Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വീട് കാണാൻ ആളുകൾ എത്തുന്നു, കാരണമുണ്ട്!

joe-home-ernakulam പ്രകൃതിയോട് ചേർന്ന് ഒരുക്കുന്ന വീടുകൾ ജീവിതത്തിൽ ഉടനീളം സന്തോഷവും സമാധാനവും നൽകും എന്നതിന് ഉദാഹരണമാണ് നഗരഹൃദയത്തിൽ നിർമിച്ച ലളിതസുന്ദരമായ ഈ വീട്.

റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കാൻ പാകത്തിൽ സ്വച്ഛസുന്ദരമായ ഒരുനില വീട്. അതായിരുന്നു തറവാട്ടുസ്വത്തായി ലഭിച്ച ഭൂമിയിൽ വീടുപണിയുമ്പോൾ ഡോക്ടർ ജോയിയുടെയും ഭാര്യയുടെയും സ്വപ്നം. എറണാകുളം നഗരഹൃദയത്തിൽ തന്നെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞുമാറി പൈപ്‌ലൈൻ റോഡിലാണ് വീട്. 17 സെന്റ് പ്ലോട്ടിൽ 2100 ചതുരശ്രയടിയിലാണ് കേരളശൈലിയുടെ ഭംഗിയും പുതിയകാല സൗകര്യങ്ങളുമുള്ള മനോഹരമായ ഈ വീട്.

joe-home-ernakulam-yard

തിരക്കുകൾ ഇല്ലാതെ പ്രകൃതിയുമായി ഇഴുകിച്ചേർന്നുള്ള ജീവിതമൊരുക്കും വിധമുള്ള ക്രമീകരങ്ങൾ ഇവിടെ ചെയ്തിട്ടുണ്ട്. പ്ലോട്ടിന്റെ സ്വാഭാവിക പ്രകൃതിക്ക് മാറ്റം വരുത്താതെയാണ് വീട് പണിതത്. മരങ്ങൾ നിലനിർത്തിയാണ് ലാൻഡ്സ്കേപ് ചെയ്തത്. വെള്ളം ഭൂമിയിലേക്ക് ഇറങ്ങുംവിധം പേവിങ് ടൈലുകൾ വിരിച്ചു. 

joe-home-courtyard

മേൽക്കൂരയിൽ നിന്നും തുടങ്ങുന്നു സവിശേഷതകൾ. ഇമ്പോർട്ടഡ് സ്പാനിഷ് ഓടുകളാണ് മേൽക്കൂരയിൽ വിരിച്ചത്. കൂടുതൽ ഈട്, ഭംഗി, നാടൻ ഓടുകളേക്കാൾ ചൂടിനെ ഫലപ്രദമായി പ്രതിരോധിക്കുന്നു എന്നിവയാണ് ഇതിന്റെ സവിശേഷത. സ്വാഭാവിക പ്രകാശം സമൃദ്ധമായി ലഭിക്കാൻ റൂഫിന്റെ മധ്യത്തിലായി പോളികാർബണേറ്റ് ഷീറ്റുകൾ വിരിച്ചു. എം എസ് ഫ്രയിമുകൾ കൊണ്ട് ഇവയ്ക്ക് സുരക്ഷയും ഒരുക്കി.

മുൻവശത്തെ ഭിത്തികൾക്ക് ക്ലാഡിങ് ടൈലുകൾ ഭംഗിയേകുന്നു. കാർ പോർച്ചും സിറ്റ്ഔട്ടും കടന്നാണ് അകത്തേക്ക് കയറുന്നത്. സെമി ഓപ്പൺ ശൈലിയിൽ ഒരുക്കിയ അകത്തളങ്ങൾ. പ്രകൃതിയിലേക്ക് തുറക്കുന്ന, പരിപാലനം എളുപ്പമാക്കുന്ന അകത്തളങ്ങൾ ഒരുക്കി എന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്. വർഷത്തിൽ ഉടനീളം സുഖകരമായ കാലാവസ്ഥ വീടിനുള്ളിൽ നിലനിൽക്കുന്നു. കടുംനിറങ്ങളുടെ സാന്നിധ്യമില്ല ഉള്ളിൽ. വൈറ്റ്, ക്രീം നിറങ്ങളാണ് ചുവരുകളിൽ നൽകിയത്. വാം ടോൺ തീം ഉള്ളിൽ പ്രസന്നത നിറയ്ക്കുന്നു.

joe-hall

വാതിൽ തുറന്നാൽ വശത്തായി സ്വീകരണമുറി. ഇവിടെ നിന്നും കോർട്യാർഡിലേക്ക് ചെറിയൊരു സെമി പാർടീഷൻ വോൾ നൽകിയിട്ടുണ്ട്. പ്ലൈ, ലാമിനേറ്റ് ഫിനിഷിലാണ് ഫർണിഷിങ്. വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചത്.

joe-house-courtyard

നടുമുറ്റമാണ് ഇന്റീരിയറിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. മുകളിലെ സ്‌കൈലൈറ്റ് വഴി ഇവിടേക്ക് ധാരാളം വെളിച്ചം വിരുന്നെത്തുന്നു. നിലത്ത് സിന്തറ്റിക് ടർഫ് വിരിച്ചു. കോർട്യാർഡിനു സമീപമുള്ള ഭിത്തി ഹൈലൈറ്റ് ചെയ്ത് പ്രെയർ സ്‌പേസ് ആക്കിമാറ്റി.

joe-home-dining

ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. വീടിനുള്ളിൽ ഒരു ആമ്പൽക്കുളം വേണം എന്ന ഗൃഹനാഥയുടെ ആവശ്യവും ആർക്കിടെക്ട് സാധിച്ചു കൊടുത്തു. ഡൈനിങ്ങിനു സമീപം ചെറിയ കുളം കാണാം. ഇതിലേക്ക് വെയിൽ അടിക്കാൻ പാകത്തിൽ ലൂവർ ജനാലകളും നൽകി.

joe-home-pool

മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം നൽകി. ലളിതമായ അടുക്കള. ലാമിനേറ്റ്, ഗ്ലാസ് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിന് ഗ്രാനൈറ്റ് വിരിച്ചു. മുകളിലെ ട്രസ് റൂഫിന് താഴെയുള്ള സ്‌പേസ് ഒരു സെർവന്റ് റൂം ആക്കി മാറ്റിയിട്ടുമുണ്ട്.

joe-home-kitchen

വീടിനു പിറകുവശത്തായി സോളാർ പാനലുകൾ നൽകിയിട്ടുണ്ട്. വീട്ടിലേക്കുള്ള വൈദ്യുതിയുടെ നല്ലൊരു പങ്കും ഇവിടെനിന്നു ലഭിക്കും. 

രാത്രി വിളക്കുകൾ കൂടി തെളിയുമ്പോൾ വീടിനു വല്ലാത്തൊരു ഭംഗിയാണ്. വീട് പണിയുമ്പോൾ ആ വീട് നമ്മളെ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഓർക്കണം. അങ്ങനെ ഒരുക്കുന്ന വീടുകൾ ജീവിതത്തിൽ ഉടനീളം സന്തോഷവും സമാധാനവും നൽകും എന്നതിന് ഉദാഹരണമാണ് നഗരഹൃദയത്തിൽ നിർമിച്ച ലളിതസുന്ദരമായ ഈ വീട്. നിരവധി സന്ദർശകരാണ് വീടിന്റെ ഭംഗിയിൽ ആകൃഷ്ടരായി ഇവിടേക്ക് എത്തിയത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വീടിന്റെ വിശേഷങ്ങളറിയാൻ ഇപ്പോഴും തിടുക്കമാണത്രെ... 

joe-house-night

Project Facts

Location- Pipeline Road, Ernakulam

Area- 2100 SFT

Plot- 17 cents

Owner- Dr. Joe

Architect- Sebastian Jose

Silpi Architects, Thevara, Kochi

Ph- +91-484-2663448 / 2664748