂന്നും മുകളിൽ ഒന്നും. വിശാലത ഇവിടെയും ബാധകമാണ്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ ഇവിടെ സജ്ജീകരിച്ചു. വലിയ ബാത്റൂമുകൾ. ഡ്രൈ-വെറ്റ് ഏരിയകൾ വേർതിരിച്ചിരിക്കുന്നു.

വുഡൻ+ ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് ഗോവണി. ഗോവണി കയറി മുകളിൽ എത്തുമ്പോൾ അപ്പർ ലിവിങ് ഏരിയ കാണാം. ഗോവണിയുടെ കൈവരികളിൽ മുകൾനിലയ്ക്ക് ചുറ്റും തുടരുന്നുമുണ്ട്.

luxury-home-aluva-upper

വൈറ്റ് തീമിലാണ് മോഡുലാർ കിച്ചൻ. ഇവിടെ ബ്രേക്ക്ഫാസ്റ്റ് ടേബിൾ നൽകി. സമീപം വർക്കിങ് കിച്ചനുമുണ്ട്.

വിശാലമായ മുറ്റം മനോഹരമായി ലാൻഡ്സ്കേപ് ചെയ്തു. രാത്രിയിൽ ഹൈലൈറ്റർ വിളക്കുകൾ കണ്ണുതുറക്കുമ്പോൾ വീട് കാണാൻ പ്രത്യേക ഭംഗിയാണ്. ചുരുക്കത്തിൽ ആഡംബര വീട് പണിയുമ്പോഴും പ്രകൃതിയെയും കാലാവസ്ഥയെയും കഴിവതും ഹനിക്കാതെയിരിക്കാം എന്ന മാതൃക കാണിച്ചു തരികയാണ് ഈ വീട്.

luxury-home-garden

Project Facts

Location- Aluva, Ernakulam

Area- 4976 SFT

Plot- 50 cent

Owner- Shiyas Ali

Architect- Sebastian Jose

Silpi Architects, Thevara, Kochi

Ph- 0484- 2663448