ചൂടുകാലത്ത് പോലും ഇവിടെ ഫാനും എസിയും വേണ്ട!, കാരണം...

വേമ്പനാട് കായലിൽ നിന്നും വീശി വരുന്ന കുളിർക്കാറ്റ് വീടിനകത്തും പരിസരങ്ങളിലും അലസമായി പരിലസിക്കുന്നു. ചൂടുകാലത്ത് പോലും വീടിനകത്ത് ഫാനിന്റേയും ഏസിയുടെയോ ആവശ്യമില്ല. ജാലകങ്ങൾ തുറന്നിട്ടാൽ മാത്രം മതി.

ആലപ്പുഴ ചേർത്തലയിൽ വേമ്പനാട് കായലിന്റെ തീരത്താണ് ഈ മനോഹര ഗൃഹം സ്ഥിതി ചെയ്യുന്നത്. 25 സെന്റിൽ 5600 ചതുരശ്രയടിയാണ് വിസ്തീർണം. വേമ്പനാട് കായലിന്റെ സൗന്ദര്യം പരമാവധി ആസ്വദിക്കത്തക്ക വിധമാണ് വീടിന്റെ ഡിസൈൻ. വീട്ടിലെ ഒട്ടുമിക്ക ഇടങ്ങളും കായൽക്കാഴ്ചകളിലേക്ക് തുറക്കുന്ന ജാലകങ്ങൾ കാണാം.

സമകാലിക പരമ്പരാഗത ശൈലികളുടെ മിശ്രണമാണ് എലിവേഷൻ. പുറംഭിത്തികളിൽ നാച്വറൽ സ്‌റ്റോൺ ക്ലാഡിങ് പതിപ്പിച്ച ഭിത്തികൾ കാണാം.

ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കാൻ രണ്ടു കോർട്യാർഡുകൾ അകത്തളങ്ങളിൽ ഒരുക്കിയിരിക്കുന്നു. വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. വേർതിരിവ് നൽകാൻ വുഡൻ ലാമിനേറ്റ് ടൈലുകളും വിരിച്ചു. ഫർണിച്ചറുകൾ മിക്കവയും ചൈനയിൽ പോയി വാങ്ങിക്കൊണ്ടുവന്നതാണ്. ചിലത് ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്തെടുത്തു.

സ്വീകരണമുറിക്ക് സമീപമാണ് ആദ്യത്തെ നടുമുറ്റം. ഇതിൽ വുഡൻ ഡെക്ക് നൽകി ഉയർത്തിയെടുത്തു. ഇവിടെ ഇരിപ്പിടങ്ങളും നൽകി. 

ഊണുമുറി ഡബിൾ ഹൈറ്റിലാണ്. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇതിനു സമീപമാണ് രണ്ടാമത്തെ കോർട്യാർഡ് സ്‌പേസ്. 

വുഡും ടഫൻഡ് ഗ്ലാസും കൊണ്ടാണ് ഗോവണി. ഇതിന്റെ താഴെയായി വാഷ് ഏരിയ ക്രമീകരിച്ചു. ഒന്നാം നിലയുടെ ലിന്റൽ ലെവലിൽ ചെറിയൊരു മെസനൈൻ ഫ്ലോർ നിർമിച്ചു ബാർ കൗണ്ടറും സജ്ജീകരിച്ചു. എം എസ് ട്രസ് ചെയ്ത് പ്ലൈ ലാമിനേറ്റ് ഫിനിഷിലാണ് സീലിങ്. 

നാലു കിടപ്പുമുറികളാണ് വീട്ടിൽ. വിശാലമായ കിടപ്പുമുറികളാണ് ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും ഒരുക്കിയിരിക്കുന്നു. എല്ലാ മുറികളിൽ നിന്നും കായൽക്കാഴ്ചകളിലേക്ക് തുറക്കുന്ന ഗ്ലാസ് ജാലകങ്ങൾ നൽകിയിരിക്കുന്നു. ആധുനിക സൗകര്യങ്ങൾ സമ്മേളിക്കുന്ന മോഡേൺ കിച്ചൻ. സമീപം വർക്ക് ഏരിയയുമുണ്ട്.

രണ്ടാം നിലയിൽ ഒരു ടെറസ് ഗാർഡൻ സജ്ജീകരിച്ചിരിക്കുന്നു. സിന്തറ്റിക് ടർഫ് വിരിച്ച ഇവിടെ സിറ്റിങ് സ്‌പേസും നൽകിയിരിക്കുന്നു. ഇവിടെ ഇരുന്നും കായൽക്കാഴ്ചകൾ ആസ്വദിക്കാം.

വീടിന്റെ വശത്തായി L ഷേപ്ഡ് വരാന്ത നൽകി. ഇത് വീടിന്റെ പിന്നിലേക്കും തുടരുന്നു. ഇതിനു സമീപം ഒരു സ്വിമ്മിങ് പൂൾ സജ്ജീകരിച്ചു. താഴത്തെ ഒരു കിടപ്പുമുറിയിൽ നിന്നും ഇവിടേക്ക് പ്രവേശിക്കാൻ പാകത്തിൽ ഗ്ലാസ് ജനാലകൾ നൽകിയിരിക്കുന്നു. 

വീടിന്റെ പിൻവശത്തായി വിശാലമായ പുൽത്തകിടി കാണാം. ചെറിയ പാർട്ടികളും മറ്റും നടത്താൻ ഓഡിറ്റോറിയം നോക്കി പോകേണ്ട കാര്യമില്ല. കായലിന്റെ കാഴ്ചകൾ ആസ്വദിച്ച് കുടുംബാംഗങ്ങൾക്ക് ഇവിടെ ഒത്തുകൂടാം.

വേമ്പനാട് കായലിൽ നിന്നും വീശി വരുന്ന കുളിർക്കാറ്റ് വീടിനകത്തും പരിസരങ്ങളിലും അലസമായി പരിലസിക്കുന്നു. ചൂടുകാലത്ത് പോലും വീടിനകത്ത് ഫാനിന്റേയും ഏസിയുടെയോ ആവശ്യമില്ല. ജാലകങ്ങൾ തുറന്നിട്ടാൽ മാത്രം മതി.

Project Facts

Location- Cherthala, Alappuzha

Area- 5600 SFT

Plot- 25 cents

Owner- Vinod Kumar

Architect- Sebastian Jose

Silpi Architects, Thevara, Kochi

Ph- +91-484-2663448 / 2664748